കോടിക്കണക്കിന് സ്വത്തില്‍ ഒരു സെന്റ് പോലും തന്നില്ല, അവസാനകാലം ഗണേഷും ബിന്ദുവും വീതിച്ചെടുത്തുവെന്ന് ഉഷ മോഹന്‍ദാസ്

Controversy over Balakrishna Pillai's will
Controversy over Balakrishna Pillai's will

കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി മൂത്ത സഹോദരി വീണ്ടും. അച്ഛന്റെ കോടിക്കണക്കിന് സ്വത്തില്‍ ഒരു സെന്റ് പോലും തനിക്ക് തന്നില്ലെന്നും അവസാനകാലത്ത് ഒപ്പം നിന്ന് ഗണേഷും ഇളയസഹോദരി ബിന്ദുവും സ്വത്ത് വീതിച്ചെടുത്തുവെന്നും ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ മൂത്തമകള്‍ ഉഷ മോഹന്‍ദാസ്.

ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്ര വിവാദത്തെ തുടര്‍ന്നാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യ ഊഴത്തില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമായത്. ഏഷ്യാനെറ്റ് ന്യൂസിലാണ് ഉഷയുടെ പ്രതികരണം.

ഉഷ മോഹന്‍ദാസ് പറയുന്നു

ഇതൊരു കുടുംബവിഷയമാണ്, കുടുംബത്തില്‍ തന്നെ തീരുമെങ്കില്‍ തീരട്ടെ എന്ന് കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നത്. അച്ഛന്‍ മരിച്ച് പതിനാറ് ദിവസം കഴിഞ്ഞിട്ട് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകുന്നത് മോശമാണ്. അച്ഛന്റെ വില്‍പ്പത്രത്തിന് സാക്ഷി നിന്ന പ്രഭാകരന്‍ എന്നയാളാണ് ഇതില്‍ പ്രധാനമായും കളിച്ചത്. അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രത്തിന്റെ അടഞ്ഞ വില്ലായി കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അത് അദ്ദേഹം എടുപ്പിച്ചു. ഗണേഷ് അത് ബലമായി കാന്‍സല്‍ ചെയ്യിക്കുകയായിരുന്നു. പിന്നീട് അച്ഛന്‍ പുതിയൊരു വില്‍പ്പത്രം തയ്യാറാക്കി. ഞാന്‍ വിശ്വസിക്കുന്നത് പുതിയ വില്‍പ്പത്രം ഇളയ സഹോദരിയും ബിന്ദുവും കൂടി തയ്യാറാക്കിയതെന്നാണ്. മൂന്ന് മക്കളുള്ള അച്ഛന്‍ മൂത്തയാളെ മാറ്റിനിര്‍ത്തി രണ്ട് പേര്‍ക്ക് മാത്രമായി നല്‍കുമെന്ന് ആരും വിശ്വസിക്കില്ല.

ഗണേഷിന്റെ ശിങ്കിടിയാണ് ഇപ്പോള്‍ ഈ പുറത്തുവന്നിരിക്കുന്ന സാക്ഷി. അച്ഛന്റെ വിശ്വസ്ഥനാണെങ്കില്‍ വില്‍പ്പത്രം പുറത്തുവിടില്ലല്ലോ. ഒരിക്കലും ആര്‍.ബാലകൃഷ്ണപ്പിള്ളയെ പോലെ ഒരു അച്ഛന്‍ ഇങ്ങനെ രണ്ട് മക്കള്‍ക്ക് മാത്രമായി സ്വത്തുക്കള്‍ കൊടുക്കില്ലല്ലോ.അച്ഛന്റെ സ്വത്തില്‍ അഞ്ച് സെന്റ് പോലും എനിക്ക് ബാക്കി വച്ചിട്ടില്ല. ഭൂരിഭാഗം സ്വത്ത് ഗണേഷിനും ബാക്കി സഹോദരിക്കുമാണ് വീതിച്ചിരിക്കുന്നത്.

3 മക്കള്‍ക്കും 2 ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്ത് വീതിച്ചു നല്‍കിയാണു വില്‍പത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് ബാലകൃഷ്ണ പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രം തയ്യാറാക്കിയതെന്നും പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വില്‍പത്രം തയാറാക്കിയതിനു സാക്ഷ്യം വഹിച്ച കേരള കോണ്‍ഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരന്‍ നായര്‍ പറഞ്ഞു. വില്‍പ്പത്രത്തിലെ സാക്ഷി കൂടിയാണ് പ്രഭാകരന്‍ നായര്‍.

എംസി റോഡില്‍ ആയൂരിനു സമീപം 15 ഏക്കര്‍ റബര്‍ത്തോട്ടം മൂത്തമകള്‍ ഉഷ മോഹന്‍ദാസിന് അവകാശപ്പെട്ടതാണെന്നാണ് വില്‍പത്രത്തില്‍ പറയുന്നത്. ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ലാറ്റും ഗണേഷ് കുമാറിനാണ്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേഷാണു സ്‌കൂള്‍ മാനേജരെന്നും വില്‍പത്രത്തില്‍ പരാമര്‍ശിക്കുന്നു . വാളകം ബിഎഡ് സെന്റര്‍, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാര്‍ട്ടി ഓഫിസുകള്‍ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാര്‍ട്ടി ചെയര്‍മാനാണു ട്രസ്റ്റിന്റെയും ചെയര്‍മാന്‍.

ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രി പിണറായി വിജയന് പുറമേ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗണേഷ് കുമാറിനെതിരെ സാമ്പത്തികത്തട്ടിപ്പുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സഹോദരി ഉയര്‍ത്തിയെന്നാണ് സൂചന. ബാലകൃഷ്ണ പിള്ള തയ്യാറാക്കിയ വില്‍പത്രത്തില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്നും അതില്‍ ഗണേഷ് കുമാറിന് പങ്കുള്ളതായി സംശയിക്കുന്നതായാണ് ഉഷ പിണറായിയെ അറിയിച്ചത്. വില്‍പത്രവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉഷ തെളിവും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസത്തെ എല്‍.ഡി.എഫ് യോഗത്തില്‍ ആദ്യത്തെ ടേമില്‍ മന്ത്രിയാക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യത്തെ ടേം ആന്റണി രാജുവിനും രണ്ടാമത്തെ ടേം കെ.ബി ഗണേഷ്‌കുമാറിനും പങ്കിടാമെന്നായിരുന്നു കോടിയേരി പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in