നബി വിരുദ്ധ പരാമര്‍ശം; ഇത്തരം മതഭ്രാന്തുകള്‍ അനുവദിക്കരുതെന്ന് ഇന്ത്യയോട് താലിബാന്‍

നബി വിരുദ്ധ പരാമര്‍ശം; ഇത്തരം മതഭ്രാന്തുകള്‍ അനുവദിക്കരുതെന്ന് ഇന്ത്യയോട് താലിബാന്‍

ബി.ജെ.പി നേതാവിന്റെ നബി വിരുദ്ധ പ്രസ്താവന മതഭ്രാന്തെന്ന് താലിബാന്‍. ഇസ്‌ലാമിനെ അധിക്ഷേപിക്കുകയും മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം മതഭ്രാന്തുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ആവശ്യപ്പെട്ടു.

ഇതിനിടെ, വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിന് പുറമേ ഇറാന്‍, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്തൊനീഷ്യ, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളാണ് പരാമര്‍ശത്തെ അപലപിച്ചത്.

അതേസമയം ബി.ജെ.പി വക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ കൊച്ചിയില്‍ പറഞ്ഞു. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വാണിജ്യ മന്ത്രി പറഞ്ഞു. നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി ആവശ്യമായ നടപടി എടുക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ടവരല്ല പരാമര്‍ശം നടത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in