സിപിഎം കയ്യൊഴിഞ്ഞാലും മുന്നോട്ട് പോകും, മുഖ്യമന്ത്രിയെ തിരുത്താനാണ് പാര്‍ട്ടിയുടെ ശ്രമം- പുന്നല ശ്രീകുമാര്‍  

സിപിഎം കയ്യൊഴിഞ്ഞാലും മുന്നോട്ട് പോകും, മുഖ്യമന്ത്രിയെ തിരുത്താനാണ് പാര്‍ട്ടിയുടെ ശ്രമം- പുന്നല ശ്രീകുമാര്‍  

ശബരിമല വിധിയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ പ്രതിരോധിച്ചത് നവോത്ഥാന സംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തിയാണ്. 174 ഹിന്ദു സമുദായ സംഘടനകളാണ് കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിനെ നവോത്ഥാന സംരക്ഷണ സമിതിയും കൈവിടുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ നിലപാട് വ്യക്തമാക്കുന്നു.

Q

നവോത്ഥാന സംരക്ഷണ സമിതിയുമായി മുന്നോട്ട് പോകില്ലെന്ന നിലപാടിലേക്ക് എത്തുന്നത് എന്തുകൊണ്ടാണ്

A

നവോത്ഥാന സംരക്ഷണ സമിതി ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് രൂപപ്പെടുന്നത്. 174 സംഘടനകള്‍ ആദ്യഘട്ടത്തിലുണ്ടാരുന്നു. പിന്നീട് അഞ്ചാറ് സംഘടനകള്‍ കൂടി ഇതിന്റെ ഭാഗമായി. സമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ വലിയ മുന്നേറ്റം സാധ്യമായി. വനിതാ മതില്‍ ഉള്‍പ്പെടെയുള്ള ക്യാംപെയിനുകള്‍ നടത്താന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിലയിരുത്തല്‍ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശബരിമല വിഷയത്തില്‍ എടുത്ത നിലപാടാണ് തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തിയതായി കണ്ടു. അതുകൊണ്ടാണ് ഞങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സാമൂഹ്യ വിപ്ലവം നയിക്കുമ്പോള്‍ തിരിച്ചടി ഉണ്ടായേക്കും. തിരഞ്ഞെടുപ്പ് വിജയം സാങ്കേതികമാണ്. സീറ്റുകളുടെ ഏറ്റക്കുറച്ചിലുകള്‍ സമൂഹത്തിലുണ്ടാക്കുന്ന പരിഷ്‌കാരങ്ങളുമായി തുലനം ചെയ്യരുതെന്നാണ് ഞങ്ങളുടെ നിലപാട്. ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും കടന്നു കയറാന്‍ കഴിയാത്ത സംസ്ഥാനമായി കേരളം ഇപ്പോഴും നില്‍ക്കുന്നത് നാം മുന്നോട്ട വച്ച ആശയങ്ങളുടെയും നടത്തിയ പോരാട്ടങ്ങളുടെയും ഫലമായി വിലയിരുത്തേണ്ടതുണ്ട്. അതൊക്കെ കാണാതെ ശബരിമല വിഷയമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് സിപിഎമ്മും സര്‍ക്കാറും കരുതുന്നുണ്ടെങ്കില്‍ സമിതിയുമായി മുന്നോട്ട് പോകുന്നതില്‍ കാര്യമില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ മനസിലാകും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരമുണ്ടായിട്ടുണ്ടെന്നത്. പിന്നെ രാഹുല്‍ഗാന്ധി കേരളത്തിലേക്ക് മത്സരിക്കാനെത്തുന്ന സാഹചര്യമുണ്ടായി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുന്ന സര്‍ക്കാറുണ്ടാകുമെന്ന പ്രചരണമുണ്ടായപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയാണ് പ്രതിഫലിച്ചത്.

ഒരു രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സമിതിയെ മുന്നോട്ട് നയിക്കാന്‍ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇങ്ങനെയൊരു വിലയിരുത്തലിലേക്ക് എത്തിച്ചേരുമ്പോള്‍, സമിതിയുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ല.


Q

സര്‍ക്കാറും സിപിഎമ്മും തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാവി എന്തായിരിക്കും

