പി കെ ശശിക്കെതിരെ പോലീസില്‍ പരാതി കൊടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല, ഡിവൈഎഫ് ഐ വനിതാ നേതാവ്  

പി കെ ശശിക്കെതിരെ പോലീസില്‍ പരാതി കൊടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല, ഡിവൈഎഫ് ഐ വനിതാ നേതാവ്  

ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിക്കെതിരെ പോലീസില്‍ പീഡന പരാതി നല്‍കുന്ന കാര്യം ആലോചിട്ടില്ലെന്ന് പാലക്കാട്ടെ ഡി വൈ എഫ് ഐ വനിതാ നേതാവ്. തന്റെ രാജി സ്വീകരിക്കില്ലെന്ന ഡി വൈ എഫ് ഐയുടെ നിലപാട് ശ്രദ്ധയില്‍ പെട്ടിട്ടില്ല. രാജിക്കത്ത് ജില്ലാ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും യുവതി ദി ക്യൂവിനോട് പറഞ്ഞു.

യുവതിയുടെ രാജിക്കത്തും തരംതാഴ്ത്തിയ നേതാവ് ജിനേഷിന്റെ പരാതിയും അടുത്ത ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതി ചേര്‍ന്നതിന് ശേഷമായിരിക്കും ജില്ലാ കമ്മിറ്റി യോഗം വിളിക്കുക. രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം എന്നാണ് സൂചന. പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സമിതിക്കും ജിനേഷ് പരാതി നല്‍കിയിട്ടുണ്ട്. ഇരയ്‌ക്കൊപ്പം നിന്നതിന് പ്രതികാര നടപടിയെടുത്തെന്നാണ് ജിനേഷിന്റെ ആരോപണം. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്കാണ് ജിനേഷിനെ തരംതാഴ്ത്തിയത്. ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, പുതുശ്ശേരി ബ്ലോക്കുകള്‍ നടപടിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പി കെ ശശി പറയുന്ന കാര്യങ്ങളാണ് ഡി വൈ എഫ് ഐ ജില്ലയില്‍ നടപ്പാക്കുന്നതെന്നാണ് മറുപക്ഷത്തുള്ളവരുടെ ആരോപണം.

ഡി വൈ ഐ എഫ് ജില്ലാ നേതൃത്വത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. പ്രായപരിധിയുടെ പേരിലാണ് ജില്ലാ സെക്രട്ടറി പ്രേംകുമാറിനെ മാറ്റിയത്. അതിനൊപ്പം ജിവേഷിനെതിരെയും നടപടി സ്വീകരിച്ചു. എന്നാല്‍ പി കെ ശശിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട നേതാവിന് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. തനിക്കൊപ്പം നിന്നവര്‍ക്കെതിരെ നടപടിയെടുത്തെന്ന് ആരോപിച്ചാണ് യുവതി രാജിവച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in