75ാം എപിസോഡ് ആഘോഷിക്കാന്‍ ആണോ നടിയുടെ കേസ് സൂക്ഷിച്ച് വെച്ചത്? ആര്‍. ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ഭാഗ്യലക്ഷ്മി

75ാം എപിസോഡ് ആഘോഷിക്കാന്‍ ആണോ നടിയുടെ കേസ് സൂക്ഷിച്ച് വെച്ചത്? ആര്‍. ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ഭാഗ്യലക്ഷ്മി

മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ ഐ.പി.എസിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഉന്നത സ്ഥാനത്ത് ഇരുന്ന ശ്രീ ലേഖ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യമുണ്ടിയിരുന്നെങ്കില്‍ അത് നേരത്തെ പറയാതിരുന്നതെന്നും രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കാതിരുന്നതെന്നും ഭാഗ്യ ലക്ഷ്മി ദ ക്യുവിനോട്.

ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ പൊലീസ് അന്വേഷണം വേണമെന്നും തെളിവുകളുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വിളിച്ചപ്പോള്‍ ശ്രീലേഖ പ്രതികരിക്കാന്‍ തയ്യാറാകാത്തതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

ജോലി ചെയ്തിരുന്ന സമയത്ത് ഇവര്‍ക്ക് പല ഉദ്യോഗസ്ഥരുമായിട്ടും ഉണ്ടായിരുന്ന രാഷ്ട്രീയ യുദ്ധം ഉണ്ടായിരുന്നു എന്ന് അവര്‍ യൂട്യൂബ് ചാനലില്‍ കൂടി തന്നെ പറഞ്ഞിട്ടുണ്ട്. ആ ദേഷ്യം തീര്‍ക്കാനുള്ള വേദിയല്ല ഇത്. കഴിഞ്ഞ ആറ് വര്‍ഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കേസ് തീരാറാവുന്ന ഘട്ടത്തില്‍ ഇവര്‍ പൊതുജനത്തേയും നിയമത്തെയും വെല്ലുവിളിക്കുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

75ാം എപിസോഡ് ആഘോഷിക്കാന്‍ ആയിരുന്നോ നടിയുടെ കേസ് ഇവര്‍ സൂക്ഷിച്ച് വെച്ചുകൊണ്ടിരുന്നത്? ആരാണ് ഇവരോടൊപ്പം ചേര്‍ന്ന് നിന്ന് കളിക്കുന്നത്? ഇവരെ തീര്‍ച്ചയായും ചോദ്യം ചെയ്യുക തന്നെ വേണം. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്നത് പുറത്തുവന്നേ പറ്റൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ശ്രീലേഖ ഐപിഎസ് രംഗത്തെത്തിയത്. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ആണ്. അത് മറ്റൊരു ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ. ജയിലില്‍ നിന്നും മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് സുനി അല്ല എഴുതിയത്. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസ് പറഞ്ഞിട്ടാണ് അത്തരമൊരു കത്ത് എഴുതിയതെന്നും ശ്രീലേഖ പറയുന്നു.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും ദിലീപ് നിരപരാധിയാണെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നുമാണ് ശ്രീലേഖയുടെ അവകാശ വാദം. പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍

