ജാക്കിയുടെ പിഴവാണെങ്കില്‍ ബീമുകള്‍ വീഴുക കുത്തനെ; കൂളിമാട് കടവ് പാലത്തില്‍ വിദഗ്ധ സംഘം പരിശോധിക്കണമെന്ന് ഇ. ശ്രീധരന്‍

ജാക്കിയുടെ പിഴവാണെങ്കില്‍ ബീമുകള്‍ വീഴുക കുത്തനെ; കൂളിമാട് കടവ് പാലത്തില്‍ വിദഗ്ധ സംഘം പരിശോധിക്കണമെന്ന് ഇ. ശ്രീധരന്‍

കൂളിമാട് കടവ് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നത് സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ ഉന്നത സംഘം അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവും ഡി.എം.ആര്‍.സി മുന്‍ എം.ഡിയുമായ ഇ. ശ്രീധരന്‍. ജാക്കികളുടെ പിഴവാണെങ്കില്‍ ബീമുകള്‍ മലര്‍ന്ന് വീഴില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുള്ള എന്‍ജിനീയര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിദഗ്ധ സംഘമാണ് ഇത്തരം സംഭവങ്ങളില്‍ ആദ്യം അന്വേഷണം നടത്തേണ്ടത്. വിജിലന്‍സ് അല്ല. വിദഗ്ധ സംഘത്തിന്റെ അന്വേഷണം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തെക്കാള്‍ പ്രധാനമാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ബീമുകള്‍ തൂണുകളില്‍ ഉറപ്പിക്കാന്‍ താഴ്ത്തുമ്പോള്‍ അടിയില്‍ വെച്ച ഹൈഡ്രോളിക് ജാക്കികളില്‍ ഒന്ന് പ്രവര്‍ത്തിക്കാതായതോടെ ബീം ചെരിഞ്ഞു വീണെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ല. ജാക്കികള്‍ പ്രവര്‍ത്തിക്കാതായാല്‍ കുത്തനെയാണ് ബീമുകള്‍ വീഴുകയെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ചിട്ടില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ സാങ്കേതിക നിര്‍ദേശം നല്‍കാന്‍ തയ്യാറാണെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ ബീമുകള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തകര്‍ന്ന് വീണത്. ജാക്കികളുടെ തകരാറാണെന്നായിരുന്നു കരാര്‍ കമ്പനിയായ യു.എല്‍.സി.സിയുടെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in