ഗുജറാത്തിന് മോദി മതി, തകര്‍ന്നടിഞ്ഞത് കോണ്‍ഗ്രസ്; കാലുറപ്പിച്ച് ആപ്പ്

ഗുജറാത്തിന് മോദി മതി, തകര്‍ന്നടിഞ്ഞത് കോണ്‍ഗ്രസ്; കാലുറപ്പിച്ച് ആപ്പ്

ഗുജറാത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. ഭുപേന്ദ്ര പട്ടേല്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബിജെപിയുടെ ഗുജറാത്ത് അധ്യക്ഷന്‍ സി.ആര്‍ പട്ടീല്‍ അറിയിച്ചിരിക്കുന്നു. ഡിസംബര്‍ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും സന്നിദ്ധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ. 150 ലേറെ സീറ്റ് നേടിയതോടെ 1985ലെ 149 സീറ്റെന്ന കോണ്‍ഗ്രസ്സിന്റെ എക്കാലത്തേയും റെക്കോര്‍ഡിനെ മറികടക്കാനും തുടര്‍ച്ചയായി ഏഴ് തവണ വിജയിക്കുക എന്ന സിപിഎമ്മിന്റെ പശ്ചിമബംഗാള്‍ റെക്കോര്‍ഡിനൊപ്പമെത്താനും ബിജെപിക്ക് സാധിച്ചു. സംസ്ഥാന നേതൃത്വമോ സംസ്ഥാന ഭരണമോ ചര്‍ച്ചയിലേ ഇല്ലാതിരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തന്നെയായിരുന്നു തുടക്കം മുതല്‍ നിറഞ്ഞ് നിന്നത്. ഭരണവിരുദ്ധ വികാരങ്ങളെ അപ്രസക്തമാക്കിക്കൊണ്ട,് 'മോദിക്കൊരു വോട്ട്' എന്ന ബിജെപിയുടെ പ്രചാരണത്തിനാണ് ഗുജറാത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. 2024ലെ ദേശീയ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് ഉയരാനിടയുള്ള എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന വിജയമണ് ഇതോടെ അമിത്ഷാ-മോദി കൂട്ടുകെട്ട് സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഏറെ ചര്‍ച്ചാവിഷയമായ തൂക്കുപാല ദുരന്തം നടന്ന മോര്‍ബിയില്‍ പോലും ബിജെപി ജയിക്കുന്ന സാഹചര്യമുണ്ടായി. അമ്പത് ശതമാനത്തിലേറെ വോട്ടോടെ തീര്‍ത്തും ഏകപക്ഷീയമായതും സ്വന്തം നിലക്കുമുള്ള ആധികാരിക വിജയമാണ് മോദിയും അമിത് ഷായും നേടിയെടുത്തത്. മറുഭാഗത്ത് 6 ശതമാനത്തിലേറെ വോട്ട് വിഹിതം നേടിയെടുത്ത് ആംആദ്മി ദേശീയ പാര്‍ട്ടിയായി മാറി. രുപീകരിച്ച് 10 കൊല്ലം കൊണ്ട് ഈ നേട്ടം കൈവരിക്കാനായി എന്നത് പരാജയത്തിനിടയിലും ആപ്പിന് സന്തോഷത്തിന് വക നല്‍കുന്നതാണ്. ബിജെപിയും ആംആദ്മിയും ഏതെങ്കിലും അര്‍ത്ഥത്തില്‍ നേട്ടം കൊയ്തപ്പോള്‍ കോണ്‍ഗ്രസ്സ് എന്ന തൂക്കുപാലം 'നിശബ്ദ'മായി നിലം പൊത്തിയ കാഴ്ചയാണ് ഗുജറാത്ത് സമ്മാനിക്കുന്നത്. അതേ സമയം ഹിമാചലില്‍ ഭരണം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞെന്ന നേരിയ ആശ്വാസം കോണ്‍ഗ്രസിനുണ്ട്.

