ഒറ്റപ്പെട്ട സംഭവമായി കാണണം, അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരെ നിരാശരാക്കരുത്; മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതില്‍ ജോ ജോസഫ്

ഒറ്റപ്പെട്ട സംഭവമായി കാണണം, അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരെ നിരാശരാക്കരുത്; മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതില്‍ ജോ ജോസഫ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ജോ ജോസഫ്. ദൃശ്യമാധ്യമങ്ങളില്‍ കൂടി ലഭിക്കുന്ന ചിത്രങ്ങളില്‍നിന്നും കാര്യങ്ങള്‍ അല്‍പം ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെട്ടോയെന്ന പൊതുജനത്തിന്റെ സംശയം സാധൂകരിക്കപ്പെടില്ലേ എന്നൊരു ചിന്തയുണ്ടെന്ന് ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തില്‍ അവയവദാനത്തെ കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാനിടയുണ്ട്. അവ തിരുത്തേണ്ടത് അനിവാര്യമാണെന്നും ജോ ജോസഫ്.

അവയവദാനത്തെ എതിര്‍ക്കുന്ന വ്യക്തികളും സംഘടനകളും ഇതൊരു സുവര്‍ണ്ണാവസരമായി ഉപയോഗിക്കുന്നുണ്ട്. മരണാനന്തരമുള്ള അവയവദാനം കേരളത്തില്‍ വളരെ സുതാര്യമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഗവണ്‍മെന്റിന്റെ കര്‍ശനമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണിതെന്ന് ജോ ജോസഫ് പറഞ്ഞു. ഈ ഒറ്റപ്പെട്ട സംഭവത്തെ നാം ഒറ്റപ്പെട്ട സംഭവമായി മാത്രമേ കാണേണ്ടതുള്ളു. ഇതിനെ സാമാന്യവത്കരിച്ചു അവയവങ്ങള്‍ക്കു വേണ്ടി മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അനേകരെ നിരാശയിലാഴ്ത്തരുത്. അത്തരം പ്രചാരണങ്ങള്‍ ശാസ്ത്രബോധമുള്ള സമൂഹത്തിന് ഭൂഷണമല്ലെന്നും ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഡോ.ജോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അവശേഷിക്കുന്ന 'നന്മത്വം' നഷ്ടപ്പെടാനിടയാക്കരുത്.

അവയവദാനത്തെ ഒരു മഹാദാനമായാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത് വളരെ ചുരുങ്ങിയ ഒരു നിര്‍വചനമാണ്. പ്രശസ്ത ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനായ ഡോ .ജോസ് ചാക്കോ പെരിയപ്പുറം അവയവമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് 'നന്മത്വം'. മനുഷ്യന്റെ/ സമൂഹത്തിന്റെ നന്മയുടെ മൂര്‍ത്തമായ പ്രകടനമാണ് ഓരോ അവയവദാനവും. അതുകൊണ്ടുതന്നെ മഹാദാനം എന്നൊരു പൊതു സംജ്ഞയില്‍ ഒതുക്കപ്പെടേണ്ടതല്ല അവയൊന്നും.

മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയില്‍ നിന്നും അവയവം വേര്‍പെടുത്തി അത് തുന്നിപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന രോഗിയില്‍ എത്തിക്കുന്ന പ്രക്രിയയെയാണ് ഡോണര്‍ റണ്‍ (donor run)എന്നു പറയുന്നത്. അനേകം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ആകാശമാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും ഈ ഓട്ടം നടത്തിയിട്ടുള്ള ഒരാളാണ് ഞാന്‍.

