മോദിക്കും ഷായ്ക്കുമെതിരെ 37 പരാതികളില്‍ നടപടിയില്ല; പെരുമാറ്റചട്ടം ‘മോദി കോഡ് ഓഫ് കണ്ടക്ടറ്റ്’ ആയോ എന്ന് കോണ്‍ഗ്രസ് 

മോദിക്കും ഷായ്ക്കുമെതിരെ 37 പരാതികളില്‍ നടപടിയില്ല; പെരുമാറ്റചട്ടം ‘മോദി കോഡ് ഓഫ് കണ്ടക്ടറ്റ്’ ആയോ എന്ന് കോണ്‍ഗ്രസ് 

Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് 37 പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. 25 ദിവസത്തിനുള്ളില്‍ അമിത് ഷായ്ക്കും നരേന്ദ്ര മോദിയ്ക്കും എതിരെ 15 പ്രതിനിധി സംഘങ്ങള്‍ക്കൊപ്പം പരാതി നല്‍കിയിട്ടും നടപടിയെടുക്കും എന്ന പാഴ്‌വാക്കല്ലാതെ മറ്റൊന്നും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് മനു സിംഗ്വി.

അവര്‍ ക്ഷമയോടെ പരാതികള്‍ കേള്‍ക്കുന്നു.. നടപടിയെടുക്കും എന്ന് വാക്കും തരുന്നു, രസമെന്തെന്നാല്‍ അവര്‍ നടപടി ഒന്നും എടുക്കാതെ തന്നെ നടപടി എടുത്തു കഴിഞ്ഞു എന്നും പറയുന്നതാണ്.

അഭിഷേക് മനു സിംഗ്വി

മോഡല്‍ കോഡ് ഓഫ് കണ്ടക്ട് എന്നത് മോഡി കോഡ് ഓഫ് കണ്‍ടക്ട് എന്നാക്കിയോ എന്നും കോണ്‍ഗ്രസ് വക്താവ്. ചിലര്‍ അവരുടെ ലാഭത്തിനു വേണ്ടി നിയമത്തിന്റെ കണ്ണ് മൂടിക്കെട്ടുന്നു, ഇലക്ഷന്‍ കമ്മീഷന്‍ അവര്‍ക് ബാധകമല്ല എന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം.

തങ്ങളുടെ മാര്‍ഗനിര്‍ദേശ അനുസരിച്ച് നീങ്ങുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടത്. അവരുടെ മുന്‍ ഉത്തരവുകള്‍ പാലിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ബിജെപി നേതാക്കള്‍ ആയത് കൊണ്ട് ചിലര്‍ക്ക് ഇളവ് കൊടുക്കാന്‍ കമ്മീഷന് അധികാരം ഇല്ലെന്നും സിംഗ്‌വി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റമാണ് ഇപ്പോള്‍ മനസിലാകാത്തത്. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ട് പെരുമാറ്റചട്ടമെന്ന നിലയിലാണ് കമ്മീഷന്റെ സമീപനമെന്നും അഭിഷേക് മനു സിംഗ്‌വി ആരോപിക്കുന്നു.

കഴിഞ്ഞ 72 വര്‍ഷത്തിനുള്ളില്‍ ഇത്രയും അധപതിച്ച ഒരു തിരഞ്ഞെടുപ്പ് കമ്മീഷനെ നമ്മള്‍ക്കു കാണാന്‍ കഴിയില്ല എന്നും സിംഗ്‌വി കൂട്ടിച്ചേര്‍ക്കുന്നു.

ഞങ്ങള്‍ക്ക് അതിശയമില്ല...മോദിയും അമിത് ഷായും മുന്‍പത്തെ പോലെ തന്നെ പരാജയത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന കുറച്ചു ദിവസങ്ങളില്‍ ശക്തമായി നിലപാടുകള്‍ എടുക്കേണ്ടിയിരുന്ന, തിരഞ്ഞെടുപ്പിന്റെ സമഗ്രത ഉറപ്പുവരുത്തേണ്ടിയിരുന്ന കമ്മീഷന്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് വഴുതിപ്പോവുകയാണ്.

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പരാതികള്‍ പഠിക്കുക്കയാണ് എന്നും ശരിയായ നടപടി സ്വീകരിക്കും എന്നും പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പരാതികള്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ വരാതിരുന്നത് എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമുണ്ടായില്ല.

വിദ്വേഷപ്രസംഗം, ജാതി ദ്രുവീകരണ പ്രസംഗം, സൈന്യത്തെ രാഷ്ട്രീയവത്കരിക്കല്‍, എന്നിവയാണ് പെരുമാറ്റച്ചട്ട ലംഘനമായി ബി ജെ പി നേതാക്കള്‍ക്കെതിരെ വന്നിരിക്കുന്ന പരാതികള്‍.

logo
The Cue
www.thecue.in