സംസ്ഥാനത്ത് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ക്കും വിലക്ക്; 'അവധിയിലുള്ള പൊലീസുകാര്‍ തിരിച്ചെത്തണം'

സംസ്ഥാനത്ത് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ക്കും വിലക്ക്; 'അവധിയിലുള്ള പൊലീസുകാര്‍ തിരിച്ചെത്തണം'

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം റാലികള്‍ക്കും മൈക്ക് അനൗണ്‍സെമെന്റുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലിന്റെ ഭാഗമായാണ് നടപടി.

ഡി.ജി.പിയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്. അവധിയില്‍ പ്രവേശിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അടിയന്തരമായി ഡ്യൂട്ടിയില്‍ തിരിച്ച് കയറാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളില്‍ ഉണ്ടാകണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കയച്ച സര്‍ക്കുലറിലാണ് നിര്‍ദേശം.

എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അക്രമസംഭവങ്ങളുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡി.ജി.പി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുപാര്‍ട്ടികളിലേയും അക്രമം നടത്താന്‍ സാധ്യതയുള്ള ആളുകളെ കണ്ടെത്തി അറസ്റ്റ് നടപടികളിലേക്ക് കടക്കണമെന്നും സംശയാസ്പദമായ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു. ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊലീസ് നിരീക്ഷണവും വിന്യാസവും ശക്തമാക്കിയിട്ടുണ്ട്.

12 മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ജില്ലയില്‍ എസ്.ഡി.പി.ഐയുടെയും ആര്‍എസ്,എസിന്റെയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിടിച്ച് വീഴ്ത്തി ഒരു സംഘം വെട്ടുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.