
ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി.പി.രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 452 വോട്ടുകൾക്കാണ് ജയം. പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ രാധാകൃഷ്ണന് ലഭിച്ചു. തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷനും മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ഗവർണറുമായിരുന്ന സി.പി.രാധാകൃഷ്ണൻ ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് ഉപരാഷ്ട്രപതിയായത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയായിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി. റിട്ടേണിംഗ് ഓഫീസറായ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി.മോഡിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടിംഗ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. 6 മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു.
ആരാണ് സി.പി.രാധാകൃഷ്ണൻ
ആർഎസ്എസ് പശ്ചാത്തലമുള്ള ബിജെപി പ്രവർത്തകനും പാർലമെന്റ് അംഗവും ഗവർണറുമായിരുന്നു തമിഴ്‌നാട് സ്വദേശിയായ ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണൻ എന്ന സി.പി.രാധാകൃഷ്ണൻ. ബിജെപി രൂപീകരണത്തിന് മുൻപ് ഭാരതീയ ജനസംഘത്തിന്റെ തമിഴ്‌നാട് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. 1998ലും 1999ലും കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒന്നര വർഷത്തോളം ഝാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ച ശേഷം 2024 ജൂലൈ 31ന് മുംബൈ ഗവർണറായി നിയമിതനായി. അവിടെ നിന്നാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി എൻഡിഎ നിർദേശിച്ചത്. ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയെത്തുടർന്നാണ് വീണ്ടും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ധൻകർ രാജിവെച്ചത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് പ്രതിപക്ഷം ഇപ്പോഴും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഇങ്ങനെ
788 പാർലമെന്റ് അംഗങ്ങൾ അടങ്ങിയ ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 543 ലോക്‌സഭാ അംഗങ്ങളും 245 രാജ്യസഭാ അംഗങ്ങളും രാജ്യസഭയിലെ 12 നോമിനേറ്റഡ് അംഗങ്ങളും വോട്ട് ചെയ്യാൻ അർഹരാണ്. ആറ് രാജ്യസഭാ സീറ്റുകളും ഒരു ലോക്‌സഭാ സീറ്റും ഒഴിഞ്ഞു കിടക്കുന്നതിനാൽ 781 പേരാണ് നിലവിലെ ഇല്ക്ടറൽ കോളേജിലുള്ളത്. വിജയിക്കണമെങ്കിൽ 391 വോട്ടുകൾ ലഭിക്കണം. ഇരു സഭകളിലുമായി 425 എംപിമാരുള്ള എൻഡിഎക്ക് അതുകൊണ്ടു തന്നെ വിജയം സുനിശ്ചിതമായിരുന്നു. പ്രതിപക്ഷത്തിന് 324 അംഗങ്ങളാണ് ഉള്ളത്. തെരഞ്ഞെടുപ്പിൽ നിന്ന് ബിജെഡിയും ബിആർഎസും ശിരോമണി അകാലിദളും രണ്ട് സ്വതന്ത്ര അംഗങ്ങളും വിട്ടുനിന്നതിനാൽ 13 വോട്ടുകൾ എൻഡിഎക്ക് നഷ്ടമായിട്ടുണ്ട്. മുൻകാലങ്ങളിൽ രാജ്യസഭയിൽ എൻഡിഎക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുള്ള കെസിആറിന്റെ ബിആർഎസിന്റെ ഏഴ് അംഗങ്ങളും നവീൻ പട്‌നായിക്കിന്റെ ബിജെഡിയിൽ നിന്നുള്ള മൂന്ന് അംഗങ്ങളും ശിരോമണി അകാലിദളിന്റെ ഏക അംഗവും ഒരു സ്വതന്ത്രനുമാണ് വിട്ടുനിന്നത്.