നിയമനടപടിയെന്ന് ബി.ജെ.പി മന്ത്രിയുടെ ഭീഷണി, ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പും; സ്വവര്‍ഗ ദമ്പതികളുടെ പരസ്യം പിന്‍വലിച്ച് ഡാബര്‍

നിയമനടപടിയെന്ന് ബി.ജെ.പി മന്ത്രിയുടെ ഭീഷണി, ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പും; സ്വവര്‍ഗ ദമ്പതികളുടെ പരസ്യം പിന്‍വലിച്ച് ഡാബര്‍

മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ കര്‍വാ ചൗത്ത് പരസ്യം പിന്‍വലിച്ച് ഡാബര്‍. സ്വവര്‍ഗ ദമ്പതികള്‍ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ഭീഷണി. ഇതിന് പിന്നാലെയാണ് കമ്പനി പരസ്യം പിന്‍വലിച്ചത്.

ഹിന്ദു ആഘോഷമായ കര്‍വാ ചൗത്ത്, സ്വവര്‍ഗ ദമ്പതികള്‍ ആഘോഷിക്കുന്നതായിരുന്നു പരസ്യം. ആചാരപരമായ ചടങ്ങുകള്‍ രണ്ട് സ്ത്രീകള്‍ ഒരുമിച്ച് ചെയ്യുന്നതും പരസ്യത്തില്‍ നല്‍കിയിരുന്നു. വലിയ സ്വീകാര്യതയാണ് പരസ്യത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ ഹിന്ദുത്വ സംഘടനകള്‍ പരസ്യത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

പരസ്യത്തിനെതിരെ വിവാദപരാമര്‍ശങ്ങളാണ് മധ്യപ്രദേശ് മന്ത്രി നടത്തിയത്. ഇത്തരം പരസ്യങ്ങളില്‍ ഹിന്ദു മതവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുന്നത് എന്താണെന്നായിരുന്നു തിങ്കളാഴ്ച നരോത്തെ മിശ്ര ചോദിച്ചത്. 'ഇന്ന് അവര്‍ സ്വവര്‍ഗ ദമ്പതികള്‍ കര്‍വാ ചൗത്ത് ആഘോഷിക്കുന്നത് കാണിച്ചു, നാളെ രണ്ട് ആണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് കാണിക്കും. ഇത് പ്രതിഷേധാര്‍ഹമാണ്.'

പരസ്യം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മധ്യപ്രദേശ് പൊലീസ് ഡയറക്ടര്‍ ജനറലിനോട് താന്‍ ആവശ്യപ്പെട്ടതായും, കമ്പനി പരസ്യം നീക്കിയില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡാബര്‍ തങ്ങളുടെ പരസ്യം പിന്‍വലിച്ചത്.

തങ്ങളുടെ കര്‍വാ ചൗത്ത് കാമ്പെയിന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പിന്‍വലിച്ചതായി ഡാബര്‍ അറിയിച്ചു. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് തങ്ങള്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പങ്കുവെച്ച ട്വീറ്റില്‍ കമ്പനി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in