ഭാര്യയെ പുറത്തേക്ക് ചവിട്ടിയിട്ടു, പൊലീസ് നോക്കിയത് ഒത്തുതീര്‍പ്പിന്; സംഘപരിവാറിന്റെ ക്രൂരമായ ആക്രമണമെന്ന് സുവീരന്‍

ഭാര്യയെ പുറത്തേക്ക് ചവിട്ടിയിട്ടു, പൊലീസ് നോക്കിയത് ഒത്തുതീര്‍പ്പിന്;  സംഘപരിവാറിന്റെ ക്രൂരമായ ആക്രമണമെന്ന് സുവീരന്‍

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകനും നാടകപ്രവര്‍ത്തകനുമായ സുവീരനും ഭാര്യ അമൃതക്കും നേരെ സംഘപരിവാര്‍ ആക്രമണം. ഭാര്യ അമൃതയുടെ പേരിലുള്ള സ്ഥലം ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുകൊടുക്കാത്തതിനാലാണ് ആക്രമണമെന്ന് സുവീരന്‍ ദ ക്യു'വിനോട് പ്രതികരിച്ചു. കുറ്റ്യാടി പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചൂടെ എന്ന് ചോദിച്ചിരുന്നതായും കുറ്റ്യാടി സ്റ്റേഷന്‍ ബിജെപി പൊലീസ് സ്റ്റേഷനെന്നാണ് അറിയപ്പെടുന്നതെന്നും സുവീരന്‍ ദ ക്യു'വിനോട്. കോഴിക്കോട് കുറ്റ്യാടി വേളത്തെ അമൃതയുടെ വീട്ടില്‍ വെച്ചാണ് ആക്രമണം നടന്നത്.

ഭാര്യയെ പുറത്തേക്ക് വലിച്ചിഴച്ച് ചവിട്ടി, കാലൊടിക്കുമെന്ന് ഭീഷണി

രണ്ട് വര്‍ഷം മുന്നെ തുടങ്ങിയ തര്‍ക്കത്തിന്റെ ഭാഗമായി നടന്ന ആക്രമണമാണിത്. ഞങ്ങളുടെ വീടിരിക്കുന്ന പറമ്പില്‍ കാലങ്ങളായി ഒരു തറ സ്ഥിതി ചെയ്യുന്നുണ്ട്. അത് അമ്പലമാക്കണം എന്ന് പറഞ്ഞ് ആര്‍എസ്എസുകാര്‍ നമ്മളോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ പത്ത് പേര് അടങ്ങുന്ന കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്നും അവരുടെ പേരില്‍ എന്റെ ഭൂമി എഴുതി കൊടുക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. പക്ഷെ എന്റെ സ്വന്തം സ്ഥലത്ത് എന്റെ അമ്മയുടെ കാലം മുതല്‍ വിളക്ക് വെക്കുന്ന തറ എഴുതി കൊടുക്കാന്‍ ആവില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. അതിന് ശേഷം അവിടെ പുനരുദ്ധാരണം ചെയ്യുകയാണെന്ന പേരില്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കുകയെല്ലാം ഉണ്ടായിരുന്നു. അതേ തുടര്‍ന്ന് ഞങ്ങള്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. അത് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയാണ്. അതിന്റെ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊവിഡായതിനാല്‍ കേസ് വളരെ മന്ദഗതിയിലാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ സംഗീത നാടക അക്കാദമിയുടെ ഭാഗമായി ഒരു നാടകം റിഹേഴ്‌സല്‍ ചെയ്യുന്നതിന് ഞാനും എന്റെ ഭാര്യ അമൃതയും കൂടി ഒരു കളരി പോലെ പറമ്പില്‍ തന്ന തറയൊക്കെ നിരപ്പാക്കിയിട്ട് ഒരു പരിപാടി ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ഞാനും അമൃതയും മാത്രം അഭിനയിക്കുന്ന ഒരു നാടകമാണ്. അത് തുടങ്ങാനിരിക്കെയാണ് ഞങ്ങളുടെ വീട്ടിലേക്ക് പത്ത് പതിനഞ്ച് ചെറുപ്പക്കാര്‍ ഇടിച്ച് കയറി വന്ന് ഞങ്ങളെ ഭീഷണി പെടുത്തുന്നത്. അതികം വിലസണ്ട, ഇവിടെ അനങ്ങാതെ ഇരിക്കണം. വീടിന് പുറത്തിറങ്ങിയാല്‍ കാല്‍ അടിച്ച് പൊളിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ എന്നെ ആക്രമിക്കുന്ന പോലെ പിടിച്ച് വെച്ചിരിക്കുകയായിരുന്നു. അപ്പോള്‍ അമൃത വന്ന് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവളെയും പിടിച്ച് വലിച്ച് ഇഴച്ച് പുറത്തേക്ക് ചവിട്ടിയിട്ടു. അമൃതയുടെ പുറത്ത് വലിയ മുറിവ് ഉണ്ടായിട്ടുണ്ട്. അവളെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ തല്ലാന്‍ വന്നാല്‍ അവളെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ എന്നെയും അവര്‍ ആക്രമിച്ചു. എന്നിട്ട് അവര്‍ പോവുകയാണ് ഉണ്ടായത്. അതിനിടയില്‍ സംഘികള്‍ ഇവിടെയുണ്ടെന്ന് മനസിലായില്ലെ എന്നും അവര്‍ പറഞ്ഞു. മുന്‍പ് സംഘികള്‍ ഇവിടെയുണ്ട് കാണിച്ച് തരാമെന്ന് പറഞ്ഞിരുന്നു.

