ചരിത്രത്തില്‍ ആദ്യം; 75ാം സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി സി.പി.എം

ചരിത്രത്തില്‍ ആദ്യം; 75ാം സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി സി.പി.എം

തിരുവനന്തപുരം: 75ാമത് സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തി സി.പി.ഐ.എം. സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തിയത്.

തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി നേതാക്കളായ പി.കെ. ശ്രീമതി, എം. വിജയകുമാര്‍, എം.സി. ജോസഫൈന്‍, എന്നിവരും എകെജി സെന്ററിലെ പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിച്ചു.

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പതാക ഉയര്‍ത്തി. എല്ലാ ജില്ലകളിലും ദേശീയ പതാക ഉയര്‍ത്തി.

സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യ ദിനാഘോഷവും സ്വാതന്ത്ര്യ ദിനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായുള്ള സംഭാവന വളരെ വലുതാണെന്നായിരുന്നു ഇതേക്കുറിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളെക്കുറിച്ച് സി.പി.ഐ.എമ്മിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ആഗസ്ത് 15ന് രാത്രി 7 മണിക്ക് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള നടത്തുന്ന പ്രഭാഷണവുമുണ്ട്.

എന്നാല്‍ സി.പി.ഐ.എമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തവരാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പോകുന്നതെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

Related Stories

No stories found.
logo
The Cue
www.thecue.in