ബിജെപിയോട് ഇടയാന്‍ മടിയില്ലെന്ന് സൂചിപ്പിച്ച് നിതീഷ്, ‘പ്രഗ്യയെ പുറത്താക്കണം, ഗോഡ്‌സെ പരാമര്‍ശം ക്ഷമിക്കാനാവില്ല’

ബിജെപിയോട് ഇടയാന്‍ മടിയില്ലെന്ന് സൂചിപ്പിച്ച് നിതീഷ്, ‘പ്രഗ്യയെ പുറത്താക്കണം, ഗോഡ്‌സെ പരാമര്‍ശം ക്ഷമിക്കാനാവില്ല’

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയോട് ഇടയാന്‍ മടിയില്ലെന്ന സൂചന നല്‍കി ജെഡിയു നേതാവ് നിതീഷ് കുമാര്‍. ഭോപ്പാലില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച പ്രഗ്യാ സിങ് ഠാക്കൂറിനെ ഗോഡ്‌സെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ച നടപടി അംഗീകരിക്കാനാകില്ലെന്നാണ് നിതീഷ് കുമാര്‍ തീര്‍ത്തുപറഞ്ഞത്. ക്ഷമിക്കാനാവില്ല ഗോഡ്‌സെയെ കുറിച്ചുള്ള പരാമര്‍ശമെന്നും ബിഹാര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ വിമര്‍ശനം കടുത്തതോടെ പ്രഗ്യയുടെ പരാമര്‍ശത്തെ നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും വിമര്‍ശിച്ചിരുന്നു. ഗാന്ധിയെ കുറിച്ച് പറഞ്ഞതിന് മാപ്പില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം. ഗാന്ധിജി പാകിസ്താന്റെ രാഷ്ട്രപിതാവാണെന്ന് പറഞ്ഞ നേതാവ് അനില്‍ സൗമിത്രയെ ബിജെപി പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കിയിരുന്നു.

മാലേഗാവ് സ്‌ഫോടനകേസ് പ്രതിയായ പ്രഗ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് വ്യാപക വിമര്‍ശനം നേരിടേണ്ടി വന്നിട്ടും ബിജെപിക്ക് അത് വിഷയമായിരുന്നില്ല. പ്രചാരണത്തിനിടയിലും വിവാദങ്ങള്‍ ഉണ്ടായി. മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊന്നത് ഒരു ഹിന്ദു തീവ്രവാദിയാണെന്നും ഗോഡ്‌സെയെന്നാണ് അയാളുടെ പേരെന്നുമുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടിയായാണ് ഗോഡെസെ രാജ്യസ്‌നേഹിയാണെന്ന പ്രഗ്യയുടെ പ്രതികരണം.

പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വിമര്‍ശനത്തിന് ഒടുവില്‍ പ്രഗ്യ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിരുന്നു. വിഷയം പാര്‍ട്ടിക്കുള്ളിലെ കാര്യമാണെന്നും എന്നാല്‍ രാഷ്ട്രപിതാവായ ഗാന്ധിജിയെ കുറിച്ച് പറയുന്നത് കേട്ടുനില്‍ക്കാനാവില്ലെന്നുമാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ നിലപാട്.

താന്‍ മൂന്ന് കാര്യങ്ങളോട് സന്ധി ചെയ്യില്ലെന്നും അത് കുറ്റകൃത്യങ്ങളോടും അഴിമതിയോടും വര്‍ഗീയതയോടുമാണെന്നും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പറഞ്ഞു.

ബിജെപിയോട് പൂര്‍ണമായ വിധേയത്വം കാണിച്ചിരുന്ന നിതീഷ് കുമാര്‍ കശ്മീര്‍ അടക്കം വിഷയങ്ങളില്‍ ബിജെപി സമീപനത്തില്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വോട്ടെണ്ണല്‍ ആകുമ്പോഴേക്കും ആവശ്യമെങ്കില്‍ ഇടയാന്‍ മടിക്കില്ലെന്ന സൂചനയാണ് നിതീഷ് കുമാര്‍ നല്‍കുന്നത്.

നേരത്തെ മഹാസഖ്യത്തെ പിന്നില്‍ നിന്ന് കുത്തിയാണ് നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തിലെത്തിയത്. അവസരവാദിയെന്ന ദുഷ്‌പേര് എല്ലാ കാലത്തും സൂക്ഷിച്ചിട്ടുള്ള നിതീഷ് കുമാറിനെ സംശയത്തോടെ തന്നെയാണ് ബിജെപിയും വീക്ഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in