ഒത്തുതീര്‍പ്പിലെത്താമോ എന്ന് പൊലീസ്, കുറ്റ്യാടി സ്റ്റേഷന്‍ ബി.ജെ.പിയുടെ പൊലീസ് സ്റ്റേഷന്‍

ഇതില്‍ പ്രശ്‌നം ഞങ്ങള്‍ ഒരു തരത്തിലും അവരുടെ കാര്യങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്നതാണ്. ഞങ്ങള്‍ അവര്‍ക്കെതിരെ കേസിന് പോവുകയാണല്ലോ ചെയ്തത്. എന്നെ സംബന്ധിച്ച് തറയില്‍ വിളക്ക് ആര്‍ക്ക് വേണമെങ്കിലും വെക്കാമെന്ന അഭിപ്രായമാണ്. ഞാന്‍ വിശ്വാസിയല്ല. പക്ഷെ എന്റെ അമ്മയും അമൃതയുടെ അമ്മയും ഇവിടെയുള്ള ചില അയല്‍ക്കാരുമെല്ലാം വിളക്ക് വെക്കാറുള്ളതാണ്. ആര്‍എസ്എസ്‌കാരുടെ പ്രശ്‌നം ഞാന്‍ സ്ഥലം അവര്‍ക്ക് എഴുതി കൊടുക്കുന്നില്ലെന്നതാണ്. ഞാന്‍ എന്തിനാണ് അവര്‍ക്ക് അമ്പലം വെക്കാന്‍ എന്റെ സ്ഥലം കൊടുക്കുന്നത്. വിശ്വാസികള്‍ എന്ന് പറഞ്ഞാല്‍ ആര്‍എസ്എസ്‌കാരാണോ? ഇവിടെ തൊട്ടുടുത്ത് മറ്റൊരു അമ്പലം ഉണ്ട്. അവര്‍ക്ക് വേണമെങ്കില്‍ മൂന്നോ നാലോ സെന്റ് എഴുതി കൊടുക്കാവുന്നതാണ്. പക്ഷെ ഇവര്‍ക്ക് വേണ്ടത് എന്റെ വീട് അടക്കം ഇരിക്കുന്ന 27 സെന്റ് ഭൂമി മുഴുവനായിട്ടാണ്. അത് എന്ത് പരിപാടിയാണ്. എനിക്ക് വേറെ വീടൊന്നും ഇല്ല. ഞങ്ങള്‍ക്ക് താമസിക്കണ്ടേ? ഞങ്ങളുടെ സ്വന്തം ഭൂമിയില്‍ ഞങ്ങള്‍ നാടക പ്രവര്‍ത്തനം ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെയാണ് ആക്രമണം ഉണ്ടാവാന്‍ കാരണം.

