എ.വി ഗോപിനാഥിനെ തിരിച്ചെത്തിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി, അര്‍ഹിച്ച സ്ഥാനം നല്‍കാമെന്ന് മുരളീധരന്‍

എ.വി ഗോപിനാഥിനെ തിരിച്ചെത്തിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി, അര്‍ഹിച്ച സ്ഥാനം നല്‍കാമെന്ന് മുരളീധരന്‍

ഡി.സി.സി അധ്യക്ഷപട്ടിക പുറത്ത് വന്നതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പാര്‍ട്ടി വിട്ട എ.വി ഗോപിനാഥിനെ തിരിച്ചുവിളിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ അര്‍ഹിച്ച സ്ഥാനം നല്‍കുമെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു.

എ.വി. ഗോപിനാഥിന്റെ രാജി അടഞ്ഞ അധ്യായമല്ലെന്നും തിരിച്ച് വരാമെന്നുമാണ് കെ. മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള ഗോപിനാഥിന്റെ പ്രസ്താവന ഖേദകരമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എ.വി ഗോപിനാഥിനെ തിരിച്ചുകൊണ്ടു വരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അനുമതി നല്‍കി. എ.വി ഗോപിനാഥുമായി ചര്‍ച്ചയാകാമെന്ന് ഹൈക്കമാന്‍ഡ് കേരള നേതൃത്വത്തെ അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം പരസ്യപ്രസ്താവനകള്‍ ഇറക്കുന്നവരെ ഭാരവാഹികളാക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് കേരളത്തിന് നല്‍കിയ നിര്‍ദേശം. തിങ്കളാഴ്ചയാണ് എ.വി ഗോപിനാഥ് രാജി പ്രഖ്യാപിച്ചത്. അതേസമയം മറ്റു കക്ഷികളുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് പറഞ്ഞ ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

അനില്‍ അക്കരയ്ക്ക് മറുപടി നല്‍കവെയായിരുന്നു പിണറായിയുടെ ചെരുപ്പു നക്കേണ്ടി വന്നാല്‍ നക്കുമെന്നും അത് അഭിമാനമാണെന്നും ഗോപിനാഥ് പറഞ്ഞത്. ഗോപിനാഥിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം തന്നെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു.

കെ.സി വേണുഗോപാലിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച പി.എസ് പ്രശാന്തിനെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഡി.സി.സി അധ്യക്ഷ പട്ടികയ്ക്കതിരെ വിമര്‍ശനം ഉന്നയിച്ചതിന് സസ്‌പെന്‍ഡ് ചെയ്ത കെ.പി അനില്‍കുമാറിനും കെ. ശിവദാസന്‍ നായര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്. മതിയായ കാരണങ്ങളുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം രേഖാമൂലം അറയിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in