'ലൈംഗിക അതിക്രമമാണോ നടന്നത് എന്നതില്‍ സംശയമുണ്ട്', അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ദിലീപ് സുപ്രീം കോടതിയില്‍

'ലൈംഗിക അതിക്രമമാണോ നടന്നത് എന്നതില്‍ സംശയമുണ്ട്', അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ദിലീപ് സുപ്രീം കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ദിലീപ്. കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അതിജീവിതയ്‌ക്കെതിരായ ആരോപണം.

കേസ് വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ എങ്ങനെയാണ് അതിജീവിതയെന്ന് പ്രഖ്യാപിക്കുകയെന്നാണ് ഹര്‍ജിയില്‍ ചോദിക്കുന്നത്.

നടിക്കെതിരെ ലൈംഗിക അതിക്രമമാണോ നടന്നത് എന്നതില്‍ സംശയമുണ്ട്. ആക്രമിച്ച് പകര്‍ത്തിയെന്ന് പറയുന്ന ദൃശ്യങ്ങളിലുള്ള സംസാരം സംശയത്തിനിടയാക്കുന്നതാണ്. അതിനിടെ നടി തന്നെ സ്വയം അതിജീവിത എന്ന് പ്രഖ്യാപിച്ചുവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കും ഡിജിപി റാങ്കിലെ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. കേസിന് ആധാരം നിര്‍ബന്ധമാണ്. ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു.

പലവിധത്തില്‍ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. വിചാരണ കോടതിയിലെ ജഡ്ജിക്ക് സ്ഥാനക്കയറ്റം കിട്ടിപ്പോകുന്നത് വരെ വിചാരണ നീട്ടാനാണ് ശ്രമിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുവന്നെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചു.

തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്കെതിരെ മാത്രമല്ല, തന്റെ അഭിഭാഷകന്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്കെതിരെയും മാധ്യമ വിചാരണ നടക്കുന്നുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in