മകളെ ഉപദ്രവിച്ചത് സ്ത്രീധനം നൽകിയ വണ്ടി ഇഷ്ട്ടപ്പെടാത്തത് കൊണ്ടെന്ന് യുവതിയുടെ അച്ഛൻ; ക്രൂരതകൾ വെളിവാക്കുന്ന ചാറ്റുകൾ പുറത്ത്

മകളെ ഉപദ്രവിച്ചത് സ്ത്രീധനം നൽകിയ വണ്ടി ഇഷ്ട്ടപ്പെടാത്തത് കൊണ്ടെന്ന് യുവതിയുടെ അച്ഛൻ; ക്രൂരതകൾ വെളിവാക്കുന്ന ചാറ്റുകൾ പുറത്ത്

കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ അച്ഛന്റെ പ്രതികരണം.'ഒരേക്കർ ഇരുപത് സെന്റ് വസ്തു,100 പവൻ സ്വർണ്ണം, പത്ത് ലക്ഷത്തിനകത്ത് ഒരു വണ്ടി എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ കൊടുത്ത വണ്ടി അവനിഷ്ടപ്പെട്ടില്ല. വണ്ടി വേണ്ട, പണം മതി എന്ന് പറഞ്ഞ് മോളെ നിരന്തരം ഉപദ്രവിക്കുമെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ നിലമേലിൽ നിന്നും ശാസ്‌താംകോട്ടയിലേക്ക് എത്തുകയായിരുന്നു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. വിവാഹത്തിന് ശേഷം സ്ത്രീധന തുകയെ ചൊല്ലി സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ കിരൺ എപ്പോഴും പെൺകുട്ടിയെ മർദ്ദിക്കുമായിരുന്നെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. ആരോപണം വെളിപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശങ്ങളും മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും പെൺകുട്ടി ബന്ധുക്കൾക്ക് ഇന്നലെ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണവും സംഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.

പെൺകുട്ടിയുടെ മൃതദേഹം ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് . രാവിലെ നിലമേലിൽ നിന്നും വരുന്നതിന് മുൻപ് മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ അഞ്ച് മണിക്കൂറായി മോർച്ചറി സൗകര്യം പോലുമില്ലാത്ത ആശുപത്രിലേക്ക് പെൺകുട്ടിയെ മാറ്റിയിരിക്കുന്നത് തെളിവുകൾ നശിപ്പുന്നതിന് വേണ്ടിയാണെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ആരോപണങ്ങളെ കുറിച്ച് പോലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പെൺകുട്ടിയുടെ ഭർത്താവോ ഭർതൃവീട്ടുകാരോ സംഭവത്തെ കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in