‘നാഗ്പൂരില്‍ നിന്നാണ് നാടിനെ ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ തിരുത്തണം’ ; തടങ്കലിലാക്കാന്‍ അനുവദിക്കില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്
ആര്‍എസ്എസിന്റ നാഗ്പൂര്‍ കേന്ദ്രത്തില്‍ നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ തിരുത്തണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഈ രാജ്യം നമ്മുടേതാണ്. ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞവരാണ് നമ്മുടെ പൗരത്വം ചോദിക്കുന്നത്. നിയമം പിന്‍വലിച്ച് മോദിയും അമിത് ഷായും മാപ്പു പറയുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയുടെ സിറ്റിസണ്‍സ് മാര്‍ച്ചിന് സമാപനം കുറിച്ച് രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വനിയമം പിന്‍വലിക്കുക, പൗരത്വ രജിസ്റ്റര്‍ ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സിറ്റിസണ്‍സ് മാര്‍ച്ച്. പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ ഒരു പൗരനെ പോലും തടങ്കല്‍ പാളയത്തിലിടാന്‍ അനുവദിക്കില്ല. പൗരത്വ നിയമത്തിനെതിരായ സമരം ഭരണഘടനാ സംരക്ഷണത്തിനുള്ളതാണ്. പ്രക്ഷോഭം ഭരണഘടനയെ സംരക്ഷിക്കുകയും സംഘപരിവാറിനെ തളര്‍ത്തുകയും ചെയ്യുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

