ഡി.വൈ.എഫ്.ഐ ദുരിതാശ്വാസ ചിത്രം അടിച്ചുമാറ്റിയെന്ന് വിവാദം, അപമാനിക്കുന്നത് ചിത്രം മാറിപ്പോയതിനെന്ന് മറുപടി

ഡി.വൈ.എഫ്.ഐ ദുരിതാശ്വാസ ചിത്രം അടിച്ചുമാറ്റിയെന്ന് വിവാദം,  അപമാനിക്കുന്നത് ചിത്രം മാറിപ്പോയതിനെന്ന് മറുപടി

ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ പരിശീലന ക്യാംപിന്റെ പ്രചാരണത്തിനായി തയ്യറാക്കിയ പോസ്റ്റര്‍ വിവാദത്തില്‍. ജമാ അത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ ഐ.ആര്‍.ഡബ്ല്യു എന്ന സംഘടന പ്രളയ സമയത്ത് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന്റെ ചിത്രം എഡിറ്റ് ചെയ്ത് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാംപിന്റെ പോസ്റ്റര്‍ ആയി ഉപയോഗിച്ചതാണ് വിവാദത്തിലായത്.

കണ്ണൂരിലെ ഇരിട്ടിയിലെ കോളിക്കടവില്‍ ജൂലൈ മൂന്നിന് നടന്ന യൂത്ത് ബ്രിഗേഡ് പരിശീലന ക്യാംപിന്റെ പോസ്റ്ററാണ് വിവാദമായത്. പരിപാടി ഉദ്ഘാടനം ചെയ്തത് എം.എല്‍.എ എം. വിജിന്‍ ആയിരുന്നു.

പോസ്റ്ററില്‍ ആളുകളുടെ ടീഷര്‍ട്ടില്‍ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് എന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തുവെന്ന് ഐ.ആര്‍.ഡബ്ല്യുവിന്റെ സേവന പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അംജദ് ദ ക്യുവിനോട് പറഞ്ഞു.

പോസ്റ്ററില്‍ കാണുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തയാളുടെ ഷര്‍ട്ടിലെ ഐ.ആര്‍.ഡബ്ല്യു ലോഗോ മായ്ച്ചാണ് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ പേര് ചേര്‍ത്തിരിക്കുന്നതെന്നും അംജദ് പറഞ്ഞു.

2018ലെ പ്രളയ സമയത്ത് ആലുവയില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ എടുത്ത ചിത്രമാണിതെന്ന് അംജദ് പറയുന്നു. ഫ്രറ്റേണിറ്റിയുടെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റാണ് അംജദ്. ഈ ചിത്രം പല സംഘടനകളും പ്രതീകാത്മകമായി ഉപയോഗിക്കാറുണ്ടെങ്കിലും ഒരു സംഘടനയുടെ പേര് അച്ചടിച്ച് പുറത്തിറക്കുന്നത് ആദ്യമായിട്ടാണ് എന്നാണ് അംജദ് പറയുന്നത്.

യഥാര്‍ത്ഥ ചിത്രം
യഥാര്‍ത്ഥ ചിത്രം

അതേസമയം വിഷയത്തില്‍ പ്രതികരിച്ച് എം. വിജിന്‍ എം.എല്‍.എ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് വിജിന്റെ പ്രതികരണം.

എല്ലാവര്‍ഷവും നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയാണ് ഡി.വൈ.എഫ്.ഐ. ഡിസൈനര്‍ക്ക് ഒരു ചിത്രം മാറിപ്പോയതിന്റെ പേരില്‍ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമര്‍പ്പിച്ച ഒരു യുവജനപ്രസ്ഥാനത്തെയാണ്

അപമാനിക്കാനിറങ്ങുന്നത് എന്നും വിജിന്‍ പറഞ്ഞു.

ഒരു തരി മണല്‍ ഉള്ളം കൈയിലമര്‍ന്നു പോയാല്‍ ത്യാഗത്തിന്റെ എച്ച്.ഡി ചിത്രം പകര്‍ത്തിയെടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സംസ്‌കാരമല്ല ഡി.വൈ.എഫ്.ഐയെ നയിക്കുന്നത്.

മഹാപ്രളയം നാടും വീടും നിലയില്ലാ ദുരിതത്തിലെത്തിച്ചപ്പോള്‍ യൂണിഫോമിനും സുരക്ഷാ ഉപകരണങ്ങള്‍ക്കും കാത്തു നില്‍ക്കാതെ പാതിരാവിലും പാഞ്ഞെത്തിയത് കേരളത്തിന്റെ വിപ്ലവ യൗവ്വനമായിരുന്നു.നടത്തിയ അധ്വാനത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമേ ചിത്രങ്ങളായി എത്തിയുള്ളുവെങ്കിലും അത് തന്നെ പതിനായിരക്കണക്കിനുണ്ടെന്നും വിജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in