ബാലചന്ദ്രകുമാര്‍ എന്ന് പറയുന്ന ഒരു വ്യക്തി ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരും, പൊതു സമൂഹവും കോടതിയുമൊക്കെ ചോദിച്ചത് എന്തുകൊണ്ട് നിങ്ങള്‍ ഇത്ര വര്‍ഷം ഇത് പുറത്തു പറഞ്ഞില്ല എന്നാണ്. ബാലചന്ദ്രകുമാര്‍ എന്ന് പറയുന്ന വ്യക്തി വളരെ സാധാരണ മനുഷ്യനാണ്. ഭയന്നിട്ടാണ് ഒന്നും പറയാതിരുന്നത് എന്ന് അയാള്‍ പറഞ്ഞു. പക്ഷെ ശ്രീലേഖ ഐ.പി.എസ് എന്ന് പറയുന്ന വ്യക്തി അങ്ങനെ അല്ല. അവര്‍ ജയില്‍ ഡി.ജി.പി ആയിരിക്കുന്ന കാലത്താണ് ഇത് സംഭവിക്കുന്നത്. ഇതിനു മുമ്പും പള്‍സര്‍ സുനി ചില നടിമാരോട് ഇങ്ങനെ ചെയ്തിട്ടുണ്ട് അതെനിക്ക് അറിയാമായിരുന്നു. അതിന് പിന്നീട് ഞാന്‍ അവരെ വഴക്ക് പറഞ്ഞു വിട്ടിട്ടുണ്ട് ഇങ്ങനെയുള്ള കാര്യങ്ങളാണ് അവര്‍ പറയുന്നത്. 2012ല്‍ സുപ്രീം കോടതിയുടെ ഒരു അമന്‍ഡ്‌മെന്റ് വന്നിട്ടുണ്ട്. ഒരു ബലാത്സംഗ കേസ് അറിഞ്ഞാല്‍ അത് മറച്ചുവെക്കുന്നതും ഗുരുതരമായ കുറ്റമാണ് എന്ന്. ഇവര്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞിട്ടുണ്ട്, ഒരു ഉദ്യോഗസ്ഥ ഇവരോട് പറഞ്ഞു, ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ഒരു പീഡന പരാതി കൊടുത്തു. പക്ഷെ ഇവര്‍ അത് ഒതുക്കി തീര്‍ത്തു എന്ന്. അപ്പോള്‍ ഇവരുടെ മുന്നില്‍ വന്നിട്ടുള്ള പല കേസുകളും ഒതുക്കി തീര്‍ത്ത, പല പെണ്‍കുട്ടികള്‍ക്കും നീതി നിഷേധിച്ച ഒരു വ്യക്തിയാണ് ഇവര്‍.

ഇവര്‍ക്ക് വേണമെങ്കില്‍ പറയാം, സര്‍വീസിലിരിക്കെ പ്രോട്ടോക്കോള്‍ പ്രകാരം ഡിപാര്‍ട്ട്‌മെന്റിനുള്ളില്‍ നടക്കുന്നതില്‍ ഒന്നും പറയാന്‍ പറ്റില്ല. ചില കാര്യങ്ങളില്‍ കണ്ണടയ്‌ക്കേണ്ടി വരും എന്ന്. പക്ഷെ, ഇവര്‍ റിട്ടയര്‍ ചെയ്തിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷത്തോളമായി എന്നാണ് എന്റെ വിശ്വാസം. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഇവര്‍ക്ക് മുഖ്യമന്ത്രിക്കൊരു പരാതി നല്‍കാമായിരുന്നില്ലേ. ബാലചന്ദ്രകുമാര്‍ അതല്ലേ ചെയ്തത്. ആദ്യം പരാതി അയച്ചത് മുഖ്യമന്ത്രിക്കാണ്. അതിന് ശേഷമാണ് ഒരു മുഖ്യധാര മാധ്യമം വഴി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അപ്പോള്‍ ഉന്നത ഉദ്യോഗസ്ഥ സ്ഥാനത്ത് നിന്ന് റിട്ടയര്‍ ചെയ്ത ഒരു വ്യക്തിയായ ശ്രീലേഖ എന്തുകൊണ്ട് ദിലീപ് നിരപരാധിയാണ് എന്ന തെളിവുകള്‍ വെച്ചുകൊണ്ട് ഒരു പരാതി മുഖ്യമന്ത്രിക്ക് അയച്ചില്ല? എന്തുകൊണ്ട് മാധ്യമങ്ങളെ മുഴുവന്‍ വിളിച്ച് ഒരു പത്രസമ്മേളനം വിളിച്ചില്ല. പണം ഉണ്ടാക്കുന്നതിന് തന്നെയാണ് നാട്ടില്‍ എല്ലാവരും യൂട്യൂബ് ചാനല്‍ നടത്തുന്നത്. ഇവര്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട് അതിന്റെ 75ാം എപിസോഡ് ആഘോഷിക്കാന്‍ ആയിരുന്നോ നടിയുടെ കേസ് ഇവര്‍ സൂക്ഷിച്ച് വെച്ചുകൊണ്ടിരുന്നത്? ആരാണ് ഇവരോടൊപ്പം ചേര്‍ന്ന് നിന്ന് കളിക്കുന്നത്? ഇവരെ തീര്‍ച്ചയായും ചോദ്യം ചെയ്യുക തന്നെ വേണം. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്നത് പുറത്തുവന്നേ പറ്റൂ.

