പവർസ്റ്റാറിന് ശേഷം മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു ; ഡെന്നീസ് ജോസഫിന്റെ ഓർമ്മയിൽ ഒമർ ലുലു

പവർസ്റ്റാറിന് ശേഷം മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു ; ഡെന്നീസ് ജോസഫിന്റെ ഓർമ്മയിൽ ഒമർ ലുലു

മലയാളത്തിലെ എവർഗ്രീൻ ഹിറ്റ്മേക്കറായ തിരക്കഥാകൃത്തായിരുന്നു അന്തരിച്ച ഡെന്നിസ് ജോസഫ്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ഒരുങ്ങിയ സിനിമകളിലൂടെയായിരുന്നു മമ്മൂട്ടിയും മോഹൻലാലും മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായി മാറിയത്. നിറക്കൂട്ട്, ന്യൂഡൽഹി, രാജാവിന്റെ മകൻ, നായർ സാബ് തുടങ്ങി അദ്ദേഹം രചിച്ച ഭൂരിപക്ഷം ചിത്രങ്ങളും ബോക്സ്ഓഫീസിൽ വിജയം കൊയ്തിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി ആയിരുന്നു അദ്ദേഹം രചിച്ച തിരക്കഥയിൽ റിലീസ് ചെയ്ത അവസാനത്തെ ചിത്രം. പ്രതീക്ഷിച്ച വിജയം സിനിമക്ക് നേടാനായില്ല. അതിന് ശേഷം സിനിമാ രംഗത്തും നിന്നും അദ്ദേഹം ഇടവേള എടുത്തിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത പവർ സ്റ്റാറിലൂടെ ശക്തമായ മടങ്ങി വരവ് നടത്താനിരിക്കെയാണ് മരണം അദ്ദേഹത്തെ കൊണ്ട് പോയത്.

ബാബു ആന്റണി നായകനാകുന്ന പവർ സ്റ്റാറിന്റെ ഫൈനൽ ഡ്രാഫ്റ്റ് മാത്രമാണ് ബാക്കിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു ദ ക്യുവിനോട് പറഞ്ഞു. ഉദയകൃഷ്ണയും ബി ഉണ്ണികൃഷ്ണനും ഫൈനൽ ഡ്രാഫ്റ്റിൽ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ഫെഫ്കയുടെ എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് ബി ഉണ്ണികൃഷ്ണൻ ഉറപ്പ് നൽകിയതായി ഒമർ ലുലു പറഞ്ഞു

ഒമർ ലുലു പറഞ്ഞത്

ബാബു ചേട്ടനുമൊത്തുള്ള (ബാബു ആന്റണി) സിനിമയുടെ പ്ലാനിങ് നടക്കുന്ന സമയം . ഡെന്നിസ് സാറിന്റെയൊപ്പം വർക് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് സംവിധായകൻ പ്രമോദ് പപ്പനോട് ഡെന്നിസ് സാർ സിനിമയ്ക്ക് തിരക്കഥ എഴുതണമെന്ന എന്റെ ആഗ്രഹം പറഞ്ഞത്. പപ്പൻ ചേട്ടനും ഡെന്നീസ് സാറും വലിയ സുഹൃത്തുക്കളായിരുന്നു. അങ്ങനെ നമ്മൾ രണ്ട് പേരും ഡെന്നീസ് സാറിനെ കണ്ടു. എന്റെ മനസ്സിലുള്ള ചില ഐഡിയകൾ സാറിനോട് പറഞ്ഞു. പക്ഷെ അതിലൊക്കെ ഹ്യൂമർ ടച്ച് ഉള്ളതിനാൽ ബാബു ചേട്ടൻ നായകനായാൽ യോജിക്കില്ലെന്ന അഭിപ്രായമുണ്ടായി. പക്ഷെ മമ്മൂക്കയാണെങ്കിൽ നല്ലതായിരിക്കുമെന്നും ഡെന്നീസ് സാർ പറഞ്ഞു. എനിക്ക് ബാബു ചേട്ടനെ വെച്ച് പടമെടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അപ്പോഴാണ് കൊക്കെയ്‌ൻ സംബന്ധമായ ഒരു പത്ര വാർത്ത ശ്രദ്ധയിൽ പെട്ടത്. ആ വാർത്ത വെച്ചൊരു ത്രെഡ് ഡെന്നീസ് സാറിന് കിട്ടി. അങ്ങനെയാണ് നമ്മൾ പവർ സ്റ്റാറിന്റെ സ്ക്രിപ്റ്റ് വർക്ക്ഔട്ട് ചെയ്ത് തുടങ്ങിയത്

എന്നാൽ ഇതിനിടയിൽ ചില പാരകൾ അദ്ദേഹത്തെ വിളിച്ച് എനിക്ക് തിരക്കഥ കൊടുക്കരുതെന്ന് പറഞ്ഞു. പപ്പേട്ടനാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. നിനക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടല്ലോ എന്നായിരുന്നു പപ്പേട്ടൻ പറഞ്ഞത്. അപ്പോൾ എനിക്കാകെ ടെൻഷൻ ആയി. ഇനി ഡെന്നീസ് സാർ സ്ക്രിപ്റ്റ് തരാതിരിക്കുമോ എന്ന് പപ്പേട്ടനോട് ചോദിച്ചു. ഡെന്നീസ് സ്ക്രിപ്റ്റ് തരുമെന്ന് പറഞ്ഞാൽ തരും. അദ്ദേഹം തറവാടിയാ.. എന്നാണ് പപ്പേട്ടൻ പറഞ്ഞത്. ഏതായാലും ഈ വിഷയത്തെ കുറിച്ച് ഡെന്നീസ് സാറിനോട് ചോദിക്കാനൊന്നും പോയില്ല . സ്ക്രിപ്റ്റിന്റെ ഫൈനൽ ഡ്രാഫ്റ്റ് ആണ് ഇനി പൂർത്തിയാക്കുവാൻ ഉള്ളത് . ഉദയ്‌കൃഷ്ണയും ബി ഉണ്ണികൃഷ്ണൻ സാറും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഈ വര്ഷം ഒക്ടോബറിൽ തുടങ്ങാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് . നമ്മൾ കാണുമ്പോഴൊക്കെ ഡെന്നീസ് സാറിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പവർ സ്റ്റാർ കഴിഞ്ഞിട്ട് മമ്മൂക്കയുമായുള്ള പ്രൊജക്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൂന്നു ദിവസത്തിനു മുന്നേ ഞാൻ ഡെന്നീസ് സാറിനെ വിളിച്ചിരുന്നു. ലോക്‌ ഡൗൺ കഴിഞ്ഞതിനു ശേഷം ഇരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in