സംഭവത്തിന് ശേഷം കെടി കുഞ്ഞിക്കണ്ണന്‍ അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നിരുന്നു. പിന്നെ കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ ബിജെപി പൊലീസ് സ്റ്റേഷന്‍ എന്നാണ് അറിയപ്പെടുന്നത്. അതിന്റെ ചെറിയ പ്രശ്‌നങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തില്‍ പൊലീസ് സ്റ്റേഷനില്‍ എസ്.പി വിളിച്ച് സംസാരിച്ചു എന്നൊക്കെ പറയുന്നുണ്ട്. അതുകൊണ്ടായിരിക്കാം ഇപ്പോള്‍ അവര്‍ വളരെ സ്‌ട്രോങ്ങായി ഇടപെടുന്നുണ്ട്. പക്ഷെ മരം വെട്ടിയ കേസ് കോടതിയില്‍ പോയിട്ട് രണ്ട് വര്‍ഷമായി. ഇതുവരെ ഒരു സമന്‍സ് പോലും വന്നിട്ടില്ല. അത് ചെയ്തവര്‍ പിടിക്കപ്പെടുകയും ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ പരിപാടി നടത്തുന്നതിന് ഇടയിലാണ് ആക്രമണം നടക്കുന്നത്. അപ്പോള്‍ അതില്‍ സര്‍ക്കാരിനും ഉത്തരവാദിത്വം ഉണ്ടല്ലോ. ചെറിയ പൊലീസ് സ്റ്റേഷനുകള്‍ ആ സ്ഥലത്തെ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന പ്രവണതയ്ക്ക് എതിരെ നടപടി സ്വീകരിക്കേണ്ടതുണ്ട്. അത് സിപിഎം, കോണ്‍ഗ്രസ്, ബിജെപി ഏത് പാര്‍ട്ടിയാണെങ്കിലും ഒരുപോലെ തന്നെയാണ്. പൊലീസ് കോംപ്രമൈസ് ചെയ്തു കൂടെ എന്നാണ് ചോദിക്കുന്നത്. കേസിന് പോകണോ എന്നും ചോദിക്കുന്നുണ്ട്. ഇത് കുറച്ച് കാലമായി നടന്ന് വന്ന ഒരു പ്രശ്‌നം രൂക്ഷമായതാണ്. ഇതിനപ്പുറത്തേക്ക് ഇനി ഞങ്ങളെ കൊല്ലുന്നത് മാത്രമാണ് ബാക്കിയുള്ളത്. അപ്പോഴാണോ ഇനി പൊലീസ് നടപടിയെടുക്കുക? ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ ഇവിടെയുള്ള പൊലീസ് സംവിധാനം തന്നെ മതിയാകും. പക്ഷെ അതിന് ശക്തമായ രീതിയില്‍ മുകളില്‍ നിന്ന് ആരെങ്കിലും ഇടപെടേണ്ടി വരും. മുഖം നോക്കാതെ നടപടിയെടുക്കണമെന്നൊരു നിര്‍ദ്ദേശമെങ്കിലും പൊലീസിന് കൊടുക്കണം. കാരണം അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്യുക തന്നെ വേണം. ഞങ്ങളെ ആക്രമിച്ചത് 22 വയസ് പ്രായമുള്ള കുട്ടികളാണ്. നടപടിയെടുത്തില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും ചെയ്യാനുള്ള ധൈര്യം അവര്‍ക്കുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in