വിസ്മയ 5500 രൂപ ചോദിച്ചിരുന്നു; നാട്ടുകാർ അതുമിതും പറയത്തില്ലേ, എങ്ങനെയും പിടിച്ച് നിൽക്കാമെന്ന് മോള് പറഞ്ഞെന്ന് അമ്മ

വിസ്മയ  5500 രൂപ ചോദിച്ചിരുന്നു; നാട്ടുകാർ അതുമിതും പറയത്തില്ലേ, എങ്ങനെയും പിടിച്ച് നിൽക്കാമെന്ന് മോള് പറഞ്ഞെന്ന് അമ്മ

കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ പരീക്ഷ ഫീസ് അടയ്ക്കുവാനായി 5500 രൂപ ചോദിച്ചു കൊണ്ട് വിളിച്ചിരുന്നതായി അമ്മയുടെ പ്രതികരണം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു തന്നെ അവസാനമായി വിളിച്ചതെന്നും വിസ്മയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് കിരൺ കാശ് തരില്ലേ എന്ന് ചോദിച്ചപ്പോൾ വഴക്ക് പറയുമെന്നായിരുന്നു വിസ്മയയുടെ മറുപടി.

വിസ്മയയുടെ അമ്മയുടെ പ്രതികരണം

ഞായറാഴ്ച ഉച്ചയ്ക്കാണ് മകൾ അവസാനമായി സംസാരിച്ചത്. പരീക്ഷാ ഫീസ് അടക്കാൻ 5500 രൂപ അക്കൗണ്ടിലേക്ക് ഇടണമെന്ന് പറഞ്ഞാണ് വിളിച്ചത്. കിരൺ പൈസ തരില്ലേയെന്ന് ഞാൻ ചോദിച്ചു. പൈസ തരില്ലെന്നും വഴക്ക് പറയുമെന്നും മോള് പറഞ്ഞു. അത്രയും പണം കൈയ്യിലില്ല, ഉള്ളത് തിങ്കളാഴ്ച അക്കൗണ്ടിലിടാമെന്ന് ഞാൻ പറഞ്ഞു. രണ്ട് മൂന്ന് മാസമായി വീട്ടിലെ പ്രശ്നങ്ങൾ മകൾ പറയാറില്ലായിരുന്നു. മൂന്ന് മാസമായി അച്ഛനെയും മകനെയും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. കിരൺ പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തത് . അമ്മയെ വിളിച്ചോട്ടെയെന്ന് പറഞ്ഞാണ് എന്റെ നമ്പർ മാത്രം ബ്ലോക്ക് ചെയ്യാതിരുന്നത്. ബാത്ത്റൂമിലും മറ്റും പോയി ഒളിച്ചാണ് മോള് എന്നെ വിളിച്ചിരുന്നത്. കിരൺ എങ്ങിനെയെങ്കിലും ജോലിക്ക് ഇറങ്ങി പോയാൽ നിങ്ങളെയെങ്കിലും വിളിച്ച് സംസാരിക്കാലോ എന്ന് അവൾ പറയുമായിരുന്നു.

കിരണിന്റെ അച്ഛനും അമ്മയും പ്രശ്നങ്ങളിൽ ഇടപെടാറില്ല. കിരണിന്റെ അമ്മ എപ്പോഴും മകനെയാണ് പിന്തുണച്ചത്. മകൾ ഉറക്കെ കരഞ്ഞാൽ എന്തെങ്കിലും പറയും. കിരൺ പറയുന്നതിന് അപ്പുറത്തേക്ക് അയാളുടെ അമ്മ പോകില്ല. ഒരു ദിവസം കിരൺ ചെള്ളയിലടിച്ച് വായക്ക് അകത്ത് മുറിഞ്ഞു. ഇങ്ങിനെ സഹിക്കേണ്ടെന്നും വീട്ടിലേക്ക് തിരികെ വരാനും ഞാൻ പറഞ്ഞു. അപ്പോൾ നാട്ടുകാർ അതുമിതും പറയത്തില്ലേ എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാമെന്നാണ് മകൾ പറഞ്ഞത്. അത് നടന്നിട്ട് കുറച്ച് നാളായി. പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ തന്നെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് കാണിക്കാനായി വിവാഹ വാർഷികമൊക്കെ ആഘോഷിച്ച് ഫോട്ടോസ് ഒക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in