കണ്ണൂരില്‍ എമര്‍ജന്‍സി സിറ്റ്വേഷനെന്ന് മല്ലു ട്രാവലര്‍, ഇ ബുള്‍ ജെറ്റിന്റെ 17 ആരാധകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ എമര്‍ജന്‍സി സിറ്റ്വേഷനെന്ന് മല്ലു ട്രാവലര്‍,  ഇ ബുള്‍ ജെറ്റിന്റെ 17 ആരാധകര്‍
അറസ്റ്റില്‍
Summary

സൈബര്‍ ആഹ്വാനങ്ങളും നിരീക്ഷണത്തില്‍

കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസില്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് പിന്നാലെ ആരാധകരും അറസ്റ്റിലായി. ആര്‍ടി ഓഫീസില്‍ തടിച്ചുകൂടി സംഘര്‍ഷത്തിന് ശ്രമിച്ചവരാണ് പിടിയിലായത്. നെപ്പോളിയന്‍ എന്ന മോഡിഫൈ ചെയ്ത വാന്‍ കണ്ണൂര്‍ ആര്‍ടിഒ പിടിച്ചെടുത്തതായും ഓഗസ്റ്റ് 9ന് ആര്‍ടി ഓഫീസില്‍ എത്തുമെന്നും എബിനും ലിബിനും യൂട്യൂബിലൂടെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ കണ്ണൂര്‍ ആര്‍ ടി ഓഫീസിലെത്തുകയായിരുന്നു.

കുട്ടികളടക്കം ചിലര്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വീഡിയോ ചിത്രീകരിച്ചെന്നും പരാതിയുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിനുള്ളില്‍ ഉദ്യോഗസ്ഥരുമായി എബിനും ലിബിനും തര്‍ക്കം തുടങ്ങിയതിന് പിന്നാലെയാണ് ബഹളമായി മാറിയത്. മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അതിക്രമം നടത്തുന്നുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തുകയായിരുന്നു.

എബിനും ലിബിനും പൊലീസ് വാനില്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിയതോടെ ഇ ബുള്‍ജെറ്റ് ആരാധകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ റോഡില്‍ തടിച്ചുകൂടി. ഇവരെ പൊലീസ് ഇടപെട്ടാണ് പിരിച്ചുവിട്ടത്. പൊലീസിനെതിരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും കാണിച്ചാണ് 17 പേരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

മുപ്പത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള മറ്റൊരു ട്രാവലര്‍ വ്‌ലോഗര്‍ മല്ലു ട്രാവലര്‍ കണ്ണൂരില്‍ എമര്‍ജന്‍സി സിറ്റ്വേഷനെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും വിവാദമായിട്ടുണ്ട്. മല്ലു ട്രാവലര്‍ ഉത്തരേന്ത്യന്‍ യാത്ര അവസാനിപ്പിച്ച് കേരളത്തിലേക്ക് തിരിക്കുന്നതായും ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അറിയിച്ചിരുന്നു.

പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വെബ്‌സൈറ്റ് ഹാക്ക് ചെയ്യണം,കേരളം കത്തിക്കും, തുടങ്ങിയ ആഹ്വാനങ്ങള്‍ക്ക് പിന്നിലുള്ളവരെ നിരീക്ഷിക്കുന്നുണ്ടെന്ന് സൈബര്‍ പൊലീസ് ടീം വ്യക്തമാക്കുന്നു. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in