പഴയ മോദി സ്‌നേഹമില്ല, ബിജെപി മുന്നേറ്റ പ്രവചനത്തില്‍ ഉലഞ്ഞ് നവീന്‍ പട്‌നായികിന്റെ ‘സമദൂരം’; മഹാസഖ്യ സാധ്യത തള്ളാതെ ബിജെഡി

പഴയ മോദി സ്‌നേഹമില്ല, ബിജെപി മുന്നേറ്റ പ്രവചനത്തില്‍ ഉലഞ്ഞ് നവീന്‍ പട്‌നായികിന്റെ ‘സമദൂരം’; മഹാസഖ്യ സാധ്യത തള്ളാതെ ബിജെഡി

എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമോ അതോ കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒപ്പം നില്‍ക്കുമോ എന്ന കാര്യത്തില്‍ ഫലം വന്നതിന് ശേഷം തീരുമാനമെന്ന് ബിജു ജനതാദള്‍. സമദൂരമാണ് നിലപാടെന്ന് പ്രഖ്യാപിച്ച നവീന്‍ പട്‌നായിക്കും സംഘവും കഴിഞ്ഞ കുറച്ചു നാളായി എന്‍ഡിഎയെ പിന്തുണച്ച് പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തിനോട് മുഖം തിരിച്ചായിരുന്നു നില്‍പ്പ്. നോട്ട് നിരോധനത്തിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത് ഒഡീഷയിലേക്കുള്ള ബിജെപിയുടെ കടന്നുവരവാണ്.

എക്‌സിറ്റ് പോളുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒഡീഷയില്‍ 11നും 15നും ഇടയില്‍ സീറ്റ് പ്രവചിച്ചതോടെയാണ് എന്‍ഡിഎ മൃദുസമീപനം തിരിച്ചടിച്ചെന്ന പ്രതീതി നവീന്‍ പട്‌നായിക്കിനുണ്ടായത്. 2014ല്‍ 21 ലോക്‌സഭാ മണ്ഡലങ്ങളില്‍ 20ഉം നവീന്റെ ബിജെഡിക്ക് ആയിരുന്നു. ബിജെപിക്ക് ജയിക്കാനായത് ഒരിടത്ത് മാത്രവും, എന്നാല്‍ ഇക്കുറി ബിജെഡിക്ക് രണ്ട് മുതല്‍ ആറ് വരെ മാത്രം സീറ്റാണ് ലഭിക്കുക എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

ഇതാണ് നവീന്‍ പട്‌നായിക്കിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 147 നിയമസഭാ മണ്ഡലങ്ങളില്‍ പത്ത് സീറ്റില്‍ മാത്രം വിജയിച്ച ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷ പിടിച്ചടക്കുമെന്നത് നവീന്‍ പട്‌നായിക്കിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട. നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പിക്കുമ്പോഴും കേന്ദ്രസര്‍ക്കാരില്‍ വിലപേശല്‍ കുറയുമെന്നതാണ് ലോക്‌സഭാ പരാജയത്തെ ബിജെഡി പേടിക്കാന്‍ കാരണം.

നോട്ട് നിരോധനത്തിലടക്കം ബിജെപി പ്രതിസ്ഥാനത്ത് വന്ന എല്ലാ നടപടികളിലും ഒപ്പം നിന്ന നവീന്‍ പട്‌നായിക്ക് ഇത്രകാലവും മഹാസഖ്യത്തിന് നേര്‍ക്ക് കണ്ണടയ്ക്കുകയായിരുന്നു. എന്നാല്‍ അഭിപ്രായ സര്‍വ്വേകളും എക്‌സിറ്റ് പോളുകളും ബിജെപി പിടിമുറുക്കുന്നുവെന്ന് സൂചിപ്പിക്കുമ്പോള്‍ നവീന്‍ മഹാസഖ്യത്തോട് അടുക്കുന്നതിന്റെ സൂചന കാണിച്ചു തുടങ്ങി.

ഞങ്ങളുടെ സഹായം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെങ്കിലും ആവശ്യപ്പെടുമെങ്കില്‍ ഒഡീഷയുടെ താല്‍പര്യം മുന്‍നിര്‍ത്തി അതില്‍ തീരുമാനമെടുക്കും. ഒഡീഷയ്ക്ക് മികച്ച പരിഗണന തരുന്നതാരോ അവര്‍ക്ക് മുന്നില്‍ ബിജെഡി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.

പിനക് മിശ്ര, ബിജെഡി എംപി

കോണ്‍ഗ്രസിനോടും ബിജെപിയോടും സമദൂരമാണ് നിലപാട് എന്ന് ആവര്‍ത്തിക്കുമ്പോഴും ഒഡീഷയിലേക്കുള്ള കാവി കടന്നുകയറ്റം നവീനേയും കൂട്ടരേയും ആശങ്കപ്പെടുത്തുന്നുണ്ട്. തങ്ങളുടെ ആഭ്യന്തര സര്‍വ്വേ ഏറ്റവും ചുരുങ്ങിയത് 15 സീറ്റെങ്കിലും കിട്ടുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അതിനാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയൊന്നും മാനിക്കുന്നില്ലെന്നും ബിജെഡി ആവര്‍ത്തിക്കുന്നു.

ഏതു ചേരിയിലേക്കെന്ന് പറയാതെ ഫലം കാത്തിരിക്കുയാണ് ബിജെഡി. ഒഡീഷയില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയാല്‍ നവീന്‍ പട്‌നായിക്കിന്റെ പ്രതികരണം എങ്ങനെയാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. സമാനമായ രീതിയില്‍ പശ്ചിമ ബംഗാളിലേക്ക് ബിജെപി കടന്നുവരാന്‍ ശ്രമിച്ചപ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് കടുത്ത പ്രതിരോധമാണ് മമതാ ബാനര്‍ജി ഉയര്‍ത്തിയത്. എന്നാല്‍ എന്‍ഡിഎയോട് മൃദുസമീപനം കാണിച്ച് പിന്തുണച്ച് നിന്ന ബിജെഡി അട്ടിമറി ഉണ്ടായാല്‍ എന്‍ഡിഎ ചേരിയിലേക്ക് മിണ്ടാനാവാതെ ഒതുങ്ങുമോ അതോ പ്രതിപക്ഷ ചേരിയിലേക്ക് നീങ്ങുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in