അഞ്ചിടത്തും പിന്നില്‍, ഗോവയില്‍ റിസോര്‍ട്ടിലാക്കിയിട്ടും ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ്

അഞ്ചിടത്തും പിന്നില്‍, ഗോവയില്‍ റിസോര്‍ട്ടിലാക്കിയിട്ടും ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ്

ഗോവയില്‍ പ്രതീക്ഷയോടെ മത്സര രംഗത്തെത്തിയ കോണ്‍ഗ്രസ് പരാജയ ഭീതിയില്‍. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഇവിഎമ്മിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

ഗോവയില്‍ 19 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് 10 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഗോവയില്‍ വിജയം പ്രതീക്ഷിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. സ്ഥാനാര്‍ത്ഥികളെ ദക്ഷിണ ഗോവയിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. 40 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ഗോവയിലെ മുന്‍കാല ചരിത്രം ആവര്‍ത്തിക്കാതിരിക്കാനാണ് സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയത്.

കര്‍ണാടകയില്‍ നിന്ന് ഡികെ ശിവകുമാറും ആറംഗ സംഘവും ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ രംഗത്തെത്തിയിട്ടും കാര്യമുണ്ടായില്ല.

2017ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാവാത്തതിനാല്‍ ഗോവയില്‍ ഭരണം 13 സീറ്റുകള്‍ നേടിയ ബിജെപിയില്‍ എത്തുകയായിരുന്നു. 2019ല്‍ 15 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ബിജെപി ഗോവയില്‍ ഭൂരിപക്ഷം ശക്തമാക്കുകയായിരുന്നു. ഈ ആവര്‍ത്തനം ഉണ്ടാവാതിരിക്കാനാണ് കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

പഞ്ചാബിലും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങുന്നത്. വലിയ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ മുന്നേറുന്നത്. മറ്റ് നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പിന്നിലാണ്. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി മുന്നിട്ടുനില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്താണ് കോണ്‍ഗ്രസ്. ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണ്. യുപിയില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in