മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്; അന്വേഷണം ദിലീപിന്റെ ഫോണിലെ ശബ്ദരേഖകള്‍ തിരിച്ചറിയാന്‍

മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്; അന്വേഷണം ദിലീപിന്റെ ഫോണിലെ ശബ്ദരേഖകള്‍ തിരിച്ചറിയാന്‍

ദിലീപ് പ്രതിയായ ലൈംഗിക അതിക്രമ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്. ഇന്നലെയായിരുന്നു മൊഴി എടുത്തത്. എറണാകുളത്ത് വെച്ച് മഞ്ജു വാര്യര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ദിലീപിന്റെ കൈവശമുള്ള ഫോണുകളില്‍ നിന്നും ലഭിച്ച ശബ്ദരേഖകള്‍ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് മൊഴിയെടുത്തത്.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ആലുവ സ്വദേശിയായ ഡോക്ടറും തമ്മിലുള്ള ശബ്ദരേഖ, സുരാജും വിഐപി ശരത്തും തമ്മിലുള്ള സംഭാഷണം എന്നിവയായിരുന്നു അന്വേഷണ സംഘത്തിന് തിരിച്ചറിയേണ്ടിയിരുന്നത്. സംഭാഷണങ്ങളുടെ പശ്ചാത്തലത്തെ കുറിച്ചും മഞ്ജുവിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ പ്രധാന സാക്ഷികളിലൊരാളാണ്. മഞ്ജുവിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം ആദ്യമായി സ്ഥിരീകരിക്കുന്നത്. 2017 ല്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഭവത്തിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞതും മഞ്ജുവായിരുന്നു.

അതേസമയം കേസില്‍ കാവ്യയാണ് പ്രധാന കണ്ണിയെന്ന് സുരാജ് പറയുന്ന ശബ്ദരേഖയും ദിലീപ് പ്രോസിക്യൂഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന സൂചന നല്‍കുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in