സംസ്ഥാന സര്‍ക്കാരിനും നികേഷ്‌കുമാറിനും ബൈജു പൗലോസിനും ദിലീപിന്റെ വക്കീല്‍ നോട്ടീസ്

സംസ്ഥാന സര്‍ക്കാരിനും നികേഷ്‌കുമാറിനും ബൈജു പൗലോസിനും ദിലീപിന്റെ വക്കീല്‍ നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ എം.വി നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ചാനലിനും കേസിലെ പ്രതിയായ ദിലീപിന്റെ വക്കീല്‍ നോട്ടീസ്.

കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രൊപ്പഗന്‍ഡയാണ് ചാനലിലൂടെ നടന്നതെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിക്കുന്ന രാമന്‍പിള്ള അസോസിയേറ്റ്‌സ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ എന്നിവര്‍ക്കെതിരെയും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി തനിക്കുള്ള ബന്ധം കോടതിയെ ബോധ്യപ്പെടുത്താനാകാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയാണെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ദിലീപ് അയച്ച വക്കീല്‍ നോട്ടീസിലെ പ്രസക്ത ഭാഗങ്ങള്‍

റിപ്പോര്‍ട്ടര്‍ ചാനല്‍ ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും ദിലീപിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ ആരോപിക്കുന്നു.

നിരന്തരമായ റിഹേഴ്‌സലിന് ശേഷമാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നും ദിലീപ് ആരോപിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും ചേര്‍ന്ന് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണ്. പ്രൊപ്പഗാന്‍ഡയാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്.

കോടതിയെ തെറ്റിധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും ഇവര്‍ നടത്തുന്നുവെന്ന് ദിലീപ് പരാതിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ഇന്‍ ക്യാമറ പ്രൊസിഡിങ്ങ്‌സാണ്. അതിന്റെ ലംഘനമാണ് നടക്കുന്നത് എന്നും ദിലീപ് പരാതിയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in