A

സര്‍ക്കാറും സിപിഎമ്മും ആ വിലയിരുത്തലില്‍ ഉറച്ചു നില്‍ക്കുയാണെങ്കില്‍ നമ്മള്‍ ഏത് ഏജന്‍സിക്കെതിരെയാണോ പോരാട്ടം നയിച്ചത് ആ ഏജന്‍സി വിജയിച്ചു എന്ന് നമ്മള്‍ തന്നെ പ്രഖ്യാപിച്ചാല്‍ ആ പോരാട്ടത്തിന് പിന്നെ പ്രസക്തിയില്ലല്ലോ. സമിതിയിലെ സംഘടനകളെല്ലാം കാലങ്ങളായി ഈ പോരാട്ടം നയിക്കുന്നവരാണ്. ഇപ്പോഴും ഈ പോരാട്ടത്തിന്റെ ഭാഗമായി കേരളത്തിന്റെ സാമൂഹ്യരംഗത്ത് ഉറച്ച് നില്‍ക്കുന്നവരാണ്. അതുകൊണ്ട് സിപിഎം കൈയ്യൊഴിഞ്ഞാലും ഞങ്ങള്‍ സ്വന്തം നിലയില്‍ മുന്നോട്ട് പോകും. പക്ഷേ സമിതിയെന്ന നിലയില്‍ സര്‍ക്കാറുമായി സഹകരിച്ച് പോകണമെങ്കില്‍ സിപിഎം ഇപ്പോള്‍ സ്വീകരിച്ച നിലപാട് മാറ്റാതെ മുന്നോട്ട് പോകാന്‍ കഴിയില്ല.

Q

ശബരിമല തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്ത് പറഞ്ഞത്.

A

മുഖ്യമന്ത്രി ഇപ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മുഖ്യമന്ത്രിയെ തിരുത്താനാണ് പാര്‍ട്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാറിന് രാഷ്ട്രീയ തീരുമാനം കൂടിയുണ്ടെങ്കില്‍ മാത്രമേ ഇത്തരം നിലപാടുകളുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. സമിതിയുടെ ഇപ്പോഴത്തെ നിലപാടിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം എങ്ങനെയെന്ന് നോക്കാം. പാര്‍ട്ടിയും മുഖ്യമന്ത്രിയും അവരുടെ നിലപാട് പറയട്ടെ.

Q

വനിതാ മതിലിന് നേതൃത്വം കൊടുത്തത് ശബരിമല സംരക്ഷ സമിതിയാണ്. അതിന്റെ പിറ്റേ ദിവസം തന്നെ സ്ത്രീകളെ പോലീസ് സംരക്ഷണത്തില്‍ ശബരിമലയില്‍ കയറ്റിയതാണ് തിരിച്ചടിയായതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

A

സ്ത്രീകളെ പ്രവേശിപ്പിച്ചത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. രാജ്യത്തെ പരമോന്നത നീതിന്യായ പീഠത്തിന്റെ വിധി വന്നാല്‍ ജനാധിപത്യ സര്‍ക്കാറിന് അതിനുള്ള സൗകര്യം ഒരുക്കാതെ പറ്റില്ലല്ലോ. ജനാധിപത്യ സര്‍ക്കാറിന് മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. പോലീസ് സംരക്ഷണത്തില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. സാങ്കേതികമായി കോടതി വിധി നടപ്പിലാക്കിയെന്ന് അവകാശപ്പെടാനേ കഴിയുകയുള്ളൂ. വിശ്വാസികളായ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ ശബരിമലയില്‍ പോകാന്‍ കഴിയുന്ന സാമൂഹ്യ സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പോരാട്ടം നയിച്ചത്. ആ അഭിപ്രായത്തില്‍ ഞങ്ങള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

Q

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് സ്ത്രീ പ്രവേശനത്തിനായി പ്രചരണം നടത്തിയ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ഇതൊക്കെ തിരിച്ചടിയല്ലേ

A

സംഘപരിവാറിനെ എതിര്‍ക്കാന്‍ വേണ്ടി യുഡിഎഫിനെ പിന്തുണയ്ക്കുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്. യുഡിഎഫ് കുറെ കാലമായി എന്താണ് പറയുന്നത്. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ പോലും യുഡിഎഫ് നേതാക്കളുടെ പ്രസ്താവനകളും അവര് മുന്നോട്ട് വച്ച മുദ്രാവാക്യങ്ങളും പരിശോധിച്ചാല്‍ ബിജെപിയും സംഘപരിവാരും എന്താണോ പറയുന്നത് അത് തന്നെയാണെന്ന് വ്യക്തമാകും. അതുകൊണ്ട് സംഘപരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിട്ട് കാര്യമില്ല.

Q

നവോത്ഥാനത്തിന്റെ തുടര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്ന ചിന്ത ഇതിനൊപ്പം നിന്ന കുറെ പേരിലെങ്കിലും ഉണ്ടായിട്ടുണ്ടല്ലോ

A

ശബരിമലയിലെ മുന്നേറ്റം വോട്ടായി മാറണമെന്ന് നമ്മള്‍ കരുതരുത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലേക്ക് വന്നതോടെയാണ് അവര്‍ വ്യവസ്ഥിതിയോട് സമരസപ്പെടാന്‍ ശ്രമിക്കുന്നത്. ഈ പാര്‍ട്ടികളുടെ പാരമ്പര്യം അങ്ങനെയായിരുന്നില്ല. അധികാരം ത്യജിച്ച് പോലും സാമൂഹ്യവിപ്ലവത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടികളാണിത്. അത് മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് വോട്ടോ സീറ്റോ കിട്ടുമെന്ന് കരുതിയല്ല നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതില്‍ നിന്ന് സിപിഎം പിറകോട്ട് പോകുന്നതിലാണ് ഞങ്ങള്‍ എതിര്‍പ്പ് പറയുന്നത്.

