ഗൂഢാലോചനയിലൂടെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ദിലീപ്; കോടതിയില്‍ പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങള്‍

ഗൂഢാലോചനയിലൂടെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ദിലീപ്; കോടതിയില്‍ പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങള്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതിയില്‍ ഇന്ന് നടന്നത്

എഫ്.ഐ.ആര്‍ കോടതി പരിശോധിച്ചു. ചില മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ കേസുമായി ബന്ധപ്പെടുത്തിയല്ല ഇപ്പോഴത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റൊരു കേസായി രജിസ്റ്റര്‍ ചെയ്തതില്‍ കുഴപ്പമില്ലെന്നും കോടതി പറഞ്ഞു.

കെട്ടിച്ചമച്ച കഥകളാണെന്ന് പ്രതിഭാഗം വാദിച്ചു. ചില വ്യക്തികള്‍ കാര്യങ്ങള്‍ സങ്കല്‍പ്പിച്ച് ഉണ്ടാക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വധിക്കുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ദിലീപ് വാദിച്ചു. എഫ്.ഐ.ആറിലെ മൂന്ന് ആരോപണങ്ങളും ദിലീപ് തള്ളി.

ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘവുമായി ചേര്‍ന്ന ആളാണെന്ന് ദിലീപ് ആരോപിച്ചു. തന്റെ വീട്ടിലിരുന്ന് പറഞ്ഞ ശാപവാക്കുകള്‍ അന്വേഷണ സംഘത്തിനെതിരെയുള്ള ഗൂഢാലോചനയായി ചിത്രീകരിക്കുകയായിരുന്നു. പരമാവധി ചുമത്താനാവുന്നത് 118, 202 വകുപ്പുകളാണ്.

തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം വാദിച്ചു. ശബ്ദരേഖയില്‍ കൃത്രിമം നടന്നു. ഗൂഢാലോചന നടന്നത് റെക്കോര്‍ഡ് ചെയ്തുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ബന്ധുക്കളുടെ മുന്നിലിരുന്ന് എങ്ങനെ റെക്കോര്‍ഡ് ചെയ്തു. സാംസെങ് ടാബിലാണ് റെക്കോര്‍ഡ് ചെയ്തതെന്ന് പറയുന്നു. റെക്കോര്‍ഡ് ചെയ്ത ഉപകരണം ഹാജരാക്കിയിട്ടില്ല. ഹാജരാക്കിയ ഓഡിയോ എഡിറ്റ് ചെയ്ത രൂപത്തിലാണെന്നും ദിലീപ് ആരോപിച്ചു.

നടിയെ അക്രമിച്ച കേസിലെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ആ കേസില്‍ പ്രോസിക്യൂഷന്‍ തോല്‍ക്കാന്‍ പോകുകയാണെന്നും അതുകൊണ്ടാണ് പുതിയ കേസ് കെട്ടിച്ചമയ്ക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു. 2017ലെ കേസും ഗൂഢാലോചന കേസും തമ്മില്‍ ബന്ധമുള്ള കാര്യങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് കോടതി മറുപടി നല്‍കി.

വധഗൂഢാലോചന കേസില്‍ അന്വേഷണ സംഘത്തിന് പ്രധാന തെളിവുകള്‍ കിട്ടിയെന്നാണ് മനസിലാകുന്നതെന്ന് കോടതി വ്യക്തമാക്കി. ആ തെളിവുകള്‍ എന്താണെന്ന് അറിയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എഫ്.ഐ.ആര്‍ മുന്‍നിര്‍ത്തിയാകാം വാദമെന്നും കോടതി വ്യക്തമാക്കി.

ആലുവ പോലീസ് പരിധിയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് ഗുഢാലോചന നടന്നുവെന്നാണ് കേസ്. എന്നാല്‍ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ആണ്. എന്തുകൊണ്ടാണ് ആലുവ പോലീസിന് കൈമാറത്തതെന്ന് പ്രതിഭാഗം വാദിച്ചു. എ.ഡി.ജി.പിയും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും ദിലീപിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതിഭാഗം ആവര്‍ത്തിച്ചു. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാന്‍ കാരണമെന്തെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

ബാലചന്ദ്രകുമാറും ദിലീപുമായി നടത്തിയ സന്ദേശങ്ങളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ദിലീപ് നായകനാകുന്ന സിനിമ പ്രഖ്യാപിക്കാമോയെന്ന ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാതെ വന്നത് കൊണ്ടാണ് ദിലീപിനെ പ്രതിയാക്കി ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും പ്രതിഭാഗം വാദിച്ചു. സാമ്പത്തിക ബാധ്യതകളില്‍ സഹായിക്കാന്‍ ദിലീപ് തയ്യാറാവാത്തതും ബാലചന്ദ്രകുമാറിന്റെ വിരോധത്തിന് കാരണമായിട്ടുണ്ടെന്നും ദിലീപ് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിലും വിരോധമുണ്ട്. ഇരുകൂട്ടരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കേസ് എടുത്തതെന്നും ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in