'മിണ്ടാനും എഴുതാനും പാടില്ലാത്ത രാജ്യത്ത് കോടതി അവസാനത്തെ അഭയമാകുന്നു'; മെഹ്ബൂബ മുഫ്തി ചീഫ് ജസ്റ്റിസിന് കത്തെഴുതി

'മിണ്ടാനും എഴുതാനും പാടില്ലാത്ത രാജ്യത്ത് കോടതി അവസാനത്തെ അഭയമാകുന്നു';
മെഹ്ബൂബ മുഫ്തി ചീഫ് ജസ്റ്റിസിന് കത്തെഴുതി

കാശ്മീരിലെ പിഡിപി അധ്യക്ഷ മഹ്ബൂബ മുഫ്തി ജമ്മുകാശ്മീരിലെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിന് കത്ത് നല്‍കി. പ്രദേശത്തെ ജനങ്ങള്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 'ഏതൊരു പരിഷ്‌കൃത സമൂഹത്തിലും സത്യം ഉയര്‍ത്തിപ്പിടിക്കുക എന്നത് ഒരു മാനദണ്ഡമാണ്. എന്നാല്‍ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഏറ്റവും വലിയ അപകടമായി മാറിയിരിക്കുന്നു. യുഎപിഎ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍ നിസ്സാരമായി നിഷ്‌കരുണം അടിച്ചേല്‍പിക്കുന്നു.' കത്തില്‍ മെഹ്ബൂബ പറയുന്നു. കത്തിന്റെ പകര്‍പ്പ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'സിപ്പറും സ്ട്രോയും പോലുള്ള നിസാര ആവശ്യങ്ങള്‍ക്കായി യാചിച്ച് സ്റ്റാന്‍ സ്വാമിയെപ്പോലുള്ള ഒരു മുതിര്‍ന്ന പൗരന്‍ തടവുകാരനായി മരിക്കുന്നു. ഈ രാജ്യത്തെ അവസ്ഥ ഇതൊക്കെയാണെങ്കിലും അശുഭാപ്തിവിശ്വാസത്തിലും നിരാശയിലും തളര്‍ന്നുപോകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' - മെഹ്ബൂബ മുഫ്തി കുറിച്ചു.

ഇഡി, എന്‍ഐഎ അല്ലെങ്കില്‍ സിബിഐ എന്നിങ്ങനെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും രാഷ്ട്രീയ നേതാക്കളെയും യുവാക്കളെയും വേട്ടയാടാന്‍ ഉപയോഗിക്കുന്നു. നമ്മുടെ നൂറുകണക്കിന് ചെറുപ്പക്കാര്‍ വിചാരണ തടവുകാരായി ജമ്മുകാശ്മീരിന് പുറത്തുള്ള ജയിലുകളില്‍ കഴിയുകയാണ്. നിയമസഹായം ലഭിക്കാന്‍ പര്യാപ്തമല്ലാത്ത ദരിദ്ര കുടുംബങ്ങളില്‍ പെട്ടവരായതിനാല്‍ അവരുടെ അവസ്ഥ കൂടുതല്‍ വഷളാകുന്നു. അത്തരം സാഹചര്യങ്ങളില്‍ ഈ സര്‍ക്കാരിന് എടുക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞതും മാനുഷികവുമായ തീരുമാനം അവരെ ജമ്മുകാശ്മീരിലേക്ക് മാറ്റുക എന്നതാണെന്നും മെഹ്ബൂബ എഴുതുന്നു.

കത്തിന്റെ പൂര്‍ണ രൂപം വായിക്കാം:

രാജ്യത്ത്, പ്രത്യേകിച്ച് ജമ്മുകാശ്മീരില്‍ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ആഴമായ ഉത്കണ്ഠയും ആശങ്കയും പ്രകടിപ്പിച്ചാണ് ഞാന്‍ നിങ്ങള്‍ക്ക് ഇതെഴുതുന്നത്. ജനാധിപത്യത്തില്‍ സാധാരണ കേസുകളില്‍ ജാമ്യം നല്‍കാന്‍ ലോവര്‍ ജുഡീഷ്യറിക്ക് കഴിയാത്തതിനെക്കുറിച്ചുള്ള നിങ്ങളുടെ സമീപകാല നിരീക്ഷണങ്ങള്‍ പത്രങ്ങളില്‍ വന്ന ഒരു കോളം വാര്‍ത്തയായി മാറുന്നതിന് പകരം ഒരു നിര്‍ദ്ദേശമായി സ്വീകരിക്കേണ്ടതായിരുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതും മൗലികാവകാശങ്ങള്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉറപ്പുനല്‍കേണ്ടതുണ്ട്.

