കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടം, ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടം, ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേനാ ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി. അന്വേഷണ സംഘമാണ് ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തിയത്.

സുരക്ഷാ സംവിധാനത്തില്‍ എന്തെങ്കിലും പിഴവുകളുണ്ടോ തുടങ്ങി അപകടം സംഭവിച്ച സമയത്ത് എന്താണ് നടന്നതെന്നും അറിയാന്‍ ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ ഉപകരിക്കും.

അതേസമയം അന്വേഷണ സംഘം അപകട സ്ഥലത്ത് പരിശോധന തുടരുകയാണ്. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേര് അടങ്ങുന്ന സംഘമാണ് പരിശോധന സംഘത്തിലുള്ളത്.

വ്യോമസേനാ മേധാവി വിവേക് ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. റാവത്തിന്റെ ഭാര്യ മധുലികയും അപകടത്തില്‍ മരിച്ചു.

ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഹെലികോപ്റ്റര്‍ അപകടം. ഹെലികോപ്ടര്‍ അപകടത്തില്‍ സഞ്ചരിച്ച പതിനാലില്‍ പതിമൂന്നും പേരും മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ഹെലികോപ്റ്ററിന്റെ സാങ്കേതിക പ്രശ്‌നമെന്തായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.

പ്രതിരോധ മന്ത്രിയുടെ പ്രധാന ഉപദേഷ്ടാവാണ് സംയുക്ത സൈനിക മേധാവിയായ ബിപിന്‍ റാവത്ത്.

വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ നിയമിക്കുന്നത്. കരസേന, നാവിക സേന, വ്യോമസേന എന്നീ മൂന്ന് സേവനങ്ങളെ സമന്വയിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഓഫ് ദ ഇന്ത്യന്‍ ആംമ്ഡ് ഫോഴ്സ്( സി.ഡി.എസ്) ആയ ബിപിന്‍ റാവത്താണ്.

സൈന്യമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സുപ്രധാന ഉപദേശകന്‍ കൂടിയാണ് സംയുക്ത സൈനിക മേധാവി.

ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലും ഡിഫന്‍സ് പ്ലാനിംഗ് കമ്മിറ്റിയിലും സി.ഡി.എസ് അംഗമാണ്. ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ പെര്‍മനന്റ് ചെയര്‍മാന്‍ കൂടിയാണ് ബിപിന്‍ റാവത്ത്.

2016 ഡിസംബര്‍ 17ന് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍ നിന്നാണ് ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതല ഏറ്റെടുക്കുന്നത്. 1978ലാണ് അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ബിപിന്‍ റാവത്ത്. തന്റെ നാല് ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സുപ്രധാന ചുമതലകള്‍ ബിപിന്‍ റാവത്ത് വഹിച്ചിട്ടുണ്ട്.

വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ സി.ഡി.എസ് നിയമനം നടത്തുന്നത്. സി.ഡി.എസ് നിയമനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി വാദ പ്രതിവാദങ്ങള്‍ നടന്നിരുന്നു. അതില്‍ തന്നെ ബിപിന്‍ കരസേന മേധാവിയായി വിരമിക്കാനിരിക്കെ പ്രായപരിധി ഉള്‍പ്പടെ ഭേദഗതി ചെയ്ത് സുപ്രധാന പദവിയില്‍ ബിപിന്‍ റാവത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in