എക്‌സിറ്റ് പോള്‍ ആലപ്പുഴയില്‍ തെറ്റുമെന്ന് ഷാനിമോള്‍ ഉസ്മാന്‍, ഇടതുപക്ഷം എക്‌സിറ്റ് പോളിനെ സ്വാധീനിച്ചിട്ടുണ്ടാകും 

എക്‌സിറ്റ് പോള്‍ ആലപ്പുഴയില്‍ തെറ്റുമെന്ന് ഷാനിമോള്‍ ഉസ്മാന്‍, ഇടതുപക്ഷം എക്‌സിറ്റ് പോളിനെ സ്വാധീനിച്ചിട്ടുണ്ടാകും 

ആലപ്പുഴ മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനുമോള്‍ ഉസ്മാന്‍. സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. സ്ഥാനാര്‍ത്ഥിയായതിനാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥിതി വിലയിരുത്തിയിട്ടില്ല. ആലപ്പുഴ കേന്ദ്രീകരിച്ച് മാത്രമാണ് തിരഞ്ഞെടുപ്പ് കാലത്ത് നിന്നത്. ഒരു എക്‌സിറ്റ് പോള്‍ മാത്രമാണ് ഇടത് വിജയം പറഞ്ഞിരിക്കുന്നത്. മൂന്ന് ശതമാനം വോട്ട് വ്യത്യാസമാണ് എക്‌സിറ്റ്‌പോളിലുള്ളത്. ആലപ്പുഴ യുഡിഎഫ് നിലനിര്‍ത്തുമെന്നുള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴുള്ള പ്രതികരണം ആവര്‍ത്തിക്കുകയാണ്. മന്ത്രിമാരുടെ ജില്ലയായതിനാല്‍ എക്‌സിറ്റ് പോളിനെ സ്വാധീനിച്ചിരിക്കാമെന്നും ഷാനിമോള്‍ ഉസ്മാന്‍ ദ ക്യുവിനോട് പറഞ്ഞു.

ആലപ്പുഴയില്‍ എല്‍ഡിഎഫ് 45 ശതമാനവും യുഡിഎഫ് 42 ശതമാനവും വോട്ട് നേടുമെന്നാണ് മാതൃഭൂമി എക്‌സിറ്റ് പോളില്‍ പറയുന്നത്. ബിജെപിക്ക് പത്ത് ശതമാനം വോട്ട് ലഭിക്കും.

ആലുപ്പഴയില്‍ ഫോട്ടോ ഫിനിഷാണെന്നാണ് മനോരമ ന്യൂസ്- കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥി എ എം ആരിഫ് എം എല്‍ എക്ക് നേരിയ മുന്‍തൂക്കം ഈ സര്‍വേ പ്രവചിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നും എത്തിയ മുന്‍ പി എസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി.

തിരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സര്‍വേകളിലും ഇടതുപക്ഷത്തിനായിരുന്നു ആലപ്പുഴയില്‍ മുന്‍തൂക്കം പ്രവചിച്ചിരുന്നത്. ഇടത് സ്ഥാനാര്‍ത്ഥി എ എം ആരിഫിന്റെ ജനകീയതയാണ് യുഡിഎഫിന്റെ സീറ്റ് നിലനിര്‍ത്താനുള്ള സാധ്യത മങ്ങാന്‍ കാരണായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്ത് യുഡിഎഫ് തംരഗമുണ്ടെങ്കില്‍ ഷാനി മോള്‍ ഉസ്മാന്‍ വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ശബരിമല കര്‍മ്മ സമിതി നേതാവാണ് സ്ഥാനാര്‍ത്ഥിയെങ്കിലും പാര്‍ട്ടി വോട്ടുകള്‍ യുഡിഎഫിലേക്ക് പോയിട്ടുണ്ടെന്നാണ് ബിജെപിയുടെയും വിലയിരുത്തല്‍.

1977 മുതല്‍ നടന്ന പതിനൊന്ന് തിരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് എല്‍.ഡി.എഫ് വിജയിച്ചിട്ടുള്ളത്. ആദ്യ തിരഞ്ഞെടുപ്പില്‍ വി.എം സുധീരന്‍ ഇ.ബാലാനന്ദനെ പരാജയപ്പെടുത്തി. 1980 ല്‍ സുശീല ഗോപാലനിലൂടെ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു. 1984ല്‍ വക്കം പുരുഷോത്തമന്‍ സുശീല ഗോപാലനെ പരാജയപ്പെടുത്തി. 199ല്‍ ടി.ജെ ആഞ്ചലോസും 2004ല്‍ കെ.എസ് മനോജും മണ്ഡലം ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നു. 2009ല്‍ കെ.എസ് മനോജിനെ പരാജയപ്പെടുത്തിയ കെ.സി. വേണുഗോപാല്‍ 2014ലും വിജയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in