ദൗര്‍ഭാഗ്യവശാല്‍ ഗവണ്‍മെന്റിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന ആളുകള്‍ക്ക് മാത്രം നല്‍കുന്ന ആഡംബരങ്ങളായി ഇപ്പോള്‍ ഈ അടിസ്ഥാന അവകാശങ്ങള്‍ മാറിയിരിക്കുന്നു. വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും ആശയങ്ങളെ ഇല്ലാതാക്കുകയും ഒരു മത രാഷ്ട്രത്തിന്റെ അടിത്തറ പാകുകയും ചെയ്യുന്ന ഭരണകൂടം ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തരംതാഴ്ത്തുന്നു എന്നത് അതിലേറെ ആശങ്കാജനകമാണ്.

'ദേശീയ സുരക്ഷയുടെ പേരില്‍ ജമ്മു കശ്മീരില്‍ ഭരണകൂടം അഴിഞ്ഞാടുകയാണ്. 2019 മുതല്‍, ഇവിടത്തെ ഓരോ താമസക്കാരന്റെയും മൗലികാവകാശങ്ങള്‍ ഏകപക്ഷീയമായി നിര്‍ത്തലാക്കി. ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്ന സമയത്ത് ജമ്മുകാശ്മീരിന് വാഗ്ദാനം നല്‍കിയിരുന്ന ഭരണഘടനാപരമായ ഉറപ്പുകള്‍ ഒരു സുപ്രഭാതത്തില്‍ ഭരണഘടനാവിരുദ്ധമാകുകയും റദ്ദാക്കപ്പെടുകയും ചെയ്തു. ഏതൊരു പരിഷ്‌കൃത സമൂഹത്തിലും സത്യം ഉയര്‍ത്തിപ്പിടിക്കുക എന്നത് ഒരു മാനദണ്ഡമാണ്. എന്നാല്‍ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഏറ്റവും വലിയ അപകടമായി മാറിയിരിക്കുന്നു. യുഎപിഎ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങള്‍ നിസ്സാരമായി നിഷ്‌കരുണം അടിച്ചേല്‍പിക്കുന്നു. ഇഡി, എന്‍ഐഎ അല്ലെങ്കില്‍ സിബിഐ എന്നിങ്ങനെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും രാഷ്ട്രീയ നേതാക്കളെയും യുവാക്കളെയും വേട്ടയാടാന്‍ ഉപയോഗിക്കുന്നു.

നമ്മുടെ നൂറുകണക്കിന് ചെറുപ്പക്കാര്‍ വിചാരണ തടവുകാരായി ജമ്മുകാശ്മീരിന് പുറത്തുള്ള ജയിലുകളില്‍ കഴിയുകയാണ്. നിയമസഹായം ലഭിക്കാന്‍ പര്യാപ്തമല്ലാത്ത ദരിദ്ര കുടുംബങ്ങളില്‍ പെട്ടവരായതിനാല്‍ അവരുടെ അവസ്ഥ കൂടുതല്‍ വഷളാകുന്നു. അത്തരം സാഹചര്യങ്ങളില്‍ ഈ സര്‍ക്കാരിന് എടുക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞതും മാനുഷികവുമായ തീരുമാനം അവരെ ജമ്മുകാശ്മീരിലേക്ക് മാറ്റുക എന്നതാണ്.

വിശ്വാസത്തകര്‍ച്ചയും അന്യവല്‍ക്കരണവും വര്‍ധിച്ചുവന്ന 2019 മുതലാണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നത്. പാസ്പോര്‍ട്ടുകള്‍ മൗലികാവകാശമാണെന്ന് പറയുകയും എന്നാല്‍ അന്യായമായി പിടിച്ചെടുക്കുകയും ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുന്നു. പുലിറ്റ്സര്‍ അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വിദേശത്തേക്ക് പറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ഫഹദ് ഷാ, സജാദ് ഗുല്‍ എന്നിവരെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒരു വര്‍ഷത്തിലേറെയായി യുഎപിഎ, പിഎസ്എ എന്നിവ പ്രകാരം ജയിലില്‍ കിടക്കുകയാണ്. ഈ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ഏക പ്രതീക്ഷ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ്. എന്നിരുന്നാലും, ജുഡീഷ്യറിയിലെ ഞങ്ങളുടെ അനുഭവം അത്ര ആത്മവിശ്വാസം നല്‍കുന്നില്ലെന്ന് പറയുന്നതില്‍ എനിക്ക് സങ്കടമുണ്ട്.