ജോലി ചെയ്തിരുന്ന സമയത്ത് ഇവര്‍ക്ക് പല ഉദ്യോഗസ്ഥരുമായിട്ടും ഉണ്ടായിരുന്ന രാഷ്ട്രീയ യുദ്ധം ഉണ്ടായിരുന്നു എന്ന് അവര്‍ യൂട്യൂബ് ചാനലില്‍ കൂടി തന്നെ പറഞ്ഞിട്ടുണ്ട്. ആ ദേഷ്യം തീര്‍ക്കാനുള്ള വേദിയല്ല ഇത്. കഴിഞ്ഞ ആറ് വര്‍ഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കേസ് തീരാറാവുന്ന ഘട്ടത്തില്‍ ഇവര്‍ പൊതുജനത്തേയും നിയമത്തെയും വെല്ലുവിളിക്കുകയാണ്. ഇത്രയും കാലം പൊതുജനത്തിന്റെ പണവും വാങ്ങി ഇപ്പോള്‍ പെന്‍ഷനും വാങ്ങി യൂട്യൂബിലൂടെ കഥ പറഞ്ഞു കളിക്കുന്നോ?

ഇവര്‍ എന്ത് കണ്ടുപിടിച്ചെന്നാണ് ഇപ്പോള്‍ പറയുന്നത് ഫോണ്‍ കിട്ടിയത് ജയിലില്‍ നിന്ന് തന്നെയാണെന്ന് നേരത്തെ തന്നെ പുറത്തുവന്ന കാര്യമല്ലേ. പൊതുജനങ്ങള്‍ക്കും കാര്യങ്ങള്‍ ബോധ്യമായി വരികയാണ്.

തെളിവുകളുണ്ടെങ്കില്‍ പുറത്തുവിടട്ടെ. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വിളിച്ചപ്പോള്‍ അവര്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നത്. എന്താണ് അവര്‍ക്ക് പ്രതികരിക്കാന്‍ മടി? ആലുവ സബ് ജയിലിന്റെ വഴിയേ പോയപ്പോള്‍ അവനെ ഒന്ന് കാണാന്‍ പോയി. ഭയങ്കര സഹാതാപം തോന്നി എന്നാണ് പറഞ്ഞത്. ഇതിനേക്കാള്‍ ബുദ്ധിമുട്ടോടെയാണ് അവള്‍ അവിടെ ഇരുന്നത്. അവളെ ഒന്ന് കാണാന്‍ അവര്‍ക്ക് തോന്നിയില്ലല്ലോ.

ആരെയാണ് ഇവര്‍ ഇരയായി കാണുന്നത്? പ്രതിസ്ഥാനത്തുള്ള വ്യക്തിയെ ആണോ? ഞങ്ങളാരും ദിലീപ് തന്നെയാണ്, ദിലീപ് മാത്രമാണ് പ്രതി എന്ന് പറഞ്ഞിട്ടില്ല. അതൊരു സംശയമാണ്. അതിലാണ് ഇവിടെ കേസ് നടന്നുകൊണ്ടിരിക്കുന്നത്. വിധി വരുന്നതുവരെ ഞങ്ങള്‍ സംശയിച്ചുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in