കേസിന്‍റെ രേഖകള്‍ ദിലീപിന്‍റെ ഫോണില്‍; അന്വേഷണം കോടതി ജീവനക്കാരിലേക്കും

കേസിന്‍റെ രേഖകള്‍ ദിലീപിന്‍റെ ഫോണില്‍; അന്വേഷണം കോടതി ജീവനക്കാരിലേക്കും

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം കോടതി ജീവനക്കാരിലേക്കും. ദിലീപിന്റെ ഫോണില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരെ ചോദ്യംചെയ്യാനായി അന്വേഷണസംഘം വിചാരണ കോടതിയുടെ അനുമതി തേടും.

ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയ ദിലീപിന്‍റെ ഫോണില്‍നിന്നാണ് കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്‍കിയ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇതെല്ലാം കോടതിയില്‍നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകളല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍‍. ചില കൈയ്യെഴുത്ത് രേഖകളടക്കം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് ഈ രേഖകളെല്ലാം ദിലീപ് നിയമവിരുദ്ധമായി സംഘടിപ്പിച്ചതാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് എങ്ങനെ ഇതെല്ലാം ദിലീപിന്റെ കൈയിലെത്തി എന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്.

രേഖകള്‍ കൈവശപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം ഉപയോഗപ്പെടുത്തിയോ, ദിലീപ് നേരിട്ട് കോടതി ജീവനക്കാരുമായി ബന്ധം സ്ഥാപിച്ചോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

Related Stories

No stories found.