Q

ശബരിമല വിഷയത്തിലുണ്ടാക്കിയ മുന്നേറ്റം വോട്ടാക്കി മാറ്റാന്‍ ഇടതുപക്ഷം ശ്രമിച്ചില്ലെന്ന് സണ്ണി എം കപിക്കാട് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അത്തരത്തിലൊരു ശ്രമം നടന്നിരുന്നില്ലേ

A

സിപിഎം മുന്നോട്ട് വച്ച ആശയങ്ങള്‍ക്ക് ജനപിന്തുണ കിട്ടിയില്ലെന്ന് നമുക്ക് എങ്ങനെ പറയാന്‍ കഴിയും. മലപ്പുറത്തെ സീറ്റുകളിലൊക്കെയുണ്ടായിട്ടുള്ള ഭൂരിപക്ഷത്തിന്റെ വര്‍ദ്ധനവ് നോക്കണം. പിന്നെ തിരഞ്ഞെടുപ്പ് പിറ്റേ ദിവസം തന്നെ നേതൃത്വത്തിനെതിരെ പരാതി പറഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താനും വികെ ശ്രീകണ്ഠനുമൊക്കെ അവര്‍ വിജയിക്കുമെന്ന് കരുതിയവരല്ല. ദേശീയതലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാകുമെന്ന പ്രതീക്ഷിച്ച, കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന് പ്രചരിപ്പിച്ചപ്പോള്‍ അതിന്റെ വലിയൊരു പ്രതിഫലനമുണ്ട് കേരളത്തില്‍. ന്യൂനപക്ഷങ്ങളുടെ ഏകീകരണമുണ്ട്. നവോത്ഥാനത്തിന്റെ പേരില്‍ കിട്ടിയ വോട്ടുകള്‍ക്ക് മീതെ ഈ വോട്ടുകള്‍ ഒഴുകിയെങ്കില്‍ അത് കിട്ടിയില്ലെന്ന് പറയാന്‍ കഴിയുമോ. അങ്ങനെ വിലയിരുത്താന്‍ കഴിയുമോ

Q

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ശബരിമല നിലപാട് സംബന്ധിച്ച് സിപിഎമ്മില്‍ തന്നെ തര്‍ക്കമുള്ളത് പോലെയാണ് പുറത്തേക്ക് വരുന്ന വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. അഭിപ്രായ വ്യത്യാസം കൊണ്ടായിരിക്കുമോ സിപിഎം നിലപാട് മാറ്റുന്നത്.

A

അതാണ് പ്രശ്‌നം. അങ്ങനെയുണ്ടോ എന്ന് പാര്‍ട്ടിയാണ് വെളിപ്പെടുത്തേണ്ടത്. അത് അവരുടെ ആഭ്യന്തര പ്രശ്‌നമല്ലേ. ഏത് യാഥാസ്ഥിതിക ശക്തികളോടാണ് നമ്മള്‍ സാമൂഹ്യ പരിഷ്‌കരണത്തിന് വേണ്ടി ഏറ്റുമുട്ടുന്നത് എന്നത് പ്രധാനം. അവരാണ് വിജയികളെന്ന് അല്ലെങ്കില്‍ അവരാണ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെന്ന് പറയാനുള്ള വ്യഗ്രത എന്തുകൊണ്ടാണ്. അത് അവര്‍ വെളിപ്പെടുത്തട്ടെ.

Q

താങ്കളെ പോലുള്ളവര്‍ക്ക് സീറ്റ് നല്‍കിയിരുന്നതും തിരിച്ചടിയായെന്ന വിലയിരുത്തലുകളും ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നുണ്ട്.

A

സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ ഏര്‍പ്പെടുമ്പോള്‍ നമ്മളുടെ ലക്ഷ്യം തിരഞ്ഞെടുപ്പിലെ സീറ്റായിരുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടും. മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും അതുണ്ടാവില്ലെന്നും ഞാന്‍ തന്നെ പറഞ്ഞിരുന്നതാണ്. മാധ്യമങ്ങളാണ് അത് പ്രചരിപ്പിച്ചത്. ഇപ്പോഴത്തെ കാര്യങ്ങളുമായി ചേര്‍ത്ത് അതിനെ വിലയിരുത്തേണ്ടതില്ല. സിപിഎമ്മും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമാണ് നിലപാട് വ്യക്തമാക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും നവോത്ഥാന സമിതിയുടെ ഭാവി തീരുമാനിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in