സ്റ്റാന്‍ സ്വാമി, സുധാ ഭര്‍വാജ്, സിദ്ദിഖ് കപ്പന്‍, ഉമര്‍ ഖാലിദ് തുടങ്ങി എണ്ണമറ്റ ആളുകളുടെ സമീപകാല ഉദാഹരണങ്ങള്‍ പരിശോധിച്ചാലും ജാമ്യം ഒരു കിട്ടാക്കനിയാണ്. 2019-ല്‍ പിഎസ്എ പ്രകാരം എന്നെ ഏകപക്ഷീയമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുമ്പോള്‍ എന്നെ മോചിപ്പിക്കാന്‍ എന്റെ മകള്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് കേസില്‍ ഒരു ഉത്തരവിടാന്‍ സുപ്രീം കോടതിക്ക് ഒരു വര്‍ഷത്തിലേറെ സമയമെടുത്തു. എന്റെ പ്രായമായ അമ്മയുടെ പാസ്പോര്‍ട്ട് ഗവണ്‍മെന്റ് അന്യായമായി തടഞ്ഞുവച്ചിരിക്കുന്നതാണ് മറ്റൊന്ന്. ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ട് രണ്ട് വര്‍ഷത്തിലേറെയായി. ഇവിടെയും, ഒരു തീരുമാനവും കാണാതെ കേസ് നിരന്തരം മാറ്റിവെക്കപ്പെടുന്നു.

ഇത് കൂടാതെ എന്റെ മകള്‍ ഇല്‍തിജയുടെയും എന്റെയും പാസ്പോര്‍ട്ടുകള്‍ വ്യക്തമായ കാരണമൊന്നും കൂടാതെ തടഞ്ഞുവച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും എംപിയും എന്ന നിലയിലുള്ള എന്റെ മൗലികാവകാശങ്ങള്‍ വളരെ എളുപ്പത്തില്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയുമെങ്കില്‍ സാധാരണക്കാരുടെ ദുരവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞനും രണ്ട് തവണ മുഖ്യമന്ത്രിയുമായ ഒരാളുടെ ഭാര്യയാണ് എന്റെ അമ്മ. അവരുടെ പാസ്പോര്‍ട്ടും അജ്ഞാതമായ കാരണത്താല്‍ നിരസിക്കപ്പെട്ടു.

ഇത്തരം ഏകപക്ഷീയമായ അടിച്ചമര്‍ത്തലിന്റെ ദുരിതം പേറുന്ന സാധാരണ പൗരന്മാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരുടേയും എണ്ണമറ്റ ഉദാഹരണങ്ങള്‍ വേറേയുമുണ്ട്. സിപ്പറും സ്‌ട്രോയും പോലുള്ള നിസാര ആവശ്യങ്ങള്‍ക്കായി യാചിച്ച് സ്റ്റാന്‍ സ്വാമിയെപ്പോലുള്ള ഒരു മുതിര്‍ന്ന പൗരന്‍ തടവുകാരനായി മരിക്കുന്നു. ഈ രാജ്യത്തെ അവസ്ഥ ഇതൊക്കെയാണെങ്കിലും അശുഭാപ്തിവിശ്വാസത്തിലും നിരാശയിലും തളര്‍ന്നുപോകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ കോടതികളില്‍ എനിക്ക് ഏറ്റവും വലിയ ബഹുമാനവും അചഞ്ചലമായ വിശ്വാസവുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ജുഡീഷ്യറി മാത്രമായി തീര്‍ന്നിരിക്കുന്നു ഇപ്പോഴെന്റെ അഭയകേന്ദ്രം. അങ്ങ് ഇടപെടുമെന്നും അതിലൂടെ നീതി നടപ്പിലാക്കപ്പെടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഇവിടുത്തെ ജനങ്ങള്‍ അത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ഇന്ത്യയില്‍ ചേരാന്‍ അവരുടെ പൂര്‍വികരെ പ്രചോദിപ്പിച്ച അന്തസ്സും മനുഷ്യാവകാശങ്ങളും ഭരണഘടനാപരമായ ഉറപ്പുകളും അവര്‍ക്ക് തിരികെ ലഭിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in