നൂപുര്‍ ശര്‍മയ്‌ക്കെതിരെ വീണ്ടും കേസ്; അന്വേഷണം നടന്നുവരികയാണെന്ന് ഡല്‍ഹി പൊലീസ്

നൂപുര്‍ ശര്‍മയ്‌ക്കെതിരെ വീണ്ടും കേസ്; അന്വേഷണം നടന്നുവരികയാണെന്ന് ഡല്‍ഹി പൊലീസ്

വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് ഡല്‍ഹി പൊലീസ്. ബി.ജെ.പി മുന്‍ മീഡിയ യൂണിറ്റ് തലവന്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രചരണം നടത്തിയതിലാണ് നടപടി.

ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ആയ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപറേഷന്‍ യൂണിറ്റാണ് കേസെടുത്തത്. നൂപുറിനും നവീന്‍ കുമാറിനും പുറമെ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ, രാജസ്ഥാനില്‍ നിന്നുള്ള മൗലാന മുഫ്തി നദീം, മാധ്യമ പ്രവര്‍ത്തക സഭാ നഖ് വി, അബ്ദുള്‍ റഹ്‌മാന്‍, അനില്‍ കുമാര്‍ വീണ, ഗുല്‍സാര്‍ അന്‍സാരി, പീസ് പാര്‍ട്ടി വക്താവ് ഷദബ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.പി.എസ് മല്‍ഹോത്ര പ്രതികരിച്ചു.

നൂപുര്‍ ശര്‍മയ്‌ക്കെതിരായ മൂന്നാമത്തെ കേസാണിത്. മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പരാമര്‍ശം പിന്‍വലിക്കുകയാണെന്നും നൂപുര്‍ ശര്‍മ നേരത്തെ പ്രതികരിച്ചിരുന്നു. നൂപുര്‍ ശര്‍മയെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്യുകയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.

പ്രവാചകനെതിരായ നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ വലിയ രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. നിരവധി രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in