ഇലക്ഷന്‍ ദിനം വരെ മോദി ഷോ

പ്രാദേശിക നേതൃത്വത്തോടും ഭരണത്തോടും ജനങ്ങള്‍ക്കുണ്ടായ അതൃപ്തി നിസ്സാരമാക്കിക്കൊണ്ട് ഗുജറാത്തിലെ വോട്ടര്‍മാര്‍ ബിജെപിയെ തുണച്ചപ്പോള്‍ റെക്കോര്‍ഡ് വിജയത്തിലെത്തി. 31 റാലികളിലും മൂന്ന് റോഡ് ഷോകളിലുമാണ് മോദി പങ്കെടുത്തത്. പാര്‍ട്ടി കേഡര്‍മാരുടെ യോഗങ്ങളില്‍ പങ്കെടുത്തത് നിരവധി തവണയാണ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 'ഭൂപേന്ദ്ര-നരേന്ദ്ര' ഭരണത്തിനായി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്‌ നടന്ന ഡിസംബർ രണ്ടിന് മോദി വോട്ട്‌ ചെയ്യാനെത്തിയത്‌ പോലും റോഡ്‌ ഷോയുടെ പരിവേഷത്തോടെയായിരുന്നു. വലിയ സന്നാഹത്തോടെ മോദി വോട്ട്‌ ചെയ്യാനെത്തിയത്‌ എ.എൻ.ഐ വാർത്താ ഏജൻസി പുറത്ത്‌ വിട്ടിരുന്നു. തുടർന്ന് ഇത്‌ വിവാദമാവുകയും പരക്കെ വിമർശിക്കപ്പെടുകയും ചെയ്തു. പെരുമാറ്റച്ചട്ടങ്ങൾ കാറ്റിൽ പറത്തി എന്നായിരുന്നു മമത ബാനർജ്ജി പറഞ്ഞത്‌.

മോദി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ നേടിയ 127 സീറ്റുകളുടെ സ്വന്തം റെക്കോഡാണ് തകര്‍ത്തത്. 1985ല്‍ മാധവ്‌സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റുകളുടെ സര്‍വകാല റെക്കോര്‍ഡും ഇതോടെ വിസ്മൃതിയിലായിട്ടുണ്ട്. മോദിയുടെ പ്രചാരണം സംസ്ഥാനത്തുടനീളം അരങ്ങേറിയപ്പോള്‍, പട്ടീദാര്‍ പ്രക്ഷോഭമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ 2017-ല്‍ ബിജെപിക്ക് ഇടിവ് നേരിട്ട ഗോത്രമേഖലകളിലും സൗരാഷ്ട്രയുടെ ചില ഭാഗങ്ങളിലും പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. 'ഈ ഗുജറാത്ത് നമ്മളുണ്ടാക്കിയതാണ്' എന്ന മോദി മുദ്രാവാക്യം റാലികളില്‍ അലയടിച്ചപ്പോള്‍ മറുപക്ഷത്ത് കോണ്‍ഗ്രസ് നിശബ്ദ പ്രചാരണമെന്ന ആലസ്യത്തില്‍ ചുരുണ്ട് കൂടി.

നിശബ്ദ പ്രചാരണമെന്ന ഉണ്ടയില്ലാ വെടി

തെരഞ്ഞെടുപ്പിലെ പതിവ് കോലാഹലങ്ങളിലൊന്നും ഇത്തവണ കോണ്‍ഗ്രസ്സ് ഉണ്ടായിരുന്നില്ല. സംസ്ഥാനം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങിയ ആം ആദ്മി ബിജെപിയോട് കൊമ്പ് കോര്‍ത്ത് കളം വാഴുകയും ചെയ്തു. നിങ്ങള്‍ ചിത്രത്തിലെ ഇല്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സ് വക്താവായ രോഹന്‍ ഗുപ്തയോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കൂ ഞങ്ങള്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഒച്ചയും ബഹളവുമില്ലാതെ വീടുവീടാന്തരം കയറിയിറങ്ങിയുള്ള നിശബ്ദ പ്രചാരണമാണ് കോണ്‍ഗ്രസ്സ് നടത്തുന്നതെന്ന് പറയുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം അവസാന ഘട്ടങ്ങളിലൊഴികെ സംസ്ഥാനത്തേക്ക് എത്തിനോക്കിയിരുന്നില്ല. വരുംകാല പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ്സുകാര്‍ കൊട്ടിഘോഷിക്കുന്ന രാഹുല്‍ ഗാന്ധി സംസ്ഥാനത്തേക്ക് ഏറുകണ്ണിട്ട് പോലും നോക്കിയില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് ഐക്യം കൊണ്ടുവരാനുള്ള ശ്രമത്തിനിടയില്‍ സ്വന്തം പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങുമോ എന്ന് ചിന്തിക്കുന്നത് ഒരര്‍ത്ഥത്തില്‍ സ്വാര്‍ത്ഥതയാണല്ലോ. അങ്ങനെ എല്ലാ ഉത്തരവാദിത്തവും കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേത്രത്വത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാനുള്ള ഒരു സ്റ്റാര്‍ ക്യാമ്പയിനറിന്റെ അഭാവം അവരെ നിശബ്ദ ക്യാംപയിന്‍ എന്ന ഉണ്ടയില്ലാ വെടിയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