കേരളമാകെ ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്ന , എറണാകുളത്തു നിന്നും തിരുവനന്തപുരം വരെ കിഡ്‌നിയുമായി നടന്ന ,ഇന്നലത്തെ ഡോണര്‍ റണ്ണിലും നേരിട്ടല്ലെങ്കിലും ഞാനും പങ്കെടുത്തു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള എന്റെ യാത്രക്കിടയില്‍ പോലീസ് എസ്‌കോര്‍ട്ടൊടു കൂടി എതിര്‍ദിശയില്‍ പാഞ്ഞു വന്ന ഈ ആംബുലന്‍സിന് കടന്നുപോകാന്‍ സ്ഥലവും സൗകര്യം ഒരുക്കുവാന്‍ വാഹനം മാറ്റി ഒതുക്കിയ അനേകം പൗരന്മാരില്‍ ഒരാളാണ് ഞാന്‍.

നിര്‍ഭാഗ്യവശാല്‍ ഇന്നലെ ആ അവയവം സ്വീകരിച്ച രോഗി മരണപ്പെടുകയാണുണ്ടായത്. അതിന്റെ കാരണങ്ങള്‍ കണ്ടെത്താനായി ഗവണ്‍മെന്റ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നേരിട്ട് അറിവില്ലാത്ത ഒരു കാര്യമായതു കൊണ്ട് തന്നെ മരണകാരണത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഉചിതവും വസ്തുതാപരവുമാകാനുള്ള സാധ്യത കുറവാണ്. എങ്കിലും ദൃശ്യമാധ്യമങ്ങളില്‍ കൂടി ലഭിക്കുന്ന ചിത്രങ്ങളില്‍നിന്നും കാര്യങ്ങള്‍ അല്പം ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെട്ടോയെന്ന പൊതുജനത്തിന്റെ സംശയം സാധൂകരിക്കപ്പെടില്ലേ എന്നൊരു ചിന്ത.

പക്ഷേ ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊതുസമൂഹത്തില്‍ അവയവദാനത്തെ കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാനിടയുണ്ട്. അവ തിരുത്തുക എന്നത് ഒരു പൊതുജനാരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ എന്റെയും ഉത്തരവാദിത്വമാണ് എന്നതുകൊണ്ടാണ് ഈ കുറിപ്പ്.

അവയവദാനത്തെ എതിര്‍ക്കുന്ന വ്യക്തികളും സംഘടനകളും ഇതൊരു സുവര്‍ണ്ണാവസരമായി ഉപയോഗിക്കുന്നുണ്ട്. മരണാനന്തരമുള്ള അവയവദാനം കേരളത്തില്‍ വളരെ സുതാര്യമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഗവണ്‍മെന്റിന്റെ കര്‍ശനമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണിത്. ഇതിന്‍മേലുള്ള നിയന്ത്രണങ്ങളുടെ കാര്‍ക്കശ്യം അല്‍പ്പം കൂടുതലാണ് എന്ന് പോലും വിദഗ്ദാഭിപ്രായങ്ങളുമുണ്ട്. അവയവദാനത്തിനു വേണ്ടി സര്‍ക്കാര്‍ ഒരുക്കിയ സംവിധാനമാണ് കെ.എന്‍.ഒ.എസ് (കേരള നെറ്റ്വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്). ഈ സര്‍ക്കാര്‍ സംവിധാനത്തിന്റെ കീഴിലുള്ള മരണാനന്തര അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി.

കേരളത്തില്‍ എവിടെയും ആശുപത്രികളില്‍ നടക്കുന്ന ഓരോ മസ്തിഷ്‌കമരണവും സര്‍ക്കാരിനെ അറിയിക്കേണ്ടതാണ്. സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പാനലാണ് ഓരോ മസ്തിഷ്‌കമരണവും സ്ഥിരീകരിക്കുന്നത്. ഈ പരിശോധനകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് പോലും നിര്‍ദ്ദേശമുണ്ട്. ഇത്തരം നിയന്ത്രങ്ങളുടെ കാര്‍ക്കശ്യം മൂലവും, അസമയത്തും അവധിദിവസങ്ങളിലുമെല്ലാം പാനലില്‍ ഡോക്ടര്‍മാരെ ലഭ്യമാക്കുവാനുള്ള ബുദ്ധിമുട്ട് മൂലവും, മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലവും ചില ആശുപത്രികളെങ്കിലും മസ്തിഷ്‌കമരണങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ മെനക്കെടാറില്ല.

