സഭയുടെ നോമിനി എന്നത് ആരോപണം മാത്രം, സാമുദായിക വോട്ട് വേണ്ടെന്ന് പറയില്ലെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി

സഭയുടെ നോമിനി എന്നത് ആരോപണം മാത്രം, സാമുദായിക വോട്ട് വേണ്ടെന്ന് പറയില്ലെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി

അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിയായ വിവരം അറിയുന്നതെന്ന് തൃക്കാക്കര ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇടതുപക്ഷമാണ് ഹൃദയപക്ഷം. ഒരു ഹൃദയരോഗ വിദഗ്ധനായ ഞാന്‍ എന്നും ഹൃദയപക്ഷത്തായിരുന്നു. സ്ഥാനാര്‍ത്ഥിയാക്കാന്‍ സാമുദായിക സംഘടകളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അത് വെറും ആരോപണമാണെന്നും ജോ ജോസഫ് പറഞ്ഞു.

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ജോ. ജോസഫിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നേരത്തെ അഡ്വ. കെ.എസ്. അരുണ്‍കുമാറിനെ മത്സരിപ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മെയ് 31 നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണും.

ജോ ജോസഫിന്റെ വാക്കുകള്‍

സ്ഥാനാര്‍ത്ഥിയാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിയായ വിവരം അറിയുന്നത്. ഇന്ന് രാവിലെ കൂടി ജോലിക്ക് പോയതായിരുന്നു. കുറച്ച് കേസുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഇടയിലാണ് ഇങ്ങനെ ചര്‍ച്ച നടക്കുന്നുണ്ടെന്ന് അറിയുന്നത്.

ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം കിട്ടിയത് ഏറ്റവും വലിയ പ്രിവിലേജും ഭാഗ്യവുമായി കരുതുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരിന് കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുന്നത്. വികസനവും കരുതലും ആദ്യത്തെ പിണറായി സര്‍ക്കാര്‍ നല്‍കി എന്നത് തന്നെയാണ് തുടര്‍ഭരണം ലഭിക്കാന്‍ കാരണം.

ഒരു ഹൃദയരോഗ വിദഗ്ധനായ ഞാന്‍ എന്നും ഹൃദയപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നു.

നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ട്. കോട്ടയത്തിന്റെ കിഴക്കന്‍ പ്രദേശത്ത് നിന്ന് വന്നയാളാണ്. ഇടതുപക്ഷത്തിലേക്ക് എല്ലാ മത വിഭാഗങ്ങളും ഇന്ന് വരികയാണ്. അതിന്റെ പ്രസക്തി വര്‍ദ്ധിച്ച് വരികയാണ്.

കോന്നിയും വട്ടിയൂര്‍കാവും പാലയും നമുക്ക് ഉദാഹരണമാണ്. ഏത് മണ്ഡലവും ഇടതുപക്ഷം വിചാരിച്ചുകഴിഞ്ഞാല്‍ വിജയിക്കാന്‍ സാധിക്കും. ഞാന്‍ എല്ലാ കാലത്തും ഇടതുപക്ഷക്കാരനായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒരു സാമുദായിക സംഘടനകളുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. ഒരു ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയില്‍ ഉണ്ടായ ഇടപെടലുകള്‍ കൊണ്ടായിരിക്കാം ഒരുപക്ഷെ എന്നെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയത്. സാമുദായിക സംഘടനയുടെ വോട്ട് വേണ്ടെന്ന് ഇന്നുവരെ ഞാന്‍ പറഞ്ഞിട്ടില്ല.

എല്ലാവരുടെയും വോട്ട് കിട്ടിയാലേ ജയിക്കാന്‍ സാധിക്കൂ. ആരും സാമുദായിക സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയില്ല. സഭയുടെ നോമിനി എന്നത് ആരോപണം മാത്രം. ഞാന്‍ സഭയുടെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സത്യമാണ്. അതുകൊണ്ട് സഭയുടെ സ്ഥാനാര്‍ത്ഥിയാകുന്നു എന്നത് സത്യമല്ല. ഇടതുപക്ഷ സഹയാത്രികനായിരുന്നു എല്ലാക്കാലവും. ഒരിക്കലും അരാഷ്ട്രീയവാദി ആയിരുന്നില്ല.