ആര്‍.എസ്സ്.എസ്സും എസ്.ഡി.പി.ഐയും കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.കെ സനോജ്

ആര്‍.എസ്സ്.എസ്സും എസ്.ഡി.പി.ഐയും കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.കെ സനോജ്

ആര്‍.എസ്സ്.എസ്സും എസ്.ഡി.പി.ഐയും കേരളത്തില്‍ കലാപത്തിനുള്ള ശ്രമം നടത്തുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. രണ്ട് സംഘടനകളും വലിയ അപകടമാണ് കേരളത്തില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. രണ്ട് തീവ്രവാദ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ആലപ്പുഴയില്‍ നടന്നിരിക്കുന്നത്. പരസ്പര സഹായസംഘം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആര്‍.എസ്സ്.എസ്സും എസ്.ഡി.പി.ഐയുമെന്നും വി.കെ സനോജ് ദ ക്യുവിനോട് പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും മതരാഷ്ട്രവാദികള്‍ അത് തുടരുകയാണ്. കലാപങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും ഇല്ലെങ്കില്‍ ഇവര്‍ക്ക് വളരാന്‍ കഴിയില്ല. യഥാര്‍ത്ഥ വിശ്വാസി സമൂഹത്തെ തെറ്റായ നിലയില്‍ നയിക്കാനുള്ള ആഹ്വാനവും കുറെ കാലമായി ഇവര്‍ നടക്കുന്നുണ്ട്. തലശ്ശേരിയിലെ വര്‍ഗ്ഗീയ മുദ്രാവാക്യവും പ്രചാരണങ്ങളും ഹലാല്‍ വിവാദവും ആര്‍.എസ്.എസ് ഇത്തരമൊരു അജണ്ടയുടെ ഭാഗമായി ഉണ്ടാക്കിയതാണ്. ആര്‍.എസ്.എസ് അനുഭാവികളുടെ പ്രൊഫൈലില്‍ നിന്നല്ല പ്രചരണം ഉണ്ടാകുന്നത്. ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ ഭാഗത്ത് നിന്നാണ് ഇത്തരം ആഹ്വാനങ്ങളും നുണപ്രചരണങ്ങളും ആരംഭിക്കുന്നതെന്നും വി.കെ സനോജ് വിമര്‍ശിച്ചു.

ആര്‍.എസ്.എസിനെ പ്രതിരോധിക്കാനെന്ന മട്ടില്‍ വിശ്വാസികളെ കൂട്ടുപിടിക്കാന്‍ ഇസ്ലാമിക തീവ്രവാദ രാഷ്ട്രീയ ശക്തികളും ശ്രമങ്ങള്‍ നടത്തുന്നു. ഇതെല്ലാം തിരിച്ചറിയുന്നവരും മതേതര മനസ്സുള്ളവരുമായ കേരളത്തിലെ വിശ്വാസി സമൂഹം ഇവരുടെ വലയില്‍ വീണിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും വെല്ലുവിളിയായി തന്നെ നില്‍ക്കുന്നു.

രക്തസാക്ഷിയായാല്‍ ഈ ലോകത്തിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിപ്പിക്കുകയാണ്. ഇത് തന്നെയാണ് ഐ.എസ് തീവ്രവാദികള്‍ ചെയ്യുന്നതും. തങ്ങളുടെ നേതാവിനെ ആര്‍.എസ്.എസുകാര്‍ കൊന്നതാണെങ്കിലും രക്തസാക്ഷിത്വം തങ്ങള്‍ ആഗ്രഹിച്ചതാണെന്നും ആഹ്ലാദിച്ച് കൊണ്ടാണെന്നും വിലാപ യാത്രയാണെന്ന് വിശേഷിപ്പിക്കരുതെന്നും എസ്.ഡി.പി.ഐയുടെ നേതാവ് പത്രക്കാരോട് പരസ്യമായി പറയുകയാണ്. വിശ്വാസത്തിന്റെ പേരിലൊക്കെ ഇവരുടെ സംഘത്തിലെത്തുന്ന ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. എല്ലാ മതരാഷ്ട്ര വാദികളും ചെയ്യുന്നത് ഇതാണ്.

കേരളത്തിന്റെ സെക്കുലര്‍ ബോധത്തെ ഇനിയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ദേശീയ പ്രസ്ഥാനം, ജന്‍മി-നാടുവാഴിത്ത വിരുദ്ധ കര്‍ഷക സമരങ്ങള്‍, ജാതിക്കെതിരായ പ്രതിഷേധങ്ങള്‍ എന്നിവയിലൂടെയെല്ലാമാണ് ഈ കേരളം സെക്കുലര്‍ സമൂഹമായത്. ആ ആശയത്തെ ശക്തമായി മുന്നോട്ട് കൊണ്ടു പോകണം. നൂറ് വര്‍ഷം മുമ്പ് ആലുവയില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ ചോദിച്ച ചോദ്യം വീണ്ടും ചോദിക്കേണ്ട സ്ഥിതിയാണ്. കാരണം അത്രമാത്രം ഇടുങ്ങിയ വഴികളിലൂടെ സമൂഹത്തെ നയിക്കുന്ന പ്രതിലോമ ശക്തികള്‍ കേരളത്തിലുണ്ട്. അവരെ തുറന്ന് കാട്ടി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും വി.കെ സനോജ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in