കേരളത്തെ മൂന്നു മേഖലകളായി തിരിച്ചാണ് അവയവദാനം ക്രമീകരിച്ചിരിക്കുന്നത് സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ .അവയവം ലഭ്യമാകുന്ന സോണിലെ രോഗികള്‍ക്കു മുന്‍ഗണനയുണ്ട്. ഉദാഹരണത്തിന് സൗത്ത് സോണിലാണ് അവയവം ലഭ്യമാകുന്നതെങ്കില്‍ അതേ സോണില്‍ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്ന രോഗികള്‍ക്കാണ് മുന്‍ഗണ . ആ സോണില്‍ രോഗികള്‍ ഇല്ലെങ്കില്‍ മാത്രമേ മറ്റു സോണുകളിലുള്ള രോഗികള്‍ക്ക് നല്‍കുകയുള്ളൂ. കേരളത്തില്‍ ആ അവയവം വേണ്ട രോഗികള്‍ ഇല്ലെങ്കില്‍ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്ക് അവയവം കൊടുക്കാറുള്ളൂ. ഇതെല്ലാം കെ .എന്‍. ഒ. എസിന്റെ പൂര്‍ണമായ നിയന്ത്രണത്തിലാണ്. മാത്രവുമല്ല രണ്ടു കിഡ്‌നികള്‍ ലഭ്യമായാല്‍ അതിലൊന്ന് നിര്‍ബന്ധമായും ഏതെങ്കിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്ക് നല്‍കണം . രണ്ടും സ്വകാര്യ ആശുപത്രികളിലേക്ക് നല്‍കാനാകില്ല. ഇങ്ങനെ സമ്പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിനു വിധേയമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് കേരള മരണാനന്തര അവയവദാന സംവിധാനം.

എന്നാല്‍ ചില വ്യക്തികളും സംഘടനകളും ഇതൊന്നും മനസ്സിലാക്കാതെ മനപ്പൂര്‍വ്വമെന്നോണം തെറ്റിദ്ധാരണകള്‍ പടര്‍ത്തി അവയവദാനങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു വരുന്നു. ഇതിന്റെ തിക്തഫലം കേരളത്തിലെ ആരോഗ്യ മേഖല അനുഭവിക്കുകയും ചെയ്യുന്നുണ്ട്. 2016- 17 കാലഘട്ടത്തില്‍ ഇന്ത്യയില്‍തന്നെ ഏറ്റവുമധികം അവയവദാനം നടന്നിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. അക്കാലത്ത് വളരെ പുറകിലായിരുന്ന പല സംസ്ഥാനങ്ങളും മുന്നോട്ടു കുതിക്കുമ്പോള്‍ നാമിപ്പോള്‍ വളരെ പിന്നിലാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം അവയവദാനം നടക്കുന്ന സംസ്ഥാനമാണ് നമ്മുടെ തൊട്ടയല്പക്കമായ തമിഴ്‌നാട്.

സര്‍ക്കാര്‍ മേഖലയില്‍ നടക്കുന്ന അവയവദാന ശസ്ത്രക്രിയകളെ ഇകഴ്ത്തി കാണിക്കാനും ചില ആസൂത്രിതശ്രമങ്ങള്‍ നടക്കുന്നുണ്ട് .

