പഞ്ചാബില്‍ ആം ആദ്മി, മാറിമറിഞ്ഞ് ഗോവ, മാറ്റമില്ലാതെ യുപി ; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

പഞ്ചാബില്‍ ആം ആദ്മി, മാറിമറിഞ്ഞ് ഗോവ, മാറ്റമില്ലാതെ യുപി ; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പഞ്ചാബില്‍ മുന്നേറ്റവുമായി ആം ആദ്മി പാര്‍ട്ടി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റം നടത്തുമ്പോള്‍ ഗോവയില്‍ ലീഡ് നിലമാറിമറിയുകയാണ്. ആദ്യം കോണ്‍ഗ്രസ് ലീഡ് നേടിയിരുന്നുവെങ്കിലും ഇപ്പോള്‍ ബിജെപിയാണ് മുന്നില്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ചുകൊണ്ട് ആദ്യഘട്ടത്തില്‍ തന്നെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലായിരുന്നു. നിലവില്‍ എണ്‍പത്തിമൂന്ന് സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. 16 സീറ്റുകളുമായി കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്.

ഉത്തര്‍പ്രദേശില്‍ 230 സീറ്റുകളുമായി ബിജെപി മുന്നിലാണ്. 112 സീറ്റുകളില്‍ ലീഡുമായി സമാജ്വാദി പാര്‍ട്ടിയാണ് രണ്ടാമത്. ബിഎസ്പി 5 സീറ്റുകളിലും കോണ്‍ഗ്രസ് 4 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

ഗോവയില്‍ 40 സീറ്റുകളില്‍ 20 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 13 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. നാല് സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ പിടിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു.

ഉത്തരാഖണ്ഡില്‍ 70 സീറ്റുകളില്‍ ബിജെപി നിലവില്‍ 44 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 20 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

മണിപ്പൂരില്‍ 60 സീറ്റുകളില്‍ 23 സീറ്റുകളില്‍ ലീഡുമായി ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് 14 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എന്‍പിപി 10 സീറ്റുകളിലും മറ്റുള്ള കക്ഷികള്‍ 10 സീറ്റിലും ലീഡ് ചെയ്യുന്നു. ഇത്തവണ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാനാണ് സാധ്യത. 2017ല്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നുവെങ്കിലും 21 സീറ്റ് ലഭിച്ച ബിജെപി മറ്റ് പത്ത് എംഎല്‍എമാരുടെ പിന്തുണയോടെ അധികാരത്തില്‍ എത്തുകയായിരുന്നു.

പഞ്ചാബില്‍ സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ഛന്നി തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

യുപിയില്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ബിജെപിയും എസ്പിയും തമ്മിലുള്ള പോരാട്ടം എന്ന പ്രതീതിയുണ്ടായിരുന്നുവെങ്കിലും ബിജെപി വ്യക്തമായ ആധിപത്യം നേടുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in