ആപ്പ് വിഴുങ്ങിയ കൈപ്പത്തി, ലക്ഷ്യം വെച്ചത് ദേശീയ പാര്‍ട്ടി സ്റ്റാറ്റസ്

2000 മുതല്‍ തുടര്‍ച്ചയായി നില മെച്ചപ്പെടുത്തിപ്പോന്ന കോണ്‍ഗ്രസ്സിനെ ആസകലം കാര്‍ന്നുതിന്നാണ് ആംആദ്മി ഗുജറാത്തില്‍ നേട്ടം കൊയ്തത്. തോല്‍ക്കുമ്പോഴും നാല്‍പ്പത് ശതമാനത്തിലേറെ വോട്ട് വിഹിതം നേടാന്‍ കഴിഞ്ഞിരുന്നു എന്ന കോണ്‍ഗ്രസ് ആത്മവിശ്വാസത്തെ ആപ്പ് കീഴ്‌മേല്‍ മറിച്ചിട്ടു. സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന് പറഞ്ഞ് ഇറങ്ങിയ ആപ്പ് ലക്ഷ്യം വെച്ചത് ദേശീയ പാര്‍ട്ടി സ്റ്റാറ്റസ് ആയിരുന്നു എന്ന് വേണം അനുമാനിക്കാന്‍. 2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ പാര്‍ട്ടി സ്റ്റാറ്റസ് നേടിയെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അനിഷേധ്യമായ സ്ഥാനം നേടിയെടുക്കുക എന്നതായിരുന്നു കെജരിവാള്‍ ഉന്നമിട്ടതെന്ന് തോന്നിപ്പിക്കുന്ന പ്രസ്ഥാവനയാണ് വോട്ടെടുപ്പിന് ശേഷം ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദ്ധ്യായ നടത്തിയത്. 'ഗുജറാത്ത് ഇലക്ഷന് ശേഷം ഞങ്ങള്‍ ദേശീയ പാര്‍ട്ടിയാകും'. വോട്ടെടുപ്പ് ദിവസമായ ഇന്ന് ആപ്പിന്റെ രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞത് സംസ്ഥാനം പിടിക്കാനായില്ലെങ്കിലും ഗുജറാത്തുകാര്‍ ഞങ്ങള്‍ക്ക് ദേശീയ പാര്‍ട്ടി സ്റ്റാറ്റസ് തന്നു എന്നായിരുന്നു. ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലിരിക്കുന്ന ആംആദ്മിക്ക് ദേശീയ പാര്‍ട്ടി സ്ഥാനം ലഭിക്കാന്‍ വേണ്ടിയിരുന്നത് 6 ശതമാനം വോട്ടും 2 സീറ്റുമായിരുന്നു. അതിനുള്ള പണി അവര്‍ വൃത്തിക്ക് എടുക്കുകയും ചെയ്തു. പഞ്ചാബിന്റെയും ഡല്‍ഹിയുടേയും വോട്ട് വിഹിതം പരിശോധിച്ചാല്‍ രണ്ടിടത്തും കോണ്‍ഗ്രസ്സ് വോട്ടുകളാണ് ചൂലിലേക്ക് കണ്‍വേര്‍ട്ട് ചെയ്യപ്പെട്ടത് എന്ന് കാണാനാകും. ഗുജറാത്തിലും മറിച്ച് സംഭവിക്കില്ലെന്ന് ബോധ്യമുള്ള കെജരിവാള്‍ അതിനായാണ് പരിശ്രമിച്ചതും. വോട്ടെടുപ്പിന് മുമ്പ് 'ഇന്ത്യ ടുഡേ' കോണ്‍ക്ലേവില്‍ പങ്കെടുത്ത കെജരിവാളിനോട് ഗുജറാത്തിലെ ഫലം പ്രവചിക്കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ ആപ്പ് ഭരണം പിടിക്കും എന്നൊന്നുമായിരുന്നില്ല മറുപടി. കോണ്‍ഗ്രസ്സ് ആപ്പിനും പിറകിലാകും എന്നായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച ഇസുദാന്‍ ഗദ്വിയും സംസ്ഥാന അദ്ധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയും അടക്കം ഇന്ന് പരാജയം രുചിച്ചെങ്കിലും സംസ്ഥാനത്ത് കാലുറപ്പിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ പ്രത്യേകത.

