'ഇത് കൂട്ടക്കൊല'; ഓക്‌സിജനില്ലാതെ രോഗികള്‍ മരിച്ചു വീഴുന്നതില്‍ യു.പി സര്‍ക്കാരിനെ പൂട്ടാന്‍ ഹൈക്കോടതി

'ഇത് കൂട്ടക്കൊല'; ഓക്‌സിജനില്ലാതെ രോഗികള്‍ മരിച്ചു വീഴുന്നതില്‍ യു.പി സര്‍ക്കാരിനെ പൂട്ടാന്‍ ഹൈക്കോടതി

അലഹബാദ്: കൊവിഡ് പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നത് കുട്ടക്കൊല പോലെയാണെന്ന് അലഹബാദ് ഹൈക്കോടതി. ഓക്‌സിജന്‍ ലഭിക്കാതെ ആശുപത്രികളില്‍ രോഗികള്‍ മരിച്ചുവീഴുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് കൂട്ടക്കൊല പോലെ തന്നെയാണ്.

സംഭവത്തില്‍ കോടതി അന്വേഷത്തിനും ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് സിദ്ദാര്‍ത്ഥ് വര്‍മ്മ, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരാണ് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന സംഭവങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തര്‍ പ്രദേശില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലായിരുന്നു ഉത്തരവ്.

'' കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവീഴുന്നത് വേദനാജനകമാണ്. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഇത് കൂട്ടക്കൊല പോലെ തന്നെയാണ്. ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയവരെ നടത്താന്‍ കഴിയുന്ന പാകത്തില്‍ ശാസ്ത്രം പുരോഗമിച്ചിട്ടും ഇതെങ്ങെനെ സംഭവിക്കുന്നു,'' കോടതി ചോദിച്ചു.

യു.പിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗികള്‍ മരിക്കുന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകളില്‍ അന്വേഷണം നടത്തണമെന്നും കോടതി ലക്‌നൗവിലെയും മീററ്റിലെയും ജില്ലാ മജിസ്‌ട്രേറ്റുമാരോട് ആവശ്യപ്പെട്ടു. ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആവര്‍ത്തിക്കുന്നു യു.പി മുഖ്യമന്ത്രി ആദിത്യ നാഥിന് വലിയ തിരിച്ചടിയാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്‌

Related Stories

No stories found.
logo
The Cue
www.thecue.in