പി. ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജം; കണക്കുകള്‍ കൈയില്‍ ഉണ്ട്; ആരോപണം നിഷേധിച്ച് ഡി.വൈ.എഫ്.ഐ

പി. ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജം; കണക്കുകള്‍ കൈയില്‍ ഉണ്ട്; ആരോപണം നിഷേധിച്ച് ഡി.വൈ.എഫ്.ഐ

അന്തരിച്ച ഡി.വൈ.എഫ്.ഐ നേതാവ് പി. ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐയെ അപമാനിക്കാനുള്ള ഹീന തന്ത്രമാണ് നടക്കുന്നത്. ഒരു പരാതിയും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ പറഞ്ഞു. റെഡ് കെയര്‍ സെന്റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനം, എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നതെന്നും ഷിജു ഖാന്‍ പറഞ്ഞു.

നുണ പ്രചരിപ്പിക്കുന്ന ഹീന തന്ത്രത്തിന്റെ ഭാഗം. ഇത്തരം വാര്‍ത്തകള്‍ കാലഘട്ടത്തിന്റെ ദുര്യോഗമാണ്. യൂത്ത് കോണ്‍ഗ്രസിനെ പോലെ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാട് അല്ല ഡി.വൈ.എഫ്.ഐക്ക്. സുതാര്യമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്. അതുകൊണ്ട് വ്യാജ വാര്‍ത്തകളെ തള്ളിക്കളയണം എന്നും ഷിജു ഖാന്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ ഓരോ ബ്ലോക്ക് കമ്മിറ്റിയും കളക്ട് ചെയ്ത ഫണ്ടിനെ സംബന്ധിച്ചും, റെഡ് കെയറിനെ സംബന്ധിച്ചും കൃത്യമായ കണക്കും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഭദ്രമായി തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഷിജു ഖാന്‍ പറഞ്ഞു.

പി.ബിജുവിന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തി സമാഹരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്ന ആരോപണം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിനെതിരെയാണ് ഉയര്‍ന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം തുക ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് ആരോപണം.

പി. ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് പിരിച്ചതെന്നാണ് ആരോപണം.

Related Stories

No stories found.
The Cue
www.thecue.in