പട്ടിക വിഭാഗത്തിനും ജനറല്‍ വിഭാഗത്തിനും പ്രത്യേകം ടീമുകള്‍; വിവാദത്തിലായി തിരുവനന്തപുരം നഗരസഭയുടെ സ്‌പോര്‍ട്‌സ് പദ്ധതി

പട്ടിക വിഭാഗത്തിനും ജനറല്‍ വിഭാഗത്തിനും പ്രത്യേകം ടീമുകള്‍; വിവാദത്തിലായി തിരുവനന്തപുരം നഗരസഭയുടെ സ്‌പോര്‍ട്‌സ് പദ്ധതി

തിരുവനന്തപുരം നഗരസഭയുടെ സ്‌പോര്‍ട്‌സ് ടീം പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം. ഓരോ കായിക ഇനങ്ങള്‍ക്കും ജാതി തിരിച്ച് ടീം രൂപീകരിക്കുന്ന വിവരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതോടെ മേയറുടെ പോസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭ ഔദ്യോഗികമായി ടീം രൂപീകരിക്കുമെന്ന വിവരം ഫേസ്ബുക്കിലൂടെയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കുവെച്ചത്. ഓരോ ടീമിലും 25 കുട്ടികള്‍ ഉണ്ടാകും. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്.സി/എസ്.ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്നാണ് മേയര്‍ പറഞ്ഞത്.

കായിക രംഗത്ത് പോലും ജാതി തിരിക്കുന്ന ഈ നടപടിക്ക് എതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. ജാതിയും വര്‍ഗീയതയും വേണ്ടെന്നും അത് പറയരുത് എന്നും പറയുന്ന പാര്‍ട്ടി, ഒരു സ്‌പോര്‍ട്‌സ് ടീം ഉണ്ടാക്കുമ്പോള്‍ എന്തിനാണ് ഈ വേര്‍തിരിവ് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

നഗരസഭയ്ക്ക് സ്വന്തമായി സ്‌പോര്‍ട്‌സ് ടീം

നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാര്‍ഥ്യമാവുകയാണ്. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവര്‍ക്കാവശ്യമായ പരിശീലനം നഗരസഭ നല്‍കുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളില്‍ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും , കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുമായും ഉടന്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും.

നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീര്‍ക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാന്‍ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in