നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചു; തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ ശിക്ഷാനടപടി 

നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചു; തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ ശിക്ഷാനടപടി 

കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് മൊഹ്‌സിനെതിരെയാണ് നടപടി.

ഭുവനേശ്വര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ചൊവ്വാഴ്ച സമ്പല്‍പൂരിലായിരുന്നു സംഭവം. കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് മൊഹ്‌സിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇദ്ദേഹം 1996 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. അടിയന്തര അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാവലിക്ക് വിരുദ്ധമായ നടപടിയാണ് ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടായതെന്നാണ് കമ്മീഷന്റെ വിശദീകരണം. അടിയന്തര പരിശോധനയെ തുടര്‍ന്ന് പ്രധാനമന്ത്രി 15 മിനിട്ട് വൈകുന്ന സാഹചര്യമുണ്ടായെന്നും കമ്മീഷന്‍ വിശദീകരിച്ചു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ഹെലികോപ്റ്റര്‍ റൂര്‍ക്കേലയിലും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്റര്‍ സമ്പല്‍പ്പൂരിലും സമാന രീതിയില്‍ ചൊവ്വാഴ്ച പരിശോധിച്ചിരുന്നു. ഫ്‌ളൈയിങ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഒരു പെട്ടിയിറക്കി സ്വകാര്യ കാറില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ്, അന്വേഷണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധിക്കുന്നതും അച്ചടക്ക നടപടിയുണ്ടായതും.

Related Stories

No stories found.
logo
The Cue
www.thecue.in