വിനു വി ജോണിന്റെ ചര്‍ച്ച ബഹിഷ്‌കരിക്കും, ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കില്ല; സി.പി.എം തീരുമാനം

വിനു വി ജോണിന്റെ ചര്‍ച്ച ബഹിഷ്‌കരിക്കും, ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കില്ല; സി.പി.എം തീരുമാനം

രാജ്യസഭാ അംഗവും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം എം.പിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ നയിക്കുന്ന ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി.പി.എം തീരുമാനം. ഏഷ്യാനെറ്റ് ചാനല്‍ ബഹിഷ്‌കരിക്കില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചാനല്‍ ബഹിഷ്‌കരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യുണിയനുകള്‍ ഇന്ന് ഏഷ്യാനെറ്റ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

എളമരം കരീമിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും വിനു.വി.ജോണിനെതിരെ നടപടിയെടുക്കാന്‍ ഏഷ്യനെറ്റ് ന്യൂസ് മാനേജ്മെന്റ് തയ്യാറാവണമെന്നും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എളമരം കരീമിനെ അക്രമിച്ച് സമൂഹത്തില്‍ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സി.പി.എമ്മിനെ തെറിവിളിച്ച് തനിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച് മാര്‍ക്കറ്റ് ചെയ്യാനാണ് വിനു.വി.ജോണ്‍ ശ്രമിക്കുന്നത്. ഇതിലൂടെ മാധ്യമവിപണിയില്‍ റേറ്റിംഗ് കൂട്ടുകയെന്ന സങ്കുചിതമായ അജണ്ടയാണ് പിന്നിലുള്ളതെന്നും സുനില്‍ കുമാര്‍ ആരോപിച്ചിരുന്നു.

ചാനല്‍ ചര്‍ച്ചയില്‍ വിനു.വി.ജോണ്‍ പറഞ്ഞത്

എളമരം കരീം പോകുന്ന വണ്ടിയൊന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് അതിലുള്ള ആളുകളെ, എളമരം കരീം കുടുംബസമേതമാണെങ്കില്‍ അവരെയൊക്കെയൊന്ന് ഇറക്കി വിടണമായിരുന്നു. എളമരം കരീം പോയൊരു വണ്ടിയുടെ കാറ്റഴിച്ച് വിടണമായിരുന്നു. എളമരം കരീമിനെ യാസറിനെ പോലെ മുഖത്തടിച്ച് മൂക്കില്‍ നിന്നും ചോര വരുത്തണമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in