ബീഫ് നിരോധനത്തിലും ലവ് ജിഹാദിലും മറുപടി പറയാതെ ഇ ശ്രീധരൻ; അഭിമുഖത്തിൽ നിന്നും ഇറങ്ങി പോയി

ബീഫ് നിരോധനത്തിലും ലവ് ജിഹാദിലും മറുപടി പറയാതെ ഇ ശ്രീധരൻ; അഭിമുഖത്തിൽ നിന്നും ഇറങ്ങി പോയി

ലവ് ജിഹാദ്, ബീഫ് നിരോധനം, ബി.ജെ.പി നേതാവ് കെ സുരേന്ദ്രനടക്കെതിരായ ചുമത്തപ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകള്‍ എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ലോണ്ടറിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇ ശ്രീധരൻ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി അഭിമുഖം പാതിയിൽ നിർത്തി പോയത്. അഭിമുഖത്തിന്റെ ചെറിയ ഭാഗങ്ങൾ ന്യൂസ്‌ലോണ്ടറി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തക ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതെല്ലാം ചെറിയ ചെറിയ കാര്യങ്ങളാണെന്നും ഇതിന് താന്‍ ഉത്തരം നല്‍കില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി. എന്നാല്‍ ബീഫ് നിരോധന വിഷയത്തില്‍ ഉത്തര മേഖലയിലെയും ദക്ഷിണ മേഖലയിലെയും ബി.ജെ.പി നേതാക്കള്‍ എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ വേണ്ടിയാണ് മാധ്യമപ്രവർത്തക പറഞ്ഞപ്പോൾ ഈ വിഷയത്തില്‍ ഒരു വിധി പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു ശ്രീധരന്റെ മറുപടി.

കെ സുരേന്ദ്രനെതിരായ 250ഓളം വരുന്ന കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം കെട്ടിച്ചമച്ച കേസുകളാണെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരെ വന്ന കേസുകളെക്കാള്‍ പ്രധാനമാണോ ഈ കേസുകള്‍ എന്ന് കരുതുന്നുണ്ടോ എന്നും ശ്രീധരന്‍ ചോദിച്ചു.

ലവ് ജിഹാദ് നടപ്പാക്കിയില്ലെങ്കില്‍ കേരളം ഒരു മിനി സിറിയ ആകുമെന്ന് പറഞ്ഞതിനെ സംബന്ധിച്ചും മാധ്യമപ്രവര്‍ത്തക ഇ ശ്രീധരനോട് ചോദിച്ചു. നിങ്ങള്‍ വീണ്ടും വീണ്ടും ഒരേ കാര്യത്തെക്കുറിച്ച് ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും മറുപടി പറയാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ നമുക്ക് ഇത് നിര്‍ത്താം എന്ന് ആവശ്യപ്പെടുകയായിരുന്നു ശ്രീധരന്‍.

‘എനിക്കിത് മനസിലാകുന്നില്ല. നിങ്ങളെന്തിനാണ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പോകുന്നത്’, എന്ന് ചോദിക്കുന്ന ശ്രീധരന്‍ കൂടുതലൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് അഭിമുഖത്തില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in