'പാല്‍പ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയില്‍ വിളമ്പണോ', കോഴിക്കോട്ടെ തിയേറ്ററുകളെയും വനിതാ ചലച്ചിത്ര മേളയെയും പരിഹസിച്ച് രഞ്ജിത്ത്

'പാല്‍പ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയില്‍ വിളമ്പണോ', കോഴിക്കോട്ടെ തിയേറ്ററുകളെയും വനിതാ ചലച്ചിത്ര മേളയെയും പരിഹസിച്ച് രഞ്ജിത്ത്

വനിതാ ചലച്ചിത്ര മേളയെയും കോഴിക്കോട്ടെ സിനിമാ തിയേറ്ററുകളെയും അപമാനിച്ചുകൊണ്ടുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ പരമാര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

കോഴിക്കോട് വെച്ച് നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതിയുടെ രൂപീകരണ യോഗത്തില്‍വെച്ച് രഞ്ജിത്ത് നടത്തിയ പരാമര്‍ശമാണ് വിവദമായത്. യോഗത്തില്‍ വെച്ച് തിരുവനന്തപുരത്തും എറണാകുളത്തും ചലച്ചിത്ര മേള നടത്തുന്നതുപോലെ കോഴിക്കോട്ടും റീജിയണല്‍ ചലച്ചിത്ര മേള നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായി രഞ്ജിത്ത് പറഞ്ഞത്, 'സര്‍ പാല്‍പ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയില്‍ വിളമ്പണോ' എന്നാണ്. കോഴിക്കോട് തിയേറ്ററുകളെയും അപമാനിച്ചുകൊണ്ടുള്ള ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. രഞ്ജിത്ത് മാപ്പ് പറയണമെന്നും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.

രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രൊഫസര്‍ സംഗീത ജയ, ലിജീഷ് കുമാര്‍, ബൈജു മേരിക്കുന്ന് തുടങ്ങി നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

'കോഴിക്കോട്ട് മതിയായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ലെന്നത് വളരെ ശരിയാണ്, എങ്കിലും കോഴിക്കോട്ടുകാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന, അപമാനിക്കുന്ന, തരംതാഴ്ത്തുന്ന, ധാര്‍ഷ്ട്യവും പുച്ഛവും കലര്‍ന്ന, -(അത് പിന്നെ രഞ്ജിത്തിന്റെ സിനിമകളില്‍ മാത്രമല്ല, ബോഡി ലാംഗ്വേജില്‍ പോലും എപ്പോഴും പ്രകടമാണ്)- പരാമര്‍ശമായിപ്പോയി അത്. അതുപോലെ, സ്വകാര്യ തിയേറ്റര്‍ ഉടമകള്‍ മേളയ്ക്ക് തിയേറ്റര്‍ വിട്ടു കൊടുക്കില്ല എന്നൊരു പ്രസ്താവനയും നടത്തുകയുണ്ടായി. ഉടന്‍ തന്നെ അപ്പച്ചന്‍, ക്രൗണ്‍ തിയേറ്റര്‍ ഉടമ വിനോദ് എന്നിവര്‍ ഇടപെട്ട് സംസാരിച്ചു, എങ്കിലും കൂടുതല്‍ സംവാദത്തിന് ഇടം കൊടുക്കാതെ മീറ്റിംഗ് ധൃതിയില്‍ അവസാനിപ്പിക്കുകയാണുണ്ടായത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന പദവിയില്‍ ഇരുന്നു കൊണ്ട് രഞ്ജിത്ത് നടത്തിയ ഈ പരാമര്‍ശം ശക്തമായ പ്രതികരണവും പ്രതിഷേധവും അര്‍ഹിക്കുന്നു,' സംഗീത ജയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'അപ്‌സരയും, കോറണേഷനും, കൈരളി ശ്രീയും, രാധയും കാണിച്ച് തന്ന രഞ്ജിത്താണ് എന്റെ രഞ്ജിത്ത്. ക്രൗണും, റീഗലും, ഇ മാക്‌സും, ആശീര്‍വാദുമുള്‍പ്പെടെ കോളാമ്പികള്‍ കൂടിയിട്ടുണ്ട് കോഴിക്കോട്ട്. നിങ്ങളുണ്ടാക്കിയ പാല്‍പ്പായസം വിളമ്പാന്‍ കോളാമ്പികള്‍ ഉണ്ടായത് കൊണ്ടാണ് സര്‍, കോളാമ്പിയില്‍ നിങ്ങള്‍ വിളമ്പിയ പാല്‍പ്പായസം നക്കാന്‍ ഞങ്ങളുണ്ടായത് കൊണ്ടാണ് സര്‍, നിങ്ങള്‍ രഞ്ജിത്തായതും അക്കാദമിയുടെ ചെയര്‍മാനായതും,' എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ വിമര്‍ശിച്ചു.

കോഴിക്കോട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച രഞ്ജിത്ത് മാപ്പു പറയുക തന്നെ വേണമെന്ന് ബൈജു മേരിക്കുന്ന് പറയുന്നു.

'കോഴിക്കോട്ടെ തിയേറ്ററുകള്‍ തുപ്പല്‍ കോളാമ്പികള്‍ ആണെന്നും, നിങ്ങള്‍ക്ക് വനിതാ മേളകള്‍ ഒക്കെ മതിയെന്നും അതുകൊണ്ടു തൃപ്തിപ്പെടു എന്നും നമ്മുടെ അക്കാദമി ചെയര്‍മാന്‍ മഹാനായ രഞ്ജിത്ത് പറയുന്നു. പാല്‍പായസം തുപ്പല്‍ കോളാമ്പിയില്‍ വിളമ്പാന്‍ പാടില്ലാ പോലും അതൊക്കെ വിളമ്പാന്‍ തിരുവനന്തപുരം ഉണ്ടല്ലോ. എന്റെ പൊന്നു ചങ്ങാതിമാരെ ഇതെല്ലാം കേട്ടിട്ടും നിങ്ങള്‍ നിശ്ശബ്ദരായിരുന്നല്ലോ കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണു ഇത്തരത്തില്‍ നടക്കുന്ന ഒരു സ്വാഗതസംഘം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത് ഇമ്മാതിരി തോന്നിവാസം ഏതു തമ്പുരാന്‍ പറഞ്ഞാലും മുരടനാക്കാതെ ഇരിക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു. കോഴിക്കോട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച രഞ്ജിത്ത് മാപ്പു പറയുക തന്നെ വേണം,' ബൈജു എഴുതി.

എളമരം കരീം എം.പി ഉദ്ഘാടനവും വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി ലോഗോ പ്രകാശനവും നടത്തിയ വേദിയില്‍ രഞ്ജിത്തിന് പുറമെ അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, സംവിധായരായ വിഎം വിനു, ഷാജൂണ്‍ കാര്യാല്‍, സ്വര്‍ഗചിത്ര അപ്പച്ചന്‍, മുരളി ഫിലിംസ് മാധവന്‍ നായര്‍, ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് ബോര്‍ഡ് അംഗം പ്രകാശ് ശ്രീധര്‍, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി എന്നിവരുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in