താത്ക്കാലിക നടപടികള്‍ പോര; ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ ശാസന

താത്ക്കാലിക നടപടികള്‍ പോര; ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ ശാസന

ഡല്‍ഹിയിലെ വായു ഗുണനിലവാര പ്രതിസന്ധിയില്‍ ശാസ്ത്രീയ പഠനം ആവശ്യമെന്നും, താത്ക്കാലിക നടപടികള്‍ മതിയാകില്ലെന്നും സുപ്രീം കോടതി. 'ഇപ്പോള്‍ മലിനീകരണ തോത് കുറഞ്ഞാലും, വീണ്ടും തങ്ങള്‍ ഈ കേസ് കേള്‍ക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് കോടതി പറഞ്ഞു. കൃഷിയിടങ്ങളിലെ തീപിടുത്ത വിഷയങ്ങള്‍ തങ്ങള്‍ക്ക് 'മൈക്രോമാനേജ്' ചെയ്യാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പിഴ ഈടാക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു.

മൂന്നാഴ്ച പിന്നിട്ടിട്ടും ഡല്‍ഹിയും സമീപ നഗരങ്ങളും വിഷവാതകത്താല്‍ നിറഞ്ഞിരിക്കുകയാണ്. 'ഇത് ദേശീയ തലസ്ഥാനമാണ്. ഇതിലൂടെ നമ്മള്‍ ലോകത്തോട് പറയുന്നത് എന്തെന്ന് നോക്കൂ. സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മുന്‍കൂട്ടികാണേണ്ടതുണ്ട്. സാഹചര്യം ഗുരുതരമാകാതിരിക്കാന്‍ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു. ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം എങ്ങനെ വര്‍ഷാ വര്‍ഷം ചര്‍ച്ചയാകുന്ന ഒന്നായി മാത്രം മാറുന്നുവെന്ന് വിഷയത്തില്‍ അവസാനം നടന്ന വാദത്തില്‍ കോടതി ചോദിച്ചിരുന്നു.

കാറ്റിന്റെ ദിശയെ അടിസ്ഥാനമാക്കി വായു ഗുണനിലവാര കമ്മീഷന്‍ ശാസ്ത്രീയ പഠനം നടത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. താത്ക്കാലിക നടപടികള്‍ ഒന്നിനും പരിഹാരമാകില്ല.

'ഉടനടി സ്വീകരിക്കാവുന്ന നടപടികള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘകാല പദ്ധതികളും അതിലുണ്ട്.' കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് അന്തരീക്ഷ മലിനീകരണ പ്രശ്നം സുപ്രീം കോടതിയില്‍ കേള്‍ക്കുന്നത്. ഈ വിഷയത്തില്‍ ഉടനടി നടപടികള്‍ സ്വീകരിക്കാതെ വലിച്ചിഴക്കുന്ന കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും കോടതി ശാസിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in