മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഋതുമതിയായാല്‍ 18 വയസ് പൂര്‍ത്തിയായില്ലെങ്കിലും വിവാഹം ചെയ്യാം: ഡല്‍ഹി ഹൈക്കോടതി

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഋതുമതിയായാല്‍ 18 വയസ് പൂര്‍ത്തിയായില്ലെങ്കിലും വിവാഹം ചെയ്യാം: ഡല്‍ഹി ഹൈക്കോടതി

ഋതുമതിയായ ഒരു പെണ്‍കുട്ടിക്ക് മുസ്ലീം നിയമമനുസരിച്ച് 18 വയസായില്ലെങ്കിലും രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. രക്ഷിതാക്കളുടെ സമ്മതപ്രകാരമല്ലാതെ വിവാഹം ചെയ്ത ദമ്പതിമാരുടെ ഹര്‍ജി പരിഗണക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് ജസ്മീത് സിംഗ് ആണ് നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ ഐ.പി.സി സെക്ഷന്‍ 363, 376, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

'മുസ്ലിം നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാം. 18 വയസിന് താഴെയാണെങ്കില്‍ പോലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവകാശമുണ്ട്,' കോടതി പറഞ്ഞു.

താന്‍ വിവാഹം കഴിച്ചതും വീട് വിട്ടിറങ്ങിയതും സ്വന്തം ഇഷ്ടപ്രകാരമാണെന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. മാതാപിതാക്കള്‍ തന്നെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

സ്വന്തം താത്പര്യപ്രകാരമാണ് പെണ്‍കുട്ടി തീരുമാനം എടുത്തതെങ്കില്‍ അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in