ഗുജറാത്ത് വിട്ട് പുറത്ത് പോകരുത്, പാസ്‌പോര്‍ട്ടും ഹാജരാക്കണം; ജിഗ്നേഷ് മേവാനി സംസ്ഥാനം വിടുന്നത് വിലക്കി കോടതി

ഗുജറാത്ത് വിട്ട് പുറത്ത് പോകരുത്, പാസ്‌പോര്‍ട്ടും ഹാജരാക്കണം;  ജിഗ്നേഷ് മേവാനി സംസ്ഥാനം വിടുന്നത് വിലക്കി കോടതി

ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി സംസ്ഥാനം വിട്ട് പുറത്ത് പോകരുതെന്ന് മെഹ്‌സാന സെഷന്‍സ് കോടതി ഉത്തരവ്. കോടതി അനുമതിയില്ലാതെ ജിഗ്നേഷ് ഗുജറാത്തിന് പുറത്ത് പോകരുതെന്നാണ് നിര്‍ദേശം. പൊലീസ് അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ചു എന്ന 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതി ഉത്തരവ്.

ദളിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചു പിടിക്കാന്‍ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് ആഹ്വാനം ചെയ്തതായിരുന്നു മാര്‍ച്ച്. ജിഗ്നേഷിനൊപ്പം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത 10 പേര്‍ക്കും സംസ്ഥാനം വിടാന്‍ അനുമതിയില്ല.

കഴിഞ്ഞ മെയ് 5 ന് കേസില്‍ ജിഗ്നേഷ് മേവാനിക്കും മറ്റ് പ്രതികള്‍ക്കും മജിസ്‌ട്രേറ്റ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് സെഷന്‍സ് കോടതി കേസില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചുവെങ്കിലും ഗുജറാത്ത് വിട്ട് പുറത്ത് പോകരുതെന്ന് ഉത്തരവിടുകയായിരുന്നു. പാസ്‌പോര്‍ട്ട് കോടതിക്ക് മുന്നില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്.

തന്നെ ബുദ്ധിമുട്ടിക്കാന്‍ കിട്ടുന്ന ഒരവസരവും ഗുജറാത്ത് സര്‍ക്കാര്‍ ഒഴിവാക്കുന്നില്ലെന്ന് ജിഗ്നേഷ് പറഞ്ഞു. 'ഞങ്ങളുടെ ആസാദ് കൂച്ച് യാത്രയില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് 50 വര്‍ഷമായി സാമൂഹിക വിരുദ്ധര്‍ കയ്യേറിയ ഭൂമി ആദിവാസികള്‍ക്ക് ലഭിച്ചു. പാവപ്പെട്ടവര്‍ക്കും, ഭൂരഹിതര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഗുജറാത്തിലുള്ളത്. അതുകൊണ്ട് മാര്‍ച്ച് അനിവാര്യമായിരുന്നു,' ജിഗ്നേഷ് മേവാനി പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ക്യാമ്പയിന് വേണ്ടി ജിഗ്നേഷ് മേവാനി കേരളത്തിലെത്തിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് വേണ്ടി യുവതയെ ഏകോപിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ദ ക്യുവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in