കോണ്‍ഗ്രസിന്റെ ദയനീയ പരാജയം, പരമ്പരാഗത വോട്ട് ബാങ്കുകളിലെ ചോര്‍ച്ച

ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ചത്. 2017ല്‍ കോണ്‍ഗ്രസ് മികച്ച നേട്ടം കൈവരിച്ച സൗരാഷ്ട്ര - കച്ച് മേഖലകളില്‍ ഇത്തവണ തകര്‍ന്നടിയുകയാണുണ്ടായത്. ഈ മേഖലകളിലെ 54 സീറ്റികളില്‍ 30 സീറ്റാണ് 2017ല്‍ കോണ്‍ഗ്രസ് നേടിയിരുന്നത്. എന്നാല്‍ ഇത്തവണ 40-ും ബിജെപി സ്വന്തമാക്കി. രാജ്കോട്ട് ജില്ല പൂര്‍ണമായും ബിജെപിക്കൊപ്പം നിന്നപ്പോള്‍ കച്ചില്‍ അഞ്ചും സുരേന്ദ്ര നഗര്‍, ഗിര്‍ സോമനാഥ്, ജാം നഗര്‍ എന്നീ ജില്ലകളില്‍ 4 വീതം സീറ്റ് നേടാനും ബിജെപിക്കായി. 2017ല്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ഒബിസി നേതാവ് അല്‍പേഷ് താകൂര്‍, പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക്ക് പട്ടീല്‍ എന്നിവര്‍ ഇത്തവണ ബിജെപിക്കൊപ്പമാണെന്നതും തിരിച്ചടിയായി. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന വിരംഗം മണ്ഡലം പിടിച്ചെടുത്ത് കൊണ്ടാണ് ഹര്‍ദിക്ക് പട്ടീല്‍ കൊണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം കൂട്ടിയത്.

പോളിംഗ് ശതമാനത്തിലെ ഇടിവ് കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും മനം മടുത്ത വോട്ടര്‍മാര്‍ക്ക് ബിജെപിക്ക് പകരമൊരു സംവിധാനത്തെ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയാതിരുന്നത് അവരെ പോളിംഗ് ബൂത്തുകളില്‍ നിന്ന് അകറ്റി. അവരെ ബൂത്തിലെത്തിക്കാനുള്ള ഒരു ശ്രമവും കോണ്‍ഗ്രസ് നടത്തിയതുമില്ല. കോണ്‍ഗ്രസിനൊപ്പം പാറ പോലെ ഉറച്ച് നിന്ന വിഭാഗങ്ങളായിരുന്നു ഖാം (ഗഒഅങ). ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലിം വിഭാഗങ്ങളുടെ ചുരുക്കപ്പേരാണ് ഖാം. ആദിവാസികള്‍ക്കിടയില്‍ ബിജെപി ഇത്തവണ കൊണ്ടുപിടിച്ച പ്രചാരണമാണ് നടത്തിയത്. കോണ്‍ഗ്രസിനൊപ്പമോ സഖ്യകക്ഷിയായിരുന്ന ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കൊപ്പമോ (ബിടിപി) നിന്നിരുന്ന ആ വോട്ടുകള്‍ ഇത്തവണ ബിജെപിക്ക് അനുകൂലമായി മാറുകയാണുണ്ടായത്. ബിടിപി സ്ഥാപക നേതാവ് ഛോട്ടു വാസവ അദ്ദേഹത്തിന്റെ മണ്ഡലമായ ജഗാഡിയയില്‍ ബിജെപിയോട് തോറ്റിരിക്കുകയാണ്. പരമ്പരാഗത മുസ്ലിം വോട്ടുകളില്‍ ഒരു വിഹിതം ഒവൈസിയുടെ എഐഎംഐഎം അടര്‍ത്തുകയും ചെയ്തു. എല്ലായിപ്പോഴും കൂടെ നില്‍ക്കാറുള്ള ഗ്രാമപ്രദേശങ്ങളിലും ബിജെപി നുഴഞ്ഞു കയറി. ആംആദ്മിയുടെ 'ഫ്രീബീസ്’ കര്‍ഷകരില്‍ ഒരു വിഭാഗത്തെ സ്വാധീനിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് പതനം പൂര്‍ത്തിയായി.

Related Stories

No stories found.
The Cue
www.thecue.in