കവറില്‍ കരയുന്ന ഇ-ബുള്‍ ജെറ്റ് ബ്രോ'സ്, ഡിവൈഎഫ്‌ഐ മുഖമാസികയ്‌ക്കെതിരെ സൈബര്‍ അണികള്‍

കവറില്‍ കരയുന്ന ഇ-ബുള്‍ ജെറ്റ് ബ്രോ'സ്, ഡിവൈഎഫ്‌ഐ മുഖമാസികയ്‌ക്കെതിരെ സൈബര്‍ അണികള്‍

ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം. ഒക്ടോബര്‍ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നരിക്കുന്നത്.

ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ കരയുന്ന ചിത്രമാണ് കവറായി നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് ഡി.വൈ.എഫ്.ഐ അണികളില്‍ നിന്നടക്കം വിമര്‍ശനം ഉയരുന്നത്.

ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ മോഡിഫൈ ചെയ്ത വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്.

അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍ എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് മാസികയില്‍ ഈ കവര്‍ ചിത്രം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ലക്കം മാസിക ഇറങ്ങിയതായി അറിയിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവഘധി പേരാണ് വിയോജിപ്പുകളും വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നത്.

'ഒത്തിരി യുട്യൂബ് ഫോളോവേഴ്‌സ് കയ്യിലുണ്ടെന്ന നെഗളിപ്പും താന്തോന്നിത്തരവുമൊക്കെ കാണിച്ചെങ്കിലും നിയമം ലംഘിച്ചതിന് പിഴയും ലൈസന്‍സ് റദ്ദാക്കലും ഒക്കെ ചെയ്യുന്നതിനുമപ്പുറം ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയില്‍, കവര്‍ പേജില്‍ തന്നെ ഇങ്ങനെ അടച്ചാക്ഷേപിക്കാന്‍ മാത്രം എന്ത് പാതകമാണ് ഇവര്‍ ചെയ്യ്തത്? രാഷ്ട്രീയം മറയാക്കി സ്വര്‍ണ്ണക്കടത്തും കൊട്ടേഷനുമായി വിലസുന്ന ചെറുപ്പക്കാരോളം അരാഷ്ട്രീയവാദികളാണോ ഇവര്‍? സമൂഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ ക്രിമിനലുകളുടെ ചിത്രമായിരുന്നു അങ്ങനെയെങ്കില്‍ ഡി.വൈ.എഫ്.ഐ കൊടുക്കേണ്ടി ഇരുന്നത്,' എന്നാണ് ചിലരുടെ വിമര്‍ശനം.

'ഡി.വൈ.എഫ്.ഐ നേതൃത്വം കുറച്ചു കൂടെ പക്വത കാണിക്കണം. ഇവര്‍ ചെയ്തത് പക്വത ഇല്ലായ്മ തന്നെയാണ്‌.

നമ്മുടെ ആശയങ്ങളും ആദര്‍ശങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ആയത് കൊണ്ട് സഖാക്കള്‍ വ്യക്തിഹത്യാ രൂപത്തില്‍ അവരുടെ ഫോട്ടോയും വാഹനവും ദുരുപയോഗം ചെയ്യുന്നതിനോട് തീര്‍ത്തും വിയോജിപ്പ് അറിയിക്കുന്നു,' എന്നാണ് മറ്റൊരു പ്രതികരണം. നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in