സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കൊവിഡ്, കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നു, അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കൊവിഡ്, കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നു, അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 5797 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

ലക്ഷണമുള്ളവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്നാണ് കേന്ദ്രം നല്‍കുന്ന നിര്‍ദേശം. അത് നടപ്പാക്കുന്ന നടപടികള്‍ സ്വീകരിച്ചുവരുന്നു. പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മെഡിസിനുകള്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴി നല്‍കുന്നുണ്ട്. പ്രായമായവര്‍ അതിന് വേണ്ടി ആരോഗ്യകേന്ദ്രങ്ങളിലേക്ക് വരേണ്ടതില്ല. അത് വീടുകളിലെത്തിച്ച് നല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കേസുകള്‍ കൂടുതല്‍. ആരോഗ്യപ്രവര്‍ത്തകരിലും കേസുകള്‍ വര്‍ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രോട്ടോകോള്‍ എല്ലായിടത്തും പാലിക്കണം. സ്‌കൂളുകളില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. പൊതുയോഗങ്ങള്‍ ഒഴിവാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മീറ്റിങ്ങില്‍ തീരുമാനമായിട്ടുണ്ട്.

ഇതുവരെ ഒമിക്രോണ്‍ മൂലമുള്ള ക്ലസ്റ്ററുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഡെല്‍റ്റയും ഒമിക്രോണും പടരുന്നുണ്ട്. ഒമിക്രോണിന് ഡെല്‍റ്റയെക്കാളും അതിവേഗ വ്യാപനശേഷിയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം.

കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 100 ശതമാനം വര്‍ധനവാണ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്. ജില്ലകളില്‍ സിഎഫ്എല്‍ടിസി സി.എല്‍.ടി.സി തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in