കലാപത്തിന് പ്രേരിപ്പിച്ച ഒറ്റവരിയെങ്കിലും ചൂണ്ടിക്കാണിക്കാത്തത് എന്തുകൊണ്ട്; ഡല്‍ഹി പൊലീസിനെതിരെ യോഗേന്ദ്ര യാദവ്

കലാപത്തിന് പ്രേരിപ്പിച്ച ഒറ്റവരിയെങ്കിലും ചൂണ്ടിക്കാണിക്കാത്തത് എന്തുകൊണ്ട്; ഡല്‍ഹി പൊലീസിനെതിരെ യോഗേന്ദ്ര യാദവ്
Published on

ഡല്‍ഹി കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിരെ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്. തന്റെ പ്രസംഗത്തില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒറ്റവരിയെങ്കിലും ചൂണ്ടിക്കാണിക്കാമോയെന്ന് യോഗേന്ദ്ര യാദവ് വെല്ലുവിളിച്ചു. കുറ്റകരമായ തരത്തിലുള്ള വരികള്‍ എന്തുകൊണ്ടാണ് ഡല്‍ഹി പൊലീസ് ഉദ്ധരിക്കാത്തതെന്നും യോഗേന്ദ്ര യാദവ് ചോദിച്ചു.

എല്ലാം പ്രസംഗങ്ങളും എല്ലാവര്‍ക്കും ലഭ്യമാണ്. ഉപരോധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോയും ഇതിലുണ്ട്.അതില്‍ ഏതിലെങ്കിലും അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് ഏതറ്റം വരെയും പോകാനായി ആഹ്വാനം ചെയ്തുവെന്ന ആരോപണവും യോഗേന്ദ്ര യാദവ് തള്ളി.

കുറ്റപത്രത്തിനെ ചെറുക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ദില്ലി പൊലീസിനെ ഉപയോഗിച്ച് പൗരന്‍മാരെ അടിച്ചമര്‍ത്തുകയാണ്. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇതിനെയും ചെറുക്കും. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്താനാവില്ല. പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സീതാറാം യെച്ചൂരിയെ പോലെയുള്ള നേതാക്കളുടെ പേരുള്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശപരമാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in