ഇന്ത്യയിലെന്നല്ല, ഒരുപക്ഷേ ലോകത്തില്‍ തന്നെ ഏറ്റവും കോസ്റ്റ് എഫക്റ്റീവ് ആയി അവയവദാന ശസ്ത്രക്രിയകള്‍ നടക്കുന്ന സ്ഥലമാണ് കേരളം. ഇത്തരം ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന ചെലവില്‍ സാധ്യമാക്കുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ മേഖലയുടെ പങ്ക് വളരെ പ്രധാനമാണ്. ഇന്ന് എല്ലാവിധ പ്രധാനപ്പെട്ട അവയവമാറ്റ ശസ്ത്രക്രിയകളും -ഹൃദയം, കരള്‍ ,കിഡ്‌നി- സര്‍ക്കാര്‍മേഖലയില്‍ ലഭ്യമാണ്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ശേഷം ഏറ്റവും മികച്ച ഹൃദയമാറ്റ ശസ്ത്രക്രിയ സംവിധാനമുള്ളതു കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ്. സര്‍ക്കാര്‍ മേഖലയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ വിഭാഗം എങ്ങനെ ഒരുക്കാമെന്നുള്ള കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനായ ഡോക്ടര്‍ ജയകുമാറിന്റെ പ്രെസെന്റഷന്‍ ഇന്ത്യ ഒട്ടാകെയുള്ള ഹൃദയ രോഗ വിദഗ്ധര്‍ കാതുകൂര്‍പ്പിച്ചു കേട്ടിരുന്നത് ഞാനിപ്പോഴും അഭിമാനത്തോടെ ഓര്‍ക്കുന്നു.

അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവും സാമാന്യവല്‍ക്കരിക്കാനൊട്ടും പറ്റാത്തതുമായ ഒരു സംഭവത്തെ സാമാന്യവല്‍ക്കരിച്ചാല്‍ അത് നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്രയും സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മനോധൈര്യം ചോര്‍ത്തും എന്നതില്‍ യാതൊരു സംശയവുമില്ല.

പ്രസ്തുത സംഭവത്തില്‍ മരണകാരണം അവയവം തുന്നിച്ചേര്‍ക്കാന്‍ താമസിച്ചതു കൊണ്ടാണ് എന്ന് പ്രചരണം ശാസ്ത്രീയമായി ശരിയാകാനിടയില്ല. ശസ്ത്രക്രിയയ്ക്ക് ഏതാനും മണിക്കൂറിനുള്ളില്‍ രോഗി മരണപ്പെടുകയാണെങ്കില്‍ പ്രധാനമായും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമോ ഓപ്പറേഷന്റെ സങ്കീര്‍ണത മൂലമോ ആകാനാണ് സാധ്യത. വച്ചുപിടിപ്പിച്ച അവയവം പ്രവര്‍ത്തനം പുനരാരംഭിച്ചില്ലെങ്കില്‍ തന്നെ ഡയാലിസിസ് മുതലായ സംവിധാനങ്ങളിലൂടെ രോഗിയുടെ ജീവന്‍ സംരക്ഷിക്കാന്‍ സാധിക്കും.

അവയവ മാറ്റ ശസ്ത്രക്രിയ പരാജയപ്പെടാനുള്ള പ്രധാന കാരണം റിജക്ഷന്‍ അഥവാ അവയവ തിരസ്‌കരണമാണ്. ഇതും ചികിത്സിക്കാന്‍ ധാരാളം മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്.

ഈ ഒറ്റപ്പെട്ട സംഭവത്തെ നാം ഒറ്റപ്പെട്ട സംഭവമായി മാത്രമേ കാണേണ്ടതുള്ളു. ഇതിനെ സാമാന്യവത്കരിച്ചു അവയവങ്ങള്‍ക്കു വേണ്ടി മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അനേകരെ നിരാശയിലാഴ്ത്തരുത്. അത്തരം പ്രചാരണങ്ങള്‍ ശാസ്ത്രബോധമുള്ള സമൂഹത്തിന് ഭൂഷണമല്ല. ഈ കുറിപ്പ് എഴുതുന്ന ഇന്നേദിവസം കേരളത്തില്‍ ഏകദേശം രണ്ടായിരത്തോളം രോഗികള്‍ വൃക്കക്ക് വേണ്ടി മാത്രമായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരാണ് എന്നു നാം മറക്കരുത്.

നമ്മില്‍ അവശേഷിക്കുന്ന നന്മത്വത്തിന്റെ കണികകള്‍ കൈമോശം വരാതെ നമുക്ക് നോക്കാം.

The Cue
www.thecue.in