പിണറായിയെ വിമര്‍ശിക്കുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് നിങ്ങളാണെന്നറിയാമെന്ന് പി.ജയരാജനോട് വി.മുരളീധരന്‍

പിണറായിയെ വിമര്‍ശിക്കുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് നിങ്ങളാണെന്നറിയാമെന്ന് പി.ജയരാജനോട് വി.മുരളീധരന്‍

കേന്ദ്രമന്ത്രി വി.മുരളീധരനും സിപിഐഎം നേതാവ് പി.ജയരാജനും തമ്മിലുള്ള വാക് പോര് തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ആരോപണ പ്രത്യാരോപണത്തിന് തുടക്കം. മുഖ്യമന്ത്രിയെ കൊവിഡിയറ്റ് എന്ന് മുരളീധരന്‍ പരിഹസിച്ചിരുന്നു. മുരളീധരന്‍ കാക്കി ട്രൗസര്‍ ഇട്ട നടന്ന കാലത്ത് നയനാരെ ഘരാവോ ചെയ്തെന്ന് പി.ജയരാജന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയിരുന്നു. പിണറായി വിജയനെ ഞാന്‍ വിമര്‍ശിക്കുമ്പോള്‍ ഉള്ളില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് പി.ജയരാജനെന്ന് തനിക്കറിയാമെന്നും വി.മുരളീധരന്‍.

ശ്രീ. പി.ജയരാജനോട്….

‘ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത അപകടമാണെന്ന്’ പറഞ്ഞിട്ടുള്ളത് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്നെയാണ്…താങ്കളെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ അജ്ഞത അപകടം മാത്രമല്ല, അപമാനവും കൂടിയാണ്..ഞാന്‍ മുമ്പ് ഇ.കെനായനാരെ ഉപരോധിച്ചെന്നും നായനാര്‍ എന്നെ വിരട്ടിയോടിച്ചെന്നുമെല്ലാം താങ്കള്‍ ഫേസ് ബുക്കില്‍ എഴുതിക്കണ്ടു…1980 നവംബര്‍ 12ന് എബിവിപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ശ്രീ നായനാരെ ഘെരാവോ ചെയ്തു എന്നത് വസ്തുതയാണ്..അതില്‍ ഞാനുണ്ടായിരുന്നില്ല, മറിച്ച് നിങ്ങള്‍ കള്ളക്കേസില്‍ക്കുടുക്കി ജയിലില്‍ അടച്ച എന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരളമുഖ്യമന്ത്രിയെ എബിവിപി പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തത്…

ഒരു മുഖ്യമന്ത്രി അത്തരത്തില്‍ ഘെരാവോ ചെയ്യപ്പെട്ടത് ആദ്യമായായിരുന്നു…കേരളത്തിലെത്തിയാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം എന്നാണ് നായനാര്‍ പറഞ്ഞത്….. പോലീസെത്തി എബിവിപിപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി…മുഖ്യമന്ത്രിയായ തനിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയാത്തതില്‍ ശ്രീ നായനാര്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയോട് പരാതിപ്പെടുകയും ചെയ്തു….എനിക്കെതിരായ നായനാര്‍ സര്‍ക്കാരിന്‍റെ കേസുകളെല്ലാം പിന്നീട് കോടതി തള്ളിക്കളഞ്ഞു…ഘെരാവോ എന്നവാക്ക് ഓക്സ്ഫഡ് ഡിക്ഷ്ണറിക്ക് സംഭാവന ചെയ്തു എന്ന് അഭിമാനിച്ച താങ്കളുടെ പാര്‍ട്ടി തന്നെ പിന്നീട് ഘെരാവോ എന്ന സമരമുറയെ തള്ളിപ്പറഞ്ഞു…ഘെരാവോ ജനാധിപത്യവിരുദ്ധമാണെന്ന് ശ്രീ.ബുദ്ധദേവ് ഭട്ടാചാര്യ പ്രഖ്യാപിച്ചതും ഇന്ത്യ കണ്ടു…..നിങ്ങളുടെ കള്ളക്കേസ് മൂലം, ‘പിന്‍വാതില്‍ വഴിയല്ലാതെ ‘ നേടിയ സര്‍ക്കാര്‍ ഉദ്യോഗത്തിൽ ദീർഘകാലം ഞാൻ സസ്പെൻഷനിലാവുകയും ചെയ്തു…. ഇതാണ് ചരിത്രം….

താങ്കള്‍ക്ക് പുസ്തകമാണോ വടിവാളാണോ കൂടുതല്‍ താല്‍പര്യമെന്നറിയില്ല…പുസ്തകമാണ് താല്‍പര്യമെങ്കില്‍ ഞാന്‍ ഈ പറഞ്ഞ സംഭവം ഇടതുസഹയാത്രികനായ ശ്രീ ചെറിയാന്‍ ഫിലിപ്പിന്‍റെ ‘കാല്‍ നൂറ്റാണ്ട് ‘ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്…അതല്ലെങ്കില്‍ ശ്രീ കെ.കുഞ്ഞിക്കണ്ണന്‍ എഴുതിയ കെ.ജി മാരാരുടെ ജീവചരിത്രത്തിലും പറയുന്നുണ്ട്,….ഇന്ത്യന്‍ എക്സ്പ്രസ് പത്രം അന്നത് റിപ്പോര്‍ട്ട് ചെയ്തത് ഈയിടെ അവര്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു…”ബിജെപിയും ആര്‍എസ്എസുംചരിത്രത്തെ വളച്ചൊടിക്കുന്നു” എന്ന് ആരോപിക്കുന്ന താങ്കളെപ്പോലുള്ളവര്‍ എങ്ങനെയാണ് ചരിത്രത്തോട് അനീതി കാട്ടുന്നത് എന്നതിന്‍റെ നേര്‍സാക്ഷ്യമാണ് എന്നെക്കുറിച്ചുള്ള പോസ്റ്റ്…താങ്കള്‍ എന്നെപ്പറ്റി നടത്തിയ വ്യക്തിപരമായ മറ്റ് പരാമര്‍ശങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി പറയാന്‍ എന്‍റെ സംസ്ക്കാരം അനുവദിക്കുന്നുമില്ല…

ഒന്നു മാത്രം പറയാം..വി.മുരളീധരന്‍ ആകാശത്തു നിന്ന് പൊട്ടിവീണതല്ല…തലശേരിയില്‍ നിന്നാണ് എബിവിപി പ്രവര്‍ത്തകനായത്…മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ വെല്ലുവിളികളെയും നേരിട്ട് തന്നെയാണ് ഇവിടെവരെ എത്തിയതും…ഇതെല്ലാം പാടിപ്പുകഴ്ത്താന്‍ ‘വി.എം ആര്‍മി’ എന്ന പേരില്‍ പാണന്‍മാരെ ഇറക്കാന്‍ മാത്രം അല്‍പത്തരം ഇല്ലന്നേയുള്ളൂ…പിണറായി വിജയനെ ‍ഞാന്‍ വിമര്‍ശിക്കുമ്പോള്‍ ഉള്ളില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് താങ്കളെന്ന് അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ….എന്നെ പ്രകോപിപ്പിക്കണമെന്നില്ല…വിമര്‍ശിക്കേണ്ടവരെ തക്കസമയത്ത് വിമര്‍ശിക്കുക തന്നെ ചെയ്യും…..

Related Stories

No stories found.
logo
